Thursday, February 11, 2010

ഇംഗ്ളീഷ്‌ പൂച്ച

മക്കളെല്ലാം
ഇംഗ്ളീഷ്‌ മീഡിയം സ്കൂളിലാണ്‌
പഠിക്കുന്നത്‌
പണ്ടേ
എനിക്കിഷ്ടമല്ല
ആത്മാഭിമാനമില്ലാത്ത
ഈ പുരാതന ലിപികളെ;
ഉരുണ്ടുരുണ്ട മാറിടമുള്ള
മാറുമറയ്ക്കാത്ത മലയാള ലിപികളെ


അങ്ങനെയിരിക്കെ
ഒരു വൈകുന്നേരപ്പാതയിലൂടെ
എന്റെ മൂത്തമകനോടൊപ്പമാണ്‌
ഇംഗ്ളീഷ്‌ പൂച്ച
വീട്ടിനകത്തേക്ക്‌ കയറിവന്നത്‌;
സോഫമേല്‍ കാലിന്‍മേല്‍ കാലേറ്റി
രാജ്യം തിരിച്ചു കിട്ടിയ
അഹങ്കാരിയായ
രാജാവിനെപ്പോലെ
അവന്‍
എന്റെ ചാരുകസാരയിലേക്ക്‌
പഴഞ്ചനെന്നൊരു
പച്ചപ്പുളിച്ചിരിയോടെ
നോക്കിയിരുന്നത്‌.

ആദ്യമാദ്യം
അവന്റെ മുന്നില്‍
വീട്ടിലെ നാട്ടുവാക്കുകള്‍
എലികളെപ്പോലെ
പേടിച്ചു വിറച്ചു നിന്നു.
പിന്നെപ്പിന്നെ
അവ പുറത്തു വരാതെ
മാളത്തിനുള്ളിലേക്കുള്ളിലേക്ക്‌
ഉള്‍വലിഞ്ഞു...

അടുത്ത ദിവസം
വേലക്കാരി വന്നു നോക്കുമ്പോള്‍
വറുത്തു വെച്ച ചില വാക്കുകളെ
ആരോ കട്ടു തിന്നിരിക്കുന്നു!

പിന്നെപ്പിന്നെ
ദിവസവും
വേവിച്ചു വെച്ചവ ...
ഉപ്പിലിട്ടവ...
മസാല പുരട്ടി വെച്ചവ...
അരിഞ്ഞരിഞ്ഞ്‌ ഉണക്കാന്‍ വെച്ചവ...
പലതരത്തില്‍ നുറുക്കിയിട്ടവ...
വാക്കുകളൊന്നൊന്നായി
അങ്ങനെ
അപ്രത്യക്ഷമായിക്കൊണ്ടിരുന്നു.

എന്റെ വയസ്സായ അമ്മ
പൂച്ചയെ പ്രാകുന്നുണ്ടായിരുന്നു
'നോക്കൂ മോനേ
ഒരൊറ്റ വാക്കും
അടച്ചോ തുറന്നോ വെയ്ക്കാനാവുന്നില്ല
ഉറിയിലിരുന്ന
പപ്പടം പോലെ
പൊള്ളിച്ചൊരു വാക്കിനെ
ഉറിയോടൊപ്പം മുറിച്ചോണ്ടു പോയിരിക്കുന്നു
വെറ്റില ചവയ്ക്കാന്‍
ഇടിച്ചു വെച്ച ഒരു വാക്കിനെ
മുറ്റത്ത്‌ തൂവിയിട്ടിരിക്കുന്നു.'

പക്ഷേ
പൂച്ച ഒരു കള്ളനാണെന്ന്
എനിക്ക്‌ തോന്നിയതേയില്ല


പിന്നീടാണ്‌ കണ്ടത്‌
മൂന്നു നാലു ജന്‍മം മുഴുവന്‍
സ്വന്തമായുള്ള കിടപ്പറയെന്ന് മുദ്ര വെച്ച്‌
ഭാര്യയുടെ മടിയില്‍
അവന്‍
വിനോദ സഞ്ചാരിയുടെ മയക്കം പൂണ്ട്‌
കിടക്കുന്നത്‌

കണ്‍കോണിലുറക്കത്തില്‍
പരമ പുച്ഛത്തിന്റെ വാലാട്ടി
അവന്‍ കൂനിച്ചുയര്‍ന്ന് നോക്കിയപ്പോള്‍
എന്റെ രോമ കൂപങ്ങളെല്ലാം വിയര്‍ത്ത്‌
രോമങ്ങളെല്ലാം പിളര്‍ന്നു

എനിക്ക്‌ ഭയമാണിപ്പോള്‍
മകളുടെ മുറിയിലേക്ക്‌ കണ്ണുനട്ടിരിക്കുന്ന
ഈ ഇംഗ്ളീഷുപൂച്ചയെ

9 comments:

  1. അനിലേ,

    പൂച്ച കണ്ണടച്ചേ പാല്‍ കുടിക്കൂ..
    സൂക്ഷിച്ചോ

    ReplyDelete
  2. നന്നായിട്ടുണ്ട്. ആശംസകള്‍

    ReplyDelete
  3. Excellent..........!!!

    ReplyDelete
  4. മാഷേ..
    ഈ പൂച്ച ഭയങ്കരനാണ്!

    കവിത വളരെ ഇഷ്ടപ്പെട്ടു.

    ReplyDelete
  5. നന്നായിട്ടുണ്ട്. ആശംസകള്‍

    ReplyDelete
  6. വളരെ നല്ല കവിത, നല്ല ആശയം, ഭാവന......കൊള്ളാം....മ്യാവൂ.....

    ReplyDelete