Saturday, September 18, 2010

ഒരു ഭയകവിത

നാല്പതുകടന്നാൽ
കണ്ണാടിയിൽ നോക്കാൻ
ഭയമാണ്‌.

ഋതുക്കൾ
വെൺ ചായം കൊണ്ടെഴുതിത്തുടങ്ങും
ശിരസിൽ
പുരാതനലിപികളിൽ
ഒരു ഭയ കവിത.

ആരോ
നെറ്റിയിൽ വരച്ചിടും
അഞ്ചുവരകൾ കൊണ്ടൊരു
തടവറ .

കണ്ണാടിയിലിരുന്ന്
ഇരപിടിക്കുന്ന വേട്ടക്കാരനപ്പോൾ
ഒരസ്ത്രം തൊടുക്കും;
ഹൃദയത്തിനുള്ളിൽ
ഒരു മുയൽ
മുറിവേറ്റ് പിടയും.

ആധിപൂണ്ട മനസ്സ്
കണ്ണാടിക്കണ്ണുകൾക്ക് നേരെ
കൈപ്പടങ്ങൾ ഉയർത്തിപ്പിടിച്ച്
അരുതരുതേയെന്ന്
തേങ്ങും.

രക്തം
എല്ലാ പരിധികളും ലംഘിച്ച്
തിളനിലയിലേയ്ക്ക് വെന്തുയരും.

തൊണ്ടയിൽ മുഴയായോ
നെഞ്ചിൽ വേദനയായോ
മൂത്രനാളത്തിൽ കടച്ചിലായോ
വേഷം കെട്ടിവരുന്ന അസ്വസ്ഥതകളാൽ
പ്രേതബാധിതമായിത്തീരും
വിചാരങ്ങളുടെ
കൊട്ടാരക്കെട്ടുകൾ.

ഉൽക്കണ്ഠകളുടെ
ഒരു വിക്ഷുബ്ധസമുദ്രം
ഉള്ളിലെ ഭൂപടങ്ങളുടെ അതിരുകൾ കവിഞ്ഞ്
പുറത്തേയ്ക്കൊഴുകിപ്പരക്കും.

സ്വപ്നങ്ങൾക്കെല്ലാം
ഒരേസമയംതന്നെ
ഭ്രാന്ത് പിടിയ്ക്കും.

ഒരപ്രതീക്ഷിത സ്ഫോടനത്തിൽ
ചിതറിത്തെറിയ്ക്കും
വിശ്വാസങ്ങളുടെ
ഏഴുനിലമാളികകൾ

ഉള്ളിന്റെയുള്ളിലെ
കൊടുങ്കാട്ടിൽ നിന്ന്
അപ്പോളിറങ്ങിവരും
സിംഹാസനത്തിലേയ്ക്ക് കണ്ണയച്ച്
മുൻപ് കണ്ടിട്ടേയില്ലാത്ത
ഒരു കുറുക്കൻ-
ദിക്കറിയാതെ കരഞ്ഞുഴറുന്ന
കാമത്തിന്റെ കഴുത-
മയക്ക് വെടിയേറ്റ്,
മദപ്പാട് മാഞ്ഞ്,
ക്ഷീണരൂപിയായി,
സമാധാനത്തിന്റെ പ്രാവിനെത്തിടമ്പേറ്റിയൊരു
കൊമ്പനാന.

അപ്പോഴും ഉള്ളിലിഴയും
മടിയോ വിരസതയോ ഇല്ലാതെ
എങ്ങെങ്ങുമെത്താത്ത
വഴുവഴുപ്പാർന്ന
ആർത്തികളുടെ ഒരൊച്ച്.

നാല്പതുകഴിഞ്ഞാൽ
കണ്ണാടി നോക്കാൻ ഭയമാണ്‌,
വിഹ്വലമാകും
പ്രാണഞരമ്പുകളപ്പോൾ.

ശിരസിൽ തെളിയും
പുരാതന വെൺ ലിപികളിൽ
കറുത്ത കിരീടവും
ദംഷ്ട്രകളുമണിഞ്ഞ്
ഒരു ഭയകവിത.

20 comments:

 1. നാല്പതു കഴിഞ്ഞവരെല്ലാം
  ഇപ്പോൾ ബൊട്ടൊക്സ് ചെയ്ത്
  തലയിൽ ചെമന്ന ചായം
  തേച്ച്, പ്ലാസ്റ്റിക്ക് സർജറി ചെയ്ത്
  സുഖമായി കണ്ണാടി നോക്കി
  ആനന്ദിക്കുമ്പോൾ ഇങ്ങനെയൊരു
  AK 47 കവിത ആശ്ചര്യപ്പെടുത്തുന്നു.
  കാലമെത്രയോ മാറി കവീ...
  നല്ല വരികൾ..
  സമാധാനപാലകരാണിവിടെ
  അസമാധാനത്തിന്റെ നിറങ്ങളൊഴുക്കുന്നത്
  ജനം എന്ന സമൂഹം അതങ്ങനെയങ്ങു സഹിക്കുക
  നല്ല കവിത. ലേശം ഭയവും തോന്നി
  Amruthavahini

  ReplyDelete
 2. അമൃതവാഹിനി പറഞ്ഞതൊക്കെ ശരിതന്നെ. ഈ ചൊമന്ന ചായവും പ്ളാസ്റ്റിക് സർജറിയും ചെയ്യുന്നത് ഒരു തരം ഭയവിമോചനമാണ്‌. അത്രയേയുള്ളു. പ്രഷറിനു മരുന്ന് കഴിക്കുന്നതുപോലെ...മാറാനൊന്നും പോകുന്നില്ല. കൂടുതൽക്കൂടുതൽ അധികാരമോഹിയാവും.അസഹിഷ്ണുവും അഹങ്കാരിയുമാകും. അതേ സമയം ഞാനൊരു പഞ്ചപാവമെന്ന് വിനയവാനാകും.. വിപ്ളവത്തിനുപകരം രോഗശാന്തിശുശ്രൂഷയിൽ തലകുനിച്ച് പങ്കുകൊള്ളും...ഈ വൈരുദ്ധ്യങ്ങളാണ്‌ നാല്പതുകളിലെ സ്വത്വം(ചുരുങ്ങിയപക്ഷം എന്റേതെങ്കിലും).വായനയ്ക്കും അഭിപ്രായത്തിനും നന്ദി!

  ReplyDelete
 3. നാല്‍പ്പതു കഴിഞ്ഞാല്‍ കാലത്തിനു വേഗത കൂടുന്നതുപോലെ, അതുമല്ല അടയാളങ്ങള്‍ പതിപ്പിക്കാതെ പോകാനും മടി, എന്നിട്ടും അത്രയൊന്നും ഭയക്കുന്നില്ല മനസ്സ് എന്നൊരു തിരിച്ചറിവ്.
  നല്ല കവിത.

  ReplyDelete
 4. പണ്ട് ഞാന്‍ വാര്‍ധക്യത്തിന്റെ ലക്ഷ്മണരേഖ മുപ്പതിലായിരുന്നു വരഞ്ഞിരുന്നത്. ഇന്നത്‌ തിരുത്തി; നാല്പതിലേക്ക്. ഒരു ദശാബ്ദത്തിനപ്പുറം ഞാനുണ്ടെങ്കില്‍ വീണ്ടും മാറ്റിവരച്ചേക്കും!

  ജീവനുള്ള കവിത.

  ReplyDelete
 5. പേടിക്കണ്ട മാഷേ, അറുപത് കഴിഞ്ഞവരും യുവാക്കളാകുന്ന കാലമാണിന്ന്. പിന്നയല്ലേ നാല്‍പത്.

  ReplyDelete
 6. ഗംഭീരം, പേടിപ്പിച്ചു കളഞ്ഞു എന്റെ മാഷേ!

  ReplyDelete
 7. ഗാത്രത്തില്‍ ഋതു വരയ്ക്കുന്ന
  വെള്ളി/ജര വരകളെ,
  കവിതയില്‍ കാണാം.
  പ്രകൃതി നിയമം.
  നന്മ.

  ReplyDelete
 8. ഒരോ വരിയും ഉദ്യോഗഭരിതമായിരുന്നു. ഒരിടത്തും പാളിപോകാതെ കൈത്തഴക്കവും കരവിരുതും ഒരുപോലെ സമ്മേളിച്ച ഗംഭീര കവിത. പല പദപ്രയോഗങ്ങളും കവിതയുടെ ഉള്‍ക്കരുത്തു കൂട്ടിക്കൊണ്ടേയിരുന്നു.

  ഉൽക്കണ്ഠകളുടെ
  ഒരു വിക്ഷുബ്ധസമുദ്രം
  ഉള്ളിലെ ഭൂപടങ്ങളുടെ അതിരുകൾ കവിഞ്ഞ്
  പുറത്തേയ്ക്കൊഴുകിപ്പരക്കും.....

  ReplyDelete
 9. ‘ലൈഫ് സ്റ്റാർട്ട്സ് അറ്റ് ഫോർട്ടി’ എന്ന സായിപ്പിന്റെ കണ്ടുപിടിത്തം വിശ്വസിച്ച് ധൈര്യമായി ഇങ്ങോട്ടുപോരുക..ഞങ്ങളൊക്കെയുണ്ട് ഇവിടെ കുറച്ചുകാലമായിട്ട് ..

  ReplyDelete
 10. അഭിപ്രായങ്ങൾക്കെല്ലാം നന്ദി! @ നിരഞ്ജൻജി: സായ്പിന്റെ ശീതരാജ്യങ്ങൾക്ക് പറ്റിയസിദ്ധാന്തമാണത്. നമ്മുടെ നാട്ടിൽ വാർദ്ധക്യം ഒരു പാപമാണ്‌. കറുത്ത പെയിന്റടിച്ച് അതോടെ നാം ശരീരത്തെ ഒരു പെട്ടിയിലടയ്ക്കും. പിന്നെ ആ ഒരു ലോകത്ത് വേണ്ടപ്പെട്ട പലരുമുണ്ടെന്നതാണ്‌ ഒരു സമാധാനം. മദ്ധ്യവയസ്സ് ഏതായാലും മനുഷ്യവാസമില്ലാത്ത ഒരു ദ്വീപല്ല.

  ReplyDelete
 11. നാല്‍പ്പത്‌ കഴിഞ്ഞാല്‍ 'കവിത'യെ നോക്കാന്‍ തന്നെ ഭയപ്പെടണം. എന്നാലും ആര്‍ത്തിയുടെ ആ വഴുവഴുപ്പുള്ള ഒച്ച് ഇഴയുന്നിടത്തോളം, നാല്‍പ്പത്തിനും അമ്പതിനുമൊക്കെ ഒരേ മധുരം. ഒരേ നിര്‍ഭയത്വം.

  നല്ലൊരു കവിത തന്നതിന്, അഭിവാദ്യങ്ങളോടെ,

  ReplyDelete
 12. നല്ല കവിത . ഞാനും പേടിച്ചു !

  ReplyDelete
 13. പ്രകൃതി നിയമം... നല്ല കവിത

  ReplyDelete