Monday, October 22, 2012

ചില നേരങ്ങളിൽ ആദമിന്റെ സംഭ്രമങ്ങൾ

ചില നേരങ്ങളിൽ
ഹവ്വ
ശലഭമാണ്
ചിലപ്പോൾ
ഭാവിയെപറ്റി ചിലയ്ക്കുന്നഗൗളിയും
മുഖം വിർപ്പിച്ചു കണ്ണുരുട്ടുന്ന
ദുശ്ശകുനം പോലൊരു മൂങ്ങയും

ശരിക്കും
അവളാരെന്നറിയുവാൻ
പ്രാചീനയവനകഥകളിലെ
നാവിക വേഷമണിഞ്ഞ്
അനേക സഞ്ചാരങ്ങൾ
നടത്തിയിട്ടുണ്ട്
ജിജ്ഞാസുവായ ആദം...

ചിതലുകളെപ്പോലെ
അവൾക്കു വേണ്ടി
കാലവുമായി
ചില ഭയങ്കര യുദ്ധങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടയാൾ
എപ്പോഴും തോൽക്കാറുള്ള കഥകളിലെ
കുറുക്കനെപ്പോലെ
ചില ചൂതാട്ടങ്ങളിൽ പങ്കെടുത്ത്
ദേശം തന്നെ പണയപ്പെടുത്തിയിട്ടുമുണ്ട്.
ഫ്രോയ്ഡ്, ലക്കാൻ, ഡെസ്മണ്ട് മോറിസ്,
മാസ്റ്റേഴ്സ് ആൻഡ് ജോൺസൻ
ഓഷോ
ജ്ഞാനപ്പഴം , സർപ്പലതകൾ
മുതലായ
ഭയാനക ദ്വീപുകളിൽ അലഞ്ഞുതിരിഞ്ഞിട്ടുണ്ട്

സ്വന്തം ഭൂഖണ്ഡത്തിലേക്കു മടങ്ങാനുള്ള
കപ്പൽ കാണാതെ
ഭീകരമായ തീരങ്ങളിൽ
തനിച്ചു നിന്നിട്ടുണ്ട്

ഏറ്റവും ഗാഢമതിഗൂഢം
ഒരു മൊണാലിസാ സ്മിതമല്ലാതെ
അവൾ അവളെപറ്റി
ഒന്നും പറഞ്ഞിട്ടില്ലിതേ വരെ.
ഒരു  ചിരിയുടെ ഇരുണ്ട ഗുഹയിൽ
ലിപികളില്ലാത്ത ഭാഷയിൽ
അവൾ
എപ്പോഴുമവൾക്കു തന്നെ
അഭയം കൊടുത്തിരുന്നു
രഹസ്യപ്പോലീസുകാരോ ചാരനോ
പോലുമറിയാതെ

ആദമിനി ഇവിടെ നിൽക്കൂ
ഈ പൂമുഖത്ത്.
ഞാനാരാണെന്ന്
ഞാനൊന്നന്വേഷിച്ചു വരട്ടെയെന്ന്
വിളക്കണച്ചു.
വാതിൽ വലിയ ശബ്ദത്തോടെ വലിച്ചടച്ച്തെരുവിലേക്കിറങ്ങിപ്പോയി.


തെരുവ് അവളെ
അമൂർത്തതയിലേക്ക് മാറ്റിയെഴുതുന്ന നവീന ചിത്രകല
അയാളും കാണുന്നുണ്ടായിരുന്നു
പലതരം ജ്യാമിതീയരൂപങ്ങളിലേക്ക്,
ചായക്കൂട്ടുകളിലേയ്ക്ക്
അയാൾക്കപരിചിതമായ
ദ്രവ്യരൂപങ്ങളിലേക്ക്
മ്യൂസിക് നോട്ടുകളിലേക്ക്
ലിഫ്റ്റിൽ വെച്ച് തീവണ്ടിയിൽ വെച്ച് നഗരത്തിരക്കിൽ വെച്ച്
പാരീസിലേക്കും ബാങ്കോക്കിലേക്കുമുള്ള
ജെറ്റിൽ വെച്ച്,
വന്യമായ ഗന്ധങ്ങൾ മിശ്രണം ചെയ്ത മാതിരി
ഉടലുവിട്ടുടലു മാറുന്നത്.

ഹവ്വ ഇപ്പോൾ
ആരുടെയോ കണ്ണിൽ തറച്ച
സൂചി പോലൊരു നഗരത്തിലാണ്

പൂർവരൂപങ്ങളിലേക്ക്
ഇനിയൊരിക്കലും മടങ്ങിവരില്ലെന്ന്
ധൃതിയിൽ ആകാശത്ത് എഴുതിക്കാണിച്ച് മറയുന്ന
നീല വിസ്മയം

സ്ഥലകാലങ്ങളുടെ
കുറ്റിയിൽ നിന്ന്
സ്വതന്ത്രമായ ആദ്യത്തെ മദോന്മത്ത പ്രപഞ്ചം

ആദം
നിൽക്കയാണിപ്പൊഴും
ഭ്രമണനേർവഴി വിട്ട സംഭ്രമം  വിയർത്ത് 
ദൈവത്തിന്റെ
കുഞ്ഞുകാലടികളുള്ള ഒരു സ്വപ്നത്തിൽ നിന്നു തുടങ്ങിയ

തന്റെ യാത്രകളെത്തന്നെയും മറന്ന്
ഏദനിൽ നിന്നുള്ള വാർത്തകളൊന്നുമറിയാതെ
ഏകാകിയായി...

14 comments:

 1. ഹവ്വ ഗൂഡ മന്ദസ്മിതത്തിനപ്പുറം അന്തമില്ലാത്ത ഒരു കടലാഴമാണ് അവളിലേക്ക്‌ ഊളിയിടുന്നതു ആത്മഹത്യാപരവും

  നന്നായി എഴുതി
  ആശംസകള്‍

  ReplyDelete
 2. സ്ഥലകാലങ്ങളുടെ കുറ്റിയില്‍ നിന്ന് സ്വതന്ത്രമായി
  അഭൌമമായ ഏതോ ലോകത്ത് ... അതല്ലേ യഥാര്‍ത്ഥ സ്വാതന്ത്ര്യം
  കവിത ഇഷ്ടമായി!

  ReplyDelete
  Replies
  1. സ്വന്തം അച്ചുതണ്ടിൽ നിന്നൂരിത്തെറിക്കാൻ ഏതു ഭൂമിയും ഒരിക്കലെങ്കിലും മോഹിക്കാതിരിക്കില്ല ഹബീബ
   :-)
   വായനയ്ക്കു നന്ദി!

   Delete
 3. ഹവ്വയെ ആര്‍ അറിയാന്‍ പോകുന്നു?

  ReplyDelete
 4. അടിമകളുടെ മനസിലിരിപ്പെന്താണെന്ന് ഉടമകൾക്ക് ഒരിക്കലും മനസിലാവില്ല...
  എന്നാൽ മറിച്ചാവുമ്പോൾ കാര്യങ്ങൾ വളരെ സ്പഷ്ടമാണ് താനും... യജമാനൻ തന്നെ എന്തു ചെയ്യുമെന്നറിയാത്ത അടിമ ലോകത്തിൽ ഉണ്ടാവാനിടയില്ല...

  :-)

  ReplyDelete
 5. എപ്പോഴും തോൽക്കാറുള്ള കഥകളിലെ കുറുക്കനെപ്പോലെ
  ചില ചൂതാട്ടങ്ങളിൽ പങ്കെടുത്ത്
  ദേശം തന്നെ പണയപ്പെടുത്തിയിട്ടുമുണ്ട്...................

  ഏറെ ഇഷ്ടമായി.....

  ReplyDelete
 6. വളരെ മനോഹരം ..... നല്ല എഴുത്ത്

  ReplyDelete
 7. ചില നേരങ്ങളിൽ
  ഹവ്വ
  ശലഭമാണ്
  ചിലപ്പോൾ
  ഭാവിയെപറ്റി ചിലയ്ക്കുന്നഗൗളിയും
  മുഖം വിർപ്പിച്ചു കണ്ണുരുട്ടുന്ന
  ദുശ്ശകുനം പോലൊരു മൂങ്ങയും

  മാഷെ നല്ല നിരീക്ഷണങ്ങള്‍.:-)

  ReplyDelete
 8. ഇവളാരെന്നറിയാന്‍ ഞാനും നടത്തിയിട്ടുണ്ട് മാഷേ ചിലയാത്രകള്‍ ..

  ചക്രവര്‍ത്തിയായും ,ചാരനും ജാരനുമായും ഞാനും കെട്ടി ചില വേഷങ്ങള്‍ ..

  ഒടുക്കമവളാപതിവു മോണാലിസച്ചിരിയിലെന്‍റെ അന്വേഷണങ്ങളെയവസാനിപ്പിക്കയാണ് പതിവ് ...

  മാഷിതിനോരറ്റം കണ്ട് പെരുവഴിയിലായെന്നറിഞ്ഞു സന്തോഷപെടുന്നു ..

  കവിത നന്നായി

  ReplyDelete