Sunday, September 23, 2012

ഫെമിനിസത്തിന്റെ കാലത്തെ ദുരിതം പിടിച്ച ഒരു ബസ് യാത്ര..

ബസിൽ
കയറിയ മൂന്നു സ്ത്രീകൾ
'സ്ത്രീകൾ' എന്ന് മുകളിലെഴുതിയ
സീറ്റുകൾക്കരുകിൽ നിൽക്കും

ഇരിക്കാൻ മാത്രമല്ല
നിൽക്കാനും വേണം
സ്ത്രീകൾക്ക് സീറ്റെന്നു തോന്നും
വള്ളിച്ചെടി പോലെ വളഞ്ഞുപുളഞ്ഞ്
ആകാശത്തേക്കിപ്പോൾ കയറിപ്പോകുമെന്നമട്ടിൽ
കമ്പിയെ ചുറ്റിപ്പിടിച്ചുള്ള
നിൽപുകണ്ടാൽ

മുൻപിൽ
സ്ത്രീകൾ നിൽക്കുമ്പോൾ
പിന്നിൽ പുരുഷന്മാർ നില്പുണ്ട്
നരകത്തിലകപ്പെട്ടവരെ പോലെയാണവർ.
സ്ത്രീകൾ നിൽക്കുന്നിടത്താണ് സ്വർഗമെന്ന്
ആരോ അവരെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്ന്
അവരിൽ തിങ്ങിവിങ്ങുന്ന അസ്വസ്ഥത
വായിച്ചെടുക്കുന്നവർക്ക്
ഉറപ്പായും തോന്നും

മുന്നിലേക്കും പിന്നിലേക്കും
പ്രാചീനമായ തുഴകൾ കൊണ്ടെന്ന പോലെ
ബസിന്റെ താളത്തിനൊത്ത് തുഴയുമവർ
(ഛെ ഛെ അശ്ലീലമെന്ന് കവി ആ വരികൾ
ഒറ്റയ്ക്കിരിക്കുന്ന നേരത്ത്
വെട്ടിക്കളയുന്നു)

അപ്പോളാണ്
മുൻപിൽ
സ്ത്രീകളുടെ സീറ്റിൽ
മൂന്നു പുരുഷന്മാരിരിക്കുന്നത് നമ്മൾ കാണുന്നത്

അതുവരെ
നമ്മൾ
ഡ്രൈവർ ഇരിക്കുന്നതിന്റെ ഇടതുവശത്ത്
നമുക്കെതിരെ തിരിച്ചു വെച്ചിരിക്കുന്ന
അതി ശാലീനസുന്ദരിയെന്ന് നേരത്തേ തന്നെ
പേരു രജിസ്റ്റർ ചെയ്തിട്ടുള്ള
പെൺകുട്ടിയുടെ മാംസളമായ മേൽക്കൈയ്യും
ചുരിദാറിന്റെ ഷാൾ കാറ്റിലുലയുമ്പോൾ ദൃശ്യമാകുന്ന
സിനിമാപ്പാട്ടും
കൊറിച്ചു കൊണ്ടിരിക്കുകയായിരുന്നു
(നമ്മളോളം സഹൃദയത്വം
ഇത്തരം സന്ദർഭങ്ങളിൽ മറ്റാർക്കാണുള്ളത്?)

അവരവർക്ക് നിൽക്കാനുള്ള
ഇടത്ത്
മൂന്നു സ്ത്രീകൾ നിൽപ്പുണ്ട്

സ്ത്രീകളിൽ കൂടുതൽ പതിവ്രതയായ ഒരുവൾ
ആദ്യവട്ടം 'സ്ത്രീകൾ' എന്ന വാക്കിലേക്ക് നോക്കും
പിന്നെ
സീറ്റിലിരിക്കുന്ന
മൂന്നു പുരുഷന്മാരുടെ
ചെരിഞ്ഞവ്യക്തമായ മുഖങ്ങളിലേക്ക് നോക്കും
ചെറുതായി ചുണ്ടുകളനക്കി
പറയണോ വേണ്ടയോ എന്നു
ശങ്കയുടെ ഒരു ജമന്തിപ്പൂ വിടർത്തി
ശീലാവതിയായി ചാഞ്ഞും ചെരിഞ്ഞും ശ്രദ്ധ കവരും

ആഫ്റ്റർ ഷേവ് ലോഷന്റെ മണമുള്ള
നല്ല ഉരിഞ്ഞു വെച്ച മുഖങ്ങൾ
ഞങ്ങൾ ഇപ്പോൾ രൂപാന്തരപ്പെട്ട നപുസകളങ്ങളാണെന്ന മട്ടിൽ
പുറത്തേക്ക് നോക്കിയിരിക്കും:
പച്ചയാം വിരിപ്പിട്ട കാല്പനിക പാടങ്ങളോ
(ഹായ് എത്ര നല്ല കുഞ്ഞാറ്റക്കിളികൾ!
പച്ചപ്പനന്തത്തകൾ!)
തിരക്കേറിയ ചന്തകളോ
(എത്ര ഫ്രഷായ പച്ചക്കറികൾ,
ഇറക്കുമതി ചെയ്ത് ബ്രസീലിയൻ പഴങ്ങൾ!)
തമിഴ് സിനിമയുടെ പോസ്റ്ററുകളോ
(രമ്യാ നമ്പീശനുടെ അഴകാന കൺകൾ
ആശൈ കവരും കാതൽ നോട്ടങ്കൾ)
നോക്കി നോക്കി അവരിരിക്കും

കവികളെ പോലെ സാകൂതനിരീക്ഷകരാണവർ
കവിതയെഴുതുകയാണുള്ളിൽ

പെട്ടെന്ന്
'ഛീ എണീക്കെടാ പട്ടികളേ'
എന്ന്
ഒരു സ്ത്രീ അലാറം പോലെ
പൊട്ടിത്തെറിച്ചലറും വരെ.

തെരുവിലൂടെ നടന്നു പോകുന്ന
അന്ധ ബധിരമൂകന്മാരായഭിനയിക്കുന്ന
പട്ടികൾ പോലും
അപ്പോൾ ഡോൾബി സൗണ്ട് സിസ്റ്റത്തിന്റെ പവറിൽ
ഞെട്ടിത്തരിച്ചു പോകും.

ബോധത്തിനു പെട്ടെന്ന് തീ പിടിക്കും
മോങ്ങിക്കൊണ്ട്
വളവു തിരിവുകളുടെ ഒരു മറ വരുന്നിടത്തുവെച്ച്
സ്വയം എച്ചിലുകളായി
മൂന്നു നപുംസകങ്ങളും മറഞ്ഞു കളയും

ആ സ്ത്രീകൾ
സാരി മാടിയൊതുക്കി
ഒന്നൊന്നായി അവരവരുടെ ഇരിപ്പിടങ്ങളിലിരിക്കുമ്പോൾ
നമ്മൾ അവരുടെ സ്ത്രൈണത മാത്രം
ഉള്ളിൽ പകർത്തും.
രണ്ടാമത്തേവൾ
നമ്മളുടെ എല്ലാവരുടേയും രാത്രിയിലേക്ക്
ചെലവില്ലാതെ ക്ഷണിക്കപ്പെടും.
വാഹനം ഒന്നുമറിയാത്ത പോലെ ഓടാൻ തുടങ്ങും
ഡ്രൈവർ ഉറക്കം തൂങ്ങാതിരിക്കാൻ
ഒരു പാട്ടുവെയ്ക്കും
നമ്മൾ ഓരോ പദങ്ങളിലും നിന്ന്
ഐശ്വര്യാ റായിയുടെ ഉടൽ വടിവുകൾ ഓർത്തെടുക്കും

സകലതും
സ്വന്തം നിലയിൽ
ശാന്തമായി ഉറക്കം പിടിക്കാൻ തുടങ്ങുമ്പോഴായിരിക്കും
നേരെ മുന്നിൽ നിന്ന് 
സ്ത്രീകൾക്കു മാത്രം എന്നെഴുതിയ ഒരു ബസ് വന്ന്
നമ്മൾ യാത്രചെയ്യുന്ന ബസിനിട്ടു മുട്ടുന്നത്.

എല്ലാവരും കൂടി
അപ്പോൾ
എല്ലാം മറന്ന് ചിതറിത്തെറിക്കും.

ഇടകലർന്ന്... ഇടകലർന്ന് ...ഇടകലർന്ന്
നമ്മൾ
രക്തത്തിൽ
മരണത്തിന്റെ ഒരു രതിശാല പണിയും
കുഴഞ്ഞു വീണ്
മരിച്ചതുപോലെ കിടക്കും
മറ്റേ ബസിൽ എന്താണ് സംഭവിച്ചിട്ടുണ്ടാവുകയെന്ന്
ഒരു നിശ്ചയവുമില്ലാതെ...

8 comments:

  1. അതെ ,അതാണ്‌ വേണ്ടത് ..രക്തത്തില്‍ മറ്റേ ബസ്സില്‍ എന്ത് സംഭവിച്ചിട്ടുണ്ടാകും എന്നറിയാതെ രക്തത്തില്‍ അങ്ങനെ കുഴഞ്ഞു ഇട കലര്‍ന്ന് കിടക്കുക .കുറെ നാള്‍ക്കു ശേഷംമനോഹരമായ ഒരു കവിത വായിച്ചു ,,,നന്ദി

    ReplyDelete
  2. Replies
    1. ച്ചാൽ ?
      പി ജി ഡിഗ്രിയുള്ളവരാണെന്നോ?

      Delete
  3. നല്ല ബസ്‌ കാഴ്ചകള്‍. അല്ല ജീവിതക്കാഴ്ചകള്‍.

    ReplyDelete
  4. വരികളോ ? വീക്ഷണങ്ങള്‍ വരികളായതോ ? അതോ അനുഭവമോ ?

    ReplyDelete
  5. എല്ലാം കലർന്നല്ലേ ഒരു രചനയുണ്ടാവുന്നത് വിനീത്.... :-)

    ReplyDelete