Friday, August 20, 2010

ഇണ- ഒരു പുസ്തകം

ഒറ്റയ്ക്കു പാർക്കുന്ന
ചെറുപ്പക്കാരാ
നല്ല സുഖം തോന്നുന്നുവല്ലേ
ഇങ്ങനെ
കട്ടിലിലോ
ചാരുകസേരയിലോ
ഈസി ചെയറിലോ കിടന്ന്
വായിക്കുമ്പോൾ

ഒരു പക്ഷേ
കിടപ്പുമുറിയിൽ
രാത്രിയെ രമിപ്പിക്കുന്ന
ഒരുറക്കത്തിനു മുൻപുള്ള
പതിവു ശീലമായി
പുസ്തകമെടുത്ത്
പേജുകളിലങ്ങിങ്ങായി
തൊട്ടുതലോടുകയാവണം നീ

ഇണയോ തുണയോ
ഉറക്കമോ
ഇല്ലാതിരുന്ന
ചെറുപ്പരാത്രികളിൽ
എത്രവട്ടമങ്ങനെ
താളുകൾക്കു മേലെ
വിരലോടിച്ച് പോയിട്ടുണ്ട് ഞാനും

അപ്പോഴൊക്കെ
അരണ്ട വെളിച്ചത്തിലും
പങ്കക്കാറ്റിലും
ലജ്ജാഭരിതരായി
തിരിഞ്ഞും മറിഞ്ഞും
കിടക്കുമായിരുന്നു
താളുകൾ,
ഖസാക്കിലെ
മൈമൂനയെ മാതിരിയോ
അന്ത്യപ്രലോഭനത്തിലെ
മറിയത്തെമാതിരിയോ.

വിവാഹിതനാകുന്നതു വരെ
രാത്രിയിൽ
പുസ്തകങ്ങളാണ്
എന്നോടൊപ്പം
നെഞ്ചിൽ തളർന്നു കിടന്ന്
മയങ്ങിയിരുന്നത്

ഇണയും തുണയുമായിക്കഴിഞ്ഞാൽ
തുറന്നുവെച്ച പുസ്തകം
അതുതാനല്ലയോ ഇതെന്ന്
ഒരു രൂപകമായി
സ്വന്തം രൂപം
അഴിച്ചു വെയ്ക്കുകയാണെന്നു
തോന്നും.

വായനയ്ക്കു ശേഷം
പുസ്തകം മടക്കുമ്പോൾ
തുടകൾ ചേർത്തു
വെയ്ക്കുന്നുവെന്നൊരുപമയും
തോന്നാം.

അപ്പോൾ ഇണയുടെ മീതെ
പുതപ്പ്
ഒരു പുറം ചട്ടയായി മാറും.

ഉള്ളിൽ
ഒരു കഥയോ നോവലോ
കവിത തന്നെയോ
ആലസ്യത്തോടെ
ഉറക്കം പിടിച്ചിട്ടുണ്ടായിരിക്കും

9 comments:

  1. വളരെ സൂക്ഷ്മമായ നിരീക്ഷണങ്ങള്‍ കാണാം എല്ലാ കവിതകളിലും..
    'ഇണയോ തുണയോ
    ഉറക്കമോ
    ഇല്ലാതിരുന്ന
    ചെറുപ്പരാത്രികളിൽ
    എത്രവട്ടമങ്ങനെ
    താളുകൾക്കു മേലെ
    വിരലോടിച്ച് പോയിട്ടുണ്ട് ഞാനും..'
    സത്യം

    ReplyDelete
  2. !! വായനയ്ക്കു ശേഷം
    പുസ്തകം മടക്കുമ്പോൾ !

    ReplyDelete
  3. നല്ലൊരു സുഖമുണ്ടീ കവിത, നാട്യങ്ങളില്ലാതെ അവിവാഹിതന്റെ വായനാബാന്ധവം മനോഹരമായി പങ്ക് വെക്കുന്നു!

    ReplyDelete
  4. ഒഴുക്കുള്ള വരികള്‍ ....എന്നാലും അടിത്തട്ട് കാണാം

    ReplyDelete
  5. പുസ്തകം മടക്കുമ്പോൾ .....


    നന്നായി

    ReplyDelete
  6. രസകരമായ നിരീക്ഷണം...! എഴുത്തും വായനയും ഇടയ്ക്കൊന്നുറങ്ങുമെങ്കിലും ഉണരാതിരിക്കാനാവില്ലല്ലോ...ഉണരും..തീർച്ച.

    ReplyDelete
  7. കവിതയുടെ പേര് കേട്ടപ്പോള്‍ ഞാന്‍ തെറ്റിദ്ധരിച്ചു പോയി.. എന്റെയൊരു കാര്യമേ !!!

    ReplyDelete
  8. ഇതു വായിച്ചപ്പോള്‍ ഞാന്‍ അനുഭവിക്കുന്ന ഈ വ്യഥകള്‍ അനില്ജിക്ക് എങ്ങനെ പിടികിട്ടി എന്നാണ് മനസ്സില്‍ ആദ്യം വന്നത്. പുസ്തകം നല്ല ഇണ തന്നെ. ഒന്നും തിരിച്ചാവശ്യപെടില്ല. പിണങ്ങില്ല, പരിഭവിക്കയില്ല.

    ReplyDelete
  9. ഇണയും തുണയും പിന്നെ ജീവിതം പിടിച്ച് നിർത്താനുള്ള നെട്ടോട്ടവുമായി പോകുമ്പോൾ പണ്ടു പ്രേമിച്ച് പിരിഞ്ഞ കാമുകിമാരെപ്പോലെ എത്രയെത്ര പുസ്തകങ്ങൾ ഷെൽ‌ഫിൽ മുകം വീർപ്പിച്ചു പരഭവവുമായി നിൽക്കുന്നു. ഇടയ്ക്കെങ്കിലും അവയുടെ ചേർത്തു വച്ച കാലുകൾ വീണ്ടും അകറ്റി നോക്കണം എന്നു കരുമ്പോൾ ഹൊ ഈ നശിച്ച ഒരു കോട്ടുവായ വന്ന് നാളെ നാളെ എന്ന് തിരിച്ചു വിളിക്കുന്നു.

    നിദ്രാവിഹീന രോഗമുണ്ടായിരുന്ന ഹുവാൻ റൂൾഫോ ദിവസവും രണ്ടു പുസ്തകം വായിച്ചു തീർക്കുമായിരുന്നു എന്നറിഞ്ഞപ്പോൾ തോന്നിയ ഒരു അസൂയ പറഞ്ഞറിയിക്കാൻ വയ്യ.

    ReplyDelete