Sunday, September 5, 2010

ചരിത്രബോധം

ഒരു യുദ്ധത്തിനും
സാക്ഷിയായിട്ടില്ല.
ഒരു സൈനികൻ പോലും
വെടിയേറ്റു മരിക്കുന്നത് കണ്ടിട്ടില്ല.
ബോംബ് പൊട്ടുന്നതിന്റെ
ഭീകരശബ്ദവും കേട്ടിട്ടില്ല.
ഒരു വെടിയുണ്ടയേയും
വഴിതെറ്റിപ്പോലും
അഭിമുഖീകരിച്ചിട്ടില്ല.

എന്നിട്ടും
യുദ്ധമെന്നു കേൾക്കുമ്പോൾ
അരയാൽച്ചെടിയായി
പേടിച്ചു വിറയ്ക്കും ഞാൻ.

തീരെ കോൺസെൻട്രേഷനില്ലാത്ത
മണ്ടന്മാരേയും തെമ്മാടികളേയും
അകത്തിട്ടടച്ച
കോൺസെൻട്രേഷൻ ക്യാമ്പിന്റെ
വാതിലിനു മുൻപിൽ
ചൂരൽവടിയുമായി
ദമോദരൻ മാഷിന്റെ രൂപത്തിൽ
ഹിറ്റ്ലർ പ്രത്യക്ഷപ്പെടും

രണ്ടാം ലോകമഹായുദ്ധത്തിന്റെ
പ്രത്യക്ഷകാരണങ്ങളും
പരോക്ഷകാരണങ്ങളും
എന്തെല്ലാമെന്ന്
ശ്വാസം മുട്ടിക്കുന്ന വിഷവാതകം
മുറിയിലേയ്ക്ക് തുറന്നുവിടും.

ഉത്തരമില്ല
ആർക്കും ഉത്തരമില്ല

കരയ്ക്ക് പിടിച്ചിട്ട
മീനുകളെപ്പോലെ
ശ്വാസംകിട്ടാതെ പിടയും
മണ്ടന്മാർ.

മീൻ കുട്ടയുടേയോ
വിയർപ്പിന്റെയോ
വർക്ക്ഷോപ്പിലെ ഗ്രീസിന്റെയോ
മണമുള്ള
ജൂതന്മാരും ക്രിസ്ത്യാനികളും
കമ്യൂണിസ്റ്റുകളും
അവിടെ അടിയും വെടിയുമേറ്റ്
പിടഞ്ഞുവീഴും

പക്ഷേ
ഒരാളും മരിച്ചതായി അറിവില്ല.

എന്നിട്ടും
യുദ്ധമെന്നു കേൾക്കുമ്പോൾ
ഒരരയാൽച്ചെടിയായി
പേടിച്ചു വിറയ്ക്കും ഞാൻ

ഇനിയുമൊരു യുദ്ധമുണ്ടാകരുതേയെന്ന്
മനമുരുകിപ്രാർത്ഥിയ്ക്കും
ഞങ്ങൾ X-E ലെ മണ്ടന്മാർ

മൂന്നാമതൊരു
ലോകമഹായുദ്ധമുണ്ടായാലും
ഞങ്ങൾക്കൊരു പ്രശ്നവുമില്ലെന്ന്
നല്ല കൂളായിരിക്കും
തൊട്ടപ്പുറത്തെ ഡിവിഷനിലെ
ബുദ്ധിമാന്മാർ

15 comments:

 1. വിദ്യാർത്ഥിയായിരിക്കുമ്പോൾ പേടി സ്വപ്നമായിരുന്ന ചിലതുണ്ട്. മണ്ടനെന്ന വിളിപ്പേരായിരുന്നു ഒന്ന്. മറ്റൊന്ന് മണ്ടന്മാരുടെ പ്രത്യേക ഡിവിഷനിലായിരുന്നു ഞങ്ങളെ അടച്ചിട്ടിരുന്നത് എന്നതാണ്‌. അവിടെ മീൻ വിറ്റും പണിയ്ക്കുപോയും മറ്റും ജീവിച്ചിരുന്ന പാവം കുട്ടികളോടൊപ്പമായിരുന്നു ഞങ്ങൾ മണ്ടന്മാരും തെമ്മാടികളും എല്ലാം പഠിച്ചിരുന്നത്. പേടി സ്വപ്നത്തിലെ ചില ഇനങ്ങളായിരുന്നു ഗണിതവും ഹിന്ദിയും ഇംഗ്ലീഷും വൃത്താലങ്കാരങ്ങളും ചരിത്രത്തിലെ ഉപന്യാസങ്ങളുമെല്ലാം. എന്നാലും ആ കാലം പകർന്നുതന്ന ചരിത്രബോധത്തിനു പകരം വെയ്ക്കാൻ മറ്റൊന്നിനും ഇതുവരെ കഴിഞ്ഞിട്ടില്ല എന്ന യാഥാർത്ഥ്യം പിന്നെയും അവശേഷിക്കുന്നു.

  ReplyDelete
 2. നന്നായി മാഷേ,യുദ്ധം താങ്കൾ മാത്രമല്ല മലയാളികളാരും കണ്ടിട്ടില്ല, അതല്ലേ ദൈവത്തിനു നിരക്കാത്തത് ചെയ്യാൻ നമുക്ക് വിഷമമില്ലാത്തത്. കവിത നന്നായി, മണ്ടൻ ക്ലാസുകൾ ഉണ്ടാക്കുന്ന ചില അപകടങ്ങൾ! തീരെ കോൺസെൻട്രേഷനില്ലാത്ത
  മണ്ടന്മാരേയും തെമ്മാടികളേയും
  അകത്തിട്ടടച്ച
  കോൺസെൻട്രേഷൻ ക്യാമ്പിന്റെ
  വാതിലിനു മുൻപിൽ
  ചൂരൽവടിയുമായി
  ദമോദരൻ മാഷിന്റെ രൂപത്തിൽ
  ഹിറ്റ്ലർ പ്രത്യക്ഷപ്പെടും -നന്നായി ഈ വരികൾ! ഈ അക്ബറും ന്യൂട്ട്നുമൊന്നും ജനിച്ചില്ലായിരുന്നെങ്കിൽ മനുഷ്യൻ സ്വൈര്യ്മുണ്ടായിരുന്നെന്ന് ഞാനും കരുതിയിരുന്നു.

  ReplyDelete
 3. രണ്ടു ക്ലാസ്സ് മുറികളിലൂടെ
  രണ്ടാം ലോകമഹായുദ്ധത്തിന്റെ
  ചരിത്രത്തില്‍ നിന്നും
  ഇപ്പോഴത്തെ യുദ്ധസമാന അവസ്ഥയെ
  കവിത കാണിച്ചു തരുന്നു;
  രണ്ടു തരം മരണങ്ങളും.
  നന്നായിട്ടുണ്ട്.

  ReplyDelete
 4. എല്‍ ഡി ക്ലാര്‍ക്കിന്റെ പരീക്ഷാ പേപ്പറില്‍ ജാലിയന്‍ വാലാബാഗ് എന്തിനാണെന്ന് പലതവണ ഓര്‍ത്തിട്ടുണ്ട്. കെ എസ് ആര്‍ ടി സി കണ്ടക്ടര്‍ക്ക് ഹീമോഗ്ലോബിനെ യാത്രക്കാരനായി കിട്ടാനും വഴിയില്ലല്ലോ! സംഗതിയൊക്കെ ഒരു തലതിരിഞ്ഞ ഏര്‍പ്പാടാണല്ലേ മാഷേ?

  ReplyDelete
 5. എന്തും പഠിച്ചുപോകുന്ന പഠനകാലം... പിന്നെ കുറെ മണ്ടന്മാര്‍ ഉള്ളതുകൊണ്ടാണു ഈ മനുഷ്യകുലം ഇപ്പോഴും നിലനില്‍ക്കുന്നത്.

  ReplyDelete
 6. ബുദ്ധിമാന്മാരുടെ ഡിവിഷനിലും ചരിത്ര പഠനം മുറക്കു നടന്നിരുന്നു.
  നുണകള്‍ കെട്ടിച്ചമച്ച് യുദ്ധങ്ങള്‍ എങനെ ആവിഷ്കരിക്കാമെന്നും ലാഭമുണ്ടാക്കാമെന്നും
  മണ്ടന്മാരെ അനുസരണയുള്ള മാടുകളെ പോലെ എങ്ങനെ കോണ്‍സെന്റ്രേഷന്‍ ക്യാമ്പുകളിലേയ്ക്കാനയിക്കാമെന്നും....ഒരു പക്ഷെ, ചരിത്ര പഠനം ഏറ്റവും ഉപകാരപ്പെടുന്നത്
  അത് വളച്ചൊടിക്കുന്നവര്‍ക്കാവും........

  ReplyDelete
 7. ഉത്തരമില്ല
  ആർക്കും ഉത്തരമില്ല

  കരയ്ക്ക് പിടിച്ചിട്ട
  മീനുകളെപ്പോലെ
  ശ്വാസംകിട്ടാതെ പിടയും
  മണ്ടന്മാർ.

  ReplyDelete
 8. എനിക്കിഷ്ടം ചരിത്രവും മലയാളവുമായിരുന്നു.നല്ല രസമുള്ള കവിത.സ്കൂള്‍ ക്ലാസ്സുകള്‍ ഓര്‍ത്തുപോയി :)

  ReplyDelete
 9. "അരയാൽച്ചെടിയായി"
  ഇങ്ങനെ വേണമായിരുന്നോ ?
  അരയാലുലയുമ്പോൽ
  എന്നാക്കാമായിരുന്നു എന്നൊരു തോന്നൽ.
  പിന്നെ യുദ്ധം കണ്ടിട്ടില്ലേ ?
  ഇപ്പോ നാലുപുറവും നടക്കുന്നതിനെ ഒന്ന് കണ്ടു നോക്കൂ. യുദ്ധത്തിലും വലുതല്ലേ.
  യുദ്ധമാവുമ്പോൾ കരാറുകൾ പ്രകാരം അവസാനിക്കും.
  ഇവിടെ ഒരിക്കലുമവസാനിക്കാത്ത യുദ്ധങ്ങൾ മാത്രം.

  ReplyDelete
 10. school life orthu poyi...pinne orikkalum orkkatha varshangalum theeyathiyum...charithramakukayanu athokke ippol...

  ReplyDelete
 11. ഇപ്പോഴും X-E -ല്‍ തന്നെ ആണോ മാഷേ.. മണ്ടന്മാരെ പഠിപ്പിക്കല്‍.. ?

  ReplyDelete
 12. ഒരു കവിത വായിച്ചു മനസിലാക്കിയ സുഖം :) പ്രത്യക്ഷ കാരണങ്ങളും പരോക്ഷ കാരണങ്ങളും ഗൃഹാതുരത്വം ഉള്ള രണ്ടു വാക്കുകള്‍ തന്നെ...:)

  ReplyDelete
 13. കരയ്ക്ക് പിടിച്ചിട്ട
  മീനുകളെപ്പോലെ
  ശ്വാസംകിട്ടാതെ പിടയും

  ReplyDelete
 14. ഇതു പഠിച്ച് ഞാൻ ഈ സർക്കാർ സ്ഥാപനത്തിൽ പ്യൂൺ ആയി ഇതേ പാഠം പഠിച്ച അവൾ
  ഇന്ന് അടുക്കളയിൽ പുകയൂതുന്നു. എന്തിനെന്നറിയാതെ ഞങ്ങടെ മകനും
  ഇത് കാണാതുരുവിടുന്നു......
  "തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കി
  തുർക്കികൾ കോൺസ്റ്റാന്റിനോപ്പിൾ പിടിച്ചടക്കി.."

  -----------കുരീപ്പുഴ (വരികൾ ക്രുത്യമാകനമെന്നില്ല.ഓർമ്മയിൽനിന്ന് എഴുതിയതാണ്)

  ReplyDelete