Thursday, September 15, 2011

ഹിംസഗീതം

കണ്ടു കണ്ട്
മടുത്തപ്പോൾ,
നാട്യശാസ്ത്ര വിധിപ്രകാരം
ഒരാളെ
എങ്ങനെയാണ്
കാവ്യാത്മകമായി
കൊല്ലാൻ കഴിയുകയെന്നതായി
എന്റെ ചിന്ത:

ചില കവികൾ
പുണ്ണുപുഴുക്കളുള്ള വാക്കുകളാൽ
തെരുവു വേശ്യാലയങ്ങളിൽ
ദമിതവികാരങ്ങളെ ഹിംസിക്കുന്ന പോലെ
മ്ലേച്ഛമായിട്ടാവരുത്

ചിത്രരേഖകൾക്കുള്ളിൽ
ജലച്ചായം കൊണ്ട്
നിറം കൊടുക്കുമ്പോൾ
ശ്രദ്ധയെ ജലത്തിൽ മുക്കി മുക്കി
ശ്വാസം മുട്ടിയ്ക്കുന്ന മാതിരിയുമാവരുത്

നമ്മുടെ കാലത്ത്
ഒട്ടുമൊഴിവാക്കാനാവാത്ത
ഒരാഢംബരമാകയാൽ
കൊലപാതകങ്ങളെല്ലാം
കുറേക്കൂടി കാവ്യാത്മകമാകേണ്ടതുണ്ട്

കൂടുതൽ നടനചാരുതയോടെ വേണം
കൈകാലുകൾ
വെട്ടിമുറിക്കുവാൻ,
കൊലവിളിയ്ക്ക് ഇത്തിരി കൂടിയാവാം ട്ടോ
വള്ളുവനാടൻ സ്വരശുദ്ധി.

ആഞ്ഞു വെട്ടുമ്പോൾ
ഒരു റാപ്പ് മ്യൂസിക്ക് ആൽബത്തിലേതുപോലെ
വിചിത്രസുന്ദരമായി
അവിചാരതകളിലേയ്ക്ക്
അറ്റുവീണ് ത്രസിക്കണം
കൈ, കാൽ , ഉടൽ ഒക്കെ വെവ്വേറെ

കൂട്ടം ചേർന്നുള്ള
കൊലപാതകമാകുമ്പോൾ
ഒരു വൃന്ദവാദ്യം, ഓർക്കസ്ടേഷൻ, തായമ്പക
ഒക്കെ പരീക്ഷിക്കാവുന്നതേയുള്ളു

വയറും തുടയും കീറിയാണ്
തീർക്കുന്നതെങ്കിൽ
പച്ച വേഷത്തിനു മീതെ
രക്തത്തിന്റെ ഒരു പൂങ്കുല വിടർത്തിക്കെട്ടണം
കഥകളിയിലെ ഭീമനായങ്ങനെ വാഴണം
നൂറു പേരെക്കൊന്നവൻ

സെയിൽസ് എക്സിക്യുട്ടീവിനെപ്പോലെ
മുറ്റത്തു വന്നു നിന്ന്
ഇരകൾക്കു മരണത്തെ വാചാലമായി
പരിചയപ്പെടുത്തിക്കൊടുക്കണം
ഓരോ കൊലയാളിയും,
ഓരോരുത്തർക്കും തോന്നണം
അവനവന്റെ ആർഭാടം നിറഞ്ഞ
മരണങ്ങൾ
നല്ല വിലകൊടുത്തു
വാങ്ങേണ്ടവ തന്നെയാണെന്ന്

നമ്മുടെ കാലത്ത്
പ്രേക്ഷകർക്കുള്ള
വലിയൊരാഢംബരമാകയാൽ
കൊലപാതകങ്ങളെല്ലാം
കുറേക്കൂടി കാവ്യാത്മകമാകണം
നാടൻ പാട്ടുപോലെ ലളിതവും
ഭക്തിഗാനം പോലെ
സുഗന്ധപൂരിതവും

(ബൂലോക കവിത -
അരാജ്യകകവിതകളിൽ പ്രസിദ്ധീകരിച്ചത്)

4 comments:

  1. ആദ്യായിട്ടാ ഇവിടെ ..ഇഷ്ടപ്പെട്ടു ..ആശംസകള്‍

    ReplyDelete
  2. ഓരോരുത്തർക്കും തോന്നണം
    അവനവന്റെ ആർഭാടം നിറഞ്ഞ
    മരണങ്ങൾ
    നല്ല വിലകൊടുത്തു
    വാങ്ങേണ്ടവ തന്നെയാണെന്ന്

    ഹൌ!

    ReplyDelete
  3. കൊലപാതകം എന്ന സർഗ്ഗവ്യാപാരത്തെ ഇതിലും കലാത്മകമായി ചിത്രീകരിക്കാനാവില്ലെന്നു തോന്നുന്നു.

    ReplyDelete
  4. ആർഭാടം നിറഞ്ഞ
    മരണങ്ങൾ
    നല്ല വിലകൊടുത്തു
    വാങ്ങേണ്ടവ തന്നെയാണ് !

    ReplyDelete