Saturday, February 27, 2010

വിപ്ളവം: ഒരോര്‍മ്മക്കുറിപ്പ്‌

മാര്‍ക്കോപോളോവിനേയും
ഹ്യുയാങ്ങ്‌ സാങ്ങിനേയുംപോലെ
വലിയൊരു ലോകസഞ്ചാരിയായിരുന്നു.

റഷ്യയില്‍ നിന്ന് ചൈനയിലേക്കും
ബൊളീവിയ വഴി ക്യൂബയിലേക്കും
തിരിച്ച്‌ ക്രെംലിനിലേക്കും
കിഴക്കന്‍ യൂറോപ്പിലാകെയും
തിരക്കുപിടിച്ച പലമാതിരി യാത്രകള്‍.

ഒടുവില്‍
ഇന്ത്യയിലേക്കുള്ള യാത്രയ്ക്കായി
ലെനിന്‍ ഗ്രാഡില്‍ നിന്ന്
മോസ്ക്കോയിലേക്ക്‌
ചോളവയലുകള്‍ക്കിടയിലൂടെ
തീവണ്ടിയില്‍ സഞ്ചരിക്കുമ്പോള്‍
ദാരുണമാം വിധം
പോക്കറ്റടിക്കപ്പെട്ടു.

ഐഡന്റിറ്റി കാര്‍ഡ്‌
വിസ
പാസ്പോര്‍ട്ട്‌
ഫ്ളൈറ്റ്‌ ടിക്കറ്റ്‌
യാത്രച്ചെലവിനുള്ള കാശ്‌
എല്ലാം നഷ്ടപ്പെട്ടു

കള്ളവണ്ടി കയറിയെന്ന് പറഞ്ഞ്‌
മോസ്കോയിലെ പൊലീസുകാര്‍
പഴയ സൈബീരിയയിലേക്ക്‌
നാടുകടത്തി

(സമര്‍പ്പണം:
എല്ലാലോകസഞ്ചാരികള്‍ക്കും)

4 comments:

  1. ലോകയാത്രക്കിടക്ക് നാടുകടത്തപ്പെടുകയും,അകാലചരമമടയുകയും ചെയ്ത വിപ്ലവത്തിന്റെ ചുവന്ന ഓര്‍മ്മകള്‍ക്കു മുന്നില്‍ ആദരാഞ്ജലികള്‍ !!!

    ReplyDelete
  2. ചോരയാണൊക്കെ & ഇംഗ്ലീഷ് പൂച്ച എന്നിവ കൂടുതല്‍ ഇഷ്ടമായി.
    ആശംസകള്‍

    ReplyDelete
  3. അമേരിക്കയില്‍ വെച്ച് പോക്കറ്റടിക്കപ്പെട്ട (സാമ്രാജ്യത്ത ഗൂഢാലോചന തന്നെ ..സംശയമില്ല)ഒരു കപ്പല്‍ സഞ്ചാരിയുടെ വക വിപ്ലവാഭിവാദനങ്ങള്‍..പിന്നെ ചിത്രകാരാ..സൈബീരിയയിലെ സ്ലഡ്ജുവണ്ടികളില്‍ ഇപ്പോഴും മഞ്ഞില്‍ തെന്നിനടക്കുന്നുണ്ട് വിപ്ലവം..

    ReplyDelete
  4. റഷ്യന്‍ പോലീസ് നാടുകടത്തിയ വിപ്ളവം. നല്ല കവിത, വിപ്ളവ ചരിത്രം ഏകദേശം മുഴുവനും ഉണ്ട്.

    ReplyDelete