അസൂയ തോന്നുംവിധം
എത്ര സ്വതന്ത്രമായാണ്
ഈ ജലജീവികൾ
നീന്തുന്നത്,
ചാഞ്ഞും ചെരിഞ്ഞും
മുന്നോട്ട് മിന്നലായും
പിന്നോട്ട്
വെട്ടിത്തിരിയുന്ന കാളക്കുട്ടിയായും
മുകളിലേയ്ക്കൊരു
ജലദേവതയായും
താഴേയ്ക്കൊരു
നീലപ്പൊന്മാനായും.
ജലം
അവയുടെ മീതെ
നിയമങ്ങളുടെ
ഒരു ചിറയും
കെട്ടിവരിയുന്നില്ല
അവ
മത്സ്യച്ചിറകുകളിൽ
ഒരു ഗൃഹപാഠങ്ങളുടേയും
എഴുത്തുപുസ്തകങ്ങൾ
തുറന്നു പിടിച്ചിട്ടില്ല.
ജയിലുകളോ
തടവറകളോ
വാർത്തകളോ
അവയെ ഭയപ്പെടുത്തുന്നില്ല
അണിയണിയായി പോകുമ്പോഴും
മുദ്രാവാക്യമോ
കൊടിയടയാളമോ
ഒരല്പംപോലും ധൃതിയോ
ഉടലിലെങ്ങും
തിരയടിയ്ക്കാറില്ല
നേരം വൈകിയെന്ന്
അലാറങ്ങൾ
ഉറക്കത്തിലേക്ക്
കുരങ്ങിൻ കൂട്ടങ്ങളായി
ചാടിവീഴുന്നില്ല
ഒരു മെഴുകുതിരിയുടേയും
നിലവിളക്കിന്റേയും തിരിനാളം
അവയുടെ പ്രാർത്ഥനകൾ കേട്ട്
ഭാഗ്യനിർഭാഗ്യങ്ങളിലേയ്ക്ക്
ചാഞ്ഞും ചെരിഞ്ഞും
സ്വർണ്ണമത്സ്യങ്ങളായി
നീന്തിയിട്ടില്ല.
എന്റെയീ
കൊടികെട്ടിയ
ചൂണ്ടക്കൊളുത്തും
ഇണയെപ്പോലെ
ആകർഷകമായ ഇരയുമല്ലാതെ
അതിനെ മറ്റൊന്നും തന്നെ
പ്രലോഭിപ്പിക്കുന്നില്ല.
മുയലിനുമീതെ
കടുവയുടെ കൈപ്പത്തിയായി
നീ വീശിയെറിയുന്ന
വലയ്ക്കുള്ളിൽ പെടുമ്പോളല്ലാതെ
അവ ഒരിക്കലും
കാരണമില്ലാതെ
പിടയുന്നുമില്ല.
പാവം മത്സ്യ കന്യകള്‍...
ReplyDeleteവലിയ മത്സ്യത്തിന്റെ വായിലേക്ക് നീന്തിക്കയരിക്കഴിയുമ്പോള്‍ ചെറിയ മത്സ്യം പിടയുകയില്ലേ മാഷേ.. അവസാനത്തെ പിടച്ചില്‍...!!
അതെ.., അവ ഒരിക്കലും
ReplyDeleteകാരണമില്ലാതെ
പിടയുകയില്ല. ഇതേ പോലൊരു കവിത ഇവിടെയുണ്ട്. അവസ്ഥാന്തരം
പ്രകൃതി - ദൈവം!
ReplyDeleteകടല്‍! മത്സ്യങ്ങള്‍!വലകള്‍!
ReplyDeleteഎത്ര കണ്ടാലും വായിച്ചാലും
വീണ്ടും പുതിയ അര്‍ഥങ്ങള്‍
പകരുന്ന കടല്‍ ബന്ധങ്ങള്‍.
അവസാനം വലക്കുള്ളില്‍.
അതുവരെ മാത്രം സ്വാതന്ത്ര്യം.
വളരെ ഇഷ്ടമായി.
അനില്‍ജി, പക്ഷേ ഇന്നവക്ക് ശുദ്ധജലമില്ല. പുഴകളും തോടുകളും കുളങ്ങളും മത്സ്യങ്ങളുടെ ശവ പറമ്പായി.
ReplyDeleteകവിത മനോഹരമായി എന്നതില്‍ തര്‍ക്കമൊന്നും ഇല്ല
ഒഴുക്കിനൊത്ത് ജീവിക്കുന്ന മനുഷ്യരെ സംബന്ധിച്ചും ഇത് ഏറെക്കുറെ ശരിയല്ലേ മാഷേ?
ReplyDeleteഎന്നിട്ടും മനുഷ്യൻ അവന്റെ അസ്വാതന്ത്ര്യത്തെ എന്തിന് അടിച്ചേൾപിക്കാൻ ശ്രമിക്കുന്നു.?
ReplyDeleteഒരു പക്ഷിയായി, മത്സ്യമായി, കുറച്ചുകാലത്തേയ്ക്കെങ്കിലും ഒരു വാൽമാക്രിയെങ്കിലുമ്മായി അവനു ഈ ഭൂമിയിൽ പാർത്തൂടെ.
മാഷ് അവരുടെ സ്വാതന്ത്ര്യത്തെക്കുറിച്ചു ഉപമ നിർമ്മിച്ചപ്പോൾ ജലജീവികൾക്ക് പുറത്തുള്ള മനുഷ്യന്റെ സങ്കല്പമായി കേട്ടോ.
കവിത ഇത്ര വിവരണാത്മകം ആകേണ്ടതില്ല എന്നാണ് എന്റെ തോന്നൽ.
പിന്നെ രാമൊഴീ, ഒഴുക്കിനൊത്ത് നീങ്ങുന്നത് ചത്തമത്സ്യങ്ങളാണെന്ന ആഫ്രിക്കൻ പഴമൊഴി കഴിഞ്ഞ ഭാഷാപോഷിണിയിൽ ബുദ്ധിജീവികളുടെ മൌനത്തെപറ്റിയുള്ള ലേഖനത്തിൽ കെ.എൽ.മോഹനവർമ്മ എഴുതിക്കണ്ടു.
"ജലം
ReplyDeleteഅവയുടെ മീതെ
നിയമങ്ങളുടെ
ഒരു ചിറയും
കെട്ടിവരിയുന്നില്ല
അവ
മത്സ്യച്ചിറകുകളിൽ
ഒരു ഗൃഹപാഠങ്ങളുടേയും
എഴുത്തുപുസ്തകങ്ങൾ
തുറന്നു പിടിച്ചിട്ടില്ല."
നല്ല വരികള്‍
കുറച്ചു കൂടി ഒതുക്കാമായിരുന്നു; ഈ നല്ല വരികള്‍
ReplyDeleteഉള്ളില്‍ സ്വാതന്ത്യത്തിന്റെ ചൂളം കുത്തുമ്പോഴും
വലക്കണ്ണുകളും ചൂണ്ടക്കൊളുത്തും
ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ നെടുകയും
കുറുകയും അതിര്‍ത്തി സൂചിക തീര്‍ക്കുന്നില്ലെ
പലപ്പോഴും
അസൂയ തോന്നും വിധം എത്ര അനായാസമായാണ്ചില കവി(ജീവി)കൾ എഴുതുന്നത്?!
ReplyDeletenice
ReplyDeleteചെറിയ ആ പ്രലോഭനം പോലും മരണത്തിലേക്കുളള വാതിലാണല്ലോ
ReplyDeleteജലം
ReplyDeleteഅവയുടെ മീതെ
നിയമങ്ങളുടെ
ഒരു ചിറയും
കെട്ടിവരിയുന്നില്ല
അവ
മത്സ്യച്ചിറകുകളിൽ
ഒരു ഗൃഹപാഠങ്ങളുടേയും
എഴുത്തുപുസ്തകങ്ങൾ
തുറന്നു പിടിച്ചിട്ടില്ല.
നല്ല വരികള്‍....
ജലം
ReplyDeleteഅവയുടെ മീതെ
നിയമങ്ങളുടെ
ഒരു ചിറയും
കെട്ടിവരിയുന്നില്ല
ഒഴുക്കിനെതിരെ നീന്തുമ്പോള്‍ ജലം നിയമങ്ങള്‍ തീര്‍ക്കുന്നില്ലേ ?