ഇത്
വല്ലാത്തൊരു ഗ്രാമം തന്നെ!
ഇപ്പോഴും
വായിക്കുകയും
എഴുതുകയും
സ്വപ്നം കാണുകയും ചെയ്യുന്ന
ചെറുനഗരങ്ങളുണ്ടാവാം
പതിവ്രതയെപ്പോലെ
ഇങ്ങനെ
ഒരു ഗ്രാമമുണ്ടാവുമോ?
പഴയ ചെമ്മൺ പാത കൊണ്ട്
കീറസ്സാരിയുടുത്ത്
നിറഞ്ഞകുളങ്ങൾ കൊണ്ട്
കണ്ണൊക്കെ വിടർന്ന്
വേലിപ്പുറത്തെ ചെമ്പരത്തിച്ചുണ്ടുകൾ
വഴിയിലേക്ക് നീട്ടിപ്പിടിച്ച്
കടുകു വറുത്ത
കുട്ടിക്കൂറ മണം പരത്തി
ഇപ്പോഴും
ഇങ്ങനെയുള്ള ഗ്രാമങ്ങളുണ്ടോ?
റേഡിയോ ശ്രദ്ധിച്ചിരിക്കുന്ന
ഒരു പ്രണയം
കത്തുവായിച്ച് മുലചുരത്തുന്ന
ഒരമ്മദൈവം
കുളക്കടവിലേക്ക്
ഒറ്റക്കിറങ്ങിപ്പോകുന്ന
ഒരു വല്ലാത്ത നട്ടുച്ച
നിഴലും പച്ചയും
പായൽ മൂടിക്കിടക്കുന്ന
ശുദ്ധഹൃദയങ്ങൾ
ബീഡിവലിച്ച പുകയിൽ
വട്ടം പിടിച്ചിരുന്ന്
ചീട്ടു കൊട്ടാരം പണിയുന്ന
ബലിഷ്ഠമായ
ചെറുപ്പങ്ങൾ
അകലത്തെ
രാധാ തിയെറ്ററിൽ
നിന്നൊഴുകി വരുന്ന
മാനസമൈനയൊഴിച്ചാൽ
ശോകമൂകമായ ത്രിസന്ധ്യ
‘ഇതൊരു വല്ലാത്ത ഗ്രാമം തന്നെ’
അളവെടുക്കുന്ന തയ്യല്ക്കാരൻ
ശരിവെച്ചു
കാറിലിരുന്നവർ
ചൂട് സഹിക്കാനാവുന്നില്ലെന്ന്
ഗ്ളാസ്സ് നിറച്ചു കൊണ്ടിരുന്നു.
ഭൂമിയുടെ നീളവും വീതിയും
മാറിലേക്കും
അരക്കെട്ടിലേക്കും വേണ്ട
അടിയുടുപ്പുകളുടെ
സൈസ്സും അളന്നെടുത്ത്
സാധനങ്ങളെല്ലാം
കവറിലാക്കിക്കൊടുത്തിട്ട്
അളവെടുപ്പുകാരൻ
തയ്യല്ക്കാരൻ
വിനയാന്വിതനായി
ഗ്രാമം
ഒരു പ്ളാസ്റ്റിക് കവർ
നെഞ്ചോടു ചേർത്ത്
മുൻസീറ്റിൽ കയറിയിരുന്നു
പോകുന്ന പോക്കിൽ
ഇടനിലക്കാരൻ കൂടിയായ
അമ്മാവൻ
കാറിലിരിക്കുന്നവരോടു പറഞ്ഞു
‘ഇതൊരു വല്ലാത്ത ഗ്രാമമാണ്
സൂക്ഷിക്കണം’
ഡ്രൈവർ
സ്റ്റീരിയോപാട്ടിനൊപ്പം കാറും
കാറിനോടൊപ്പം കാറ്റും കുളങ്ങളും
പാടങ്ങളും പറമ്പുകളുമെല്ലാം
വലിച്ചോണ്ടു പോയി
ചെമ്മൺ പാതയുടെ
കീറസ്സാരി
കാറിന്റെ കാറ്റില്പെട്ടുലഞ്ഞ്
മേല്പോട്ടു പൊന്തി
ഒരിക്കലും
നഗരം കണ്ടിട്ടില്ലാത്ത
ഒരു പെൺ കുട്ടിയായി ഗ്രാമം
ഒരല്പം പരിഭ്രമത്തോടെ
സ്വപ്നങ്ങൾക്കുമീതെ
കണ്ണുപൊത്തിക്കിടന്നു
വേലിക്കപ്പുറത്ത്
രണ്ട് ജോഡിക്കണ്ണുകൾ
അച്ഛനുമമ്മയുമായി നിറഞ്ഞു
തുളുമ്പി
താങ്കളുടെ കവിതകളില്‍ കാണുന്ന
ReplyDeleteബിംബകല്പനകളുടെ പുതുമ അസൂയവഹം.
പക്ഷെ ബിംബങ്ങള്‍ക്കിടയില്‍ ഈ കവിതയുടെ
ശക്തി ചോര്‍ന്നുവൊ എന്നു സംശയം.
ആശംസകള്‍
ഇത്വല്ലാത്തൊരു ഗ്രാമം തന്നെ!ഇപ്പോഴുംവായിക്കുകയുംഎഴുതുകയുംസ്വപ്നം കാണുകയുംചെയ്യുന്ന ചെറുനഗരങ്ങളുണ്ടാവാം
ReplyDeleteപതിവ്രതയെപ്പോലെ ഇങ്ങനെ ഒരു ഗ്രാമമുണ്ടാവുമോ?
പഴയ ചെമ്മൺ പാത കൊണ്ട് കീറസ്സാരിയുടുത്ത് നിറഞ്ഞകുളങ്ങൾ കൊണ്ട് കണ്ണൊക്കെ വിടർന്ന് വേലിപ്പുറത്തെ ചെമ്പരത്തിച്ചുണ്ടുകൾ വഴിയിലേക്ക് നീട്ടിപ്പിടിച്ച് കടുകു വറുത്ത കുട്ടിക്കൂറ മണം പരത്തി ഇപ്പോഴും ഇങ്ങനെയുള്ള ഗ്രാമങ്ങളുണ്ടോ?
റേഡിയോ ശ്രദ്ധിച്ചിരിക്കുന്ന ഒരു പ്രണയം കത്തുവായിച്ച് മുലചുരത്തുന്ന ഒരമ്മദൈവം
കുളക്കടവിലേക്ക് ഒറ്റക്കിറങ്ങിപ്പോകുന്ന ഒരു വല്ലാത്ത നട്ടുച്ചനിഴലും പച്ചയുംപായൽ മൂടിക്കിടക്കുന്നശുദ്ധഹൃദയങ്ങൾ
ബീഡിവലിച്ച പുകയിൽ വട്ടം പിടിച്ചിരുന്ന്ചീട്ടു കൊട്ടാരം പണിയുന്ന ബലിഷ്ഠമായ ചെറുപ്പങ്ങൾ
അകലത്തെ രാധാ തിയെറ്ററിൽ നിന്നൊഴുകി വരുന്ന മാനസമൈനയൊഴിച്ചാൽ ശോകമൂകമായ ത്രിസന്ധ്യ
‘ഇതൊരു വല്ലാത്ത ഗ്രാമം തന്നെ’ അളവെടുക്കുന്ന തയ്യല്ക്കാരൻ ശരിവെച്ചു
കാറിലിരുന്നവർ ചൂട് സഹിക്കാനാവുന്നില്ലെന്ന് ഗ്ളാസ്സ് നിറച്ചു കൊണ്ടിരുന്നു.ഭൂമിയുടെ നീളവും വീതിയും മാറിലേക്കും അരക്കെട്ടിലേക്കും വേണ്ട അടിയുടുപ്പുകളുടെ സൈസ്സും അളന്നെടുത്ത് സാധനങ്ങളെല്ലാം കവറിലാക്കിക്കൊടുത്തിട്ട്അളവെടുപ്പുകാരൻ തയ്യല്ക്കാരൻ വിനയാന്വിതനായി
ഗ്രാമം ഒരു പ്ളാസ്റ്റിക് കവർ നെഞ്ചോടു ചേർത്ത് മുൻസീറ്റിൽ കയറിയിരുന്നു പോകുന്ന പോക്കിൽ ഇടനിലക്കാരൻ കൂടിയായ അമ്മാവൻ കാറിലിരിക്കുന്നവരോടു പറഞ്ഞു
‘ഇതൊരു വല്ലാത്ത ഗ്രാമമാണ് സൂക്ഷിക്കണം’
ഡ്രൈവർ സ്റ്റീരിയോപാട്ടിനൊപ്പം കാറും കാറിനോടൊപ്പം കാറ്റും കുളങ്ങളും പാടങ്ങളും പറമ്പുകളുമെല്ലാം വലിച്ചോണ്ടു പോയി
ചെമ്മൺ പാതയുടെ കീറസ്സാരി കാറിന്റെ കാറ്റില്പെട്ടുലഞ്ഞ് മേല്പോട്ടു പൊന്തി
ഒരിക്കലു നഗരം കണ്ടിട്ടില്ലാത്ത ഒരു പെൺ കുട്ടിയായി ഗ്രാമംഒരല്പം പരിഭ്രമത്തോടെ സ്വപ്നങ്ങൾക്കുമീതെകണ്ണുപൊത്തിക്കിടന്നു
വേലിക്കപ്പുറത്ത് രണ്ട് ജോഡിക്കണ്ണുകൾ അച്ഛനുമമ്മയുമായി നിറഞ്ഞു തുളുമ്പി
-------------------
ഒരു നോവലിനു പറ്റിയ നല്ല തുടക്കം!
ഒരു
ആദ്യവരിതന്നെ കവിതയിലേക്ക് പിടിച്ചിടുന്നു..താങ്കൾ ഈയിടെ അങ്ങനെ കവിതയിലേക്ക് ബലമായി പിടിച്ചുകൊണ്ട് പോകുന്നുണ്ട്.അഭിനന്ദനം
ReplyDeleteഇതു വല്ലാത്തൊരു ഗ്രാമം തന്നെ,
ReplyDeleteകവിത ചെമ്പട്ടുടുത്ത മേല്‍ക്കാവില്‍ ഭഗവതിയായി
ശക്തിയാര്‍ജ്ജിക്കുന്നൊരു ഗ്രാമം.
മാഷിന്റെ കാവ്യ പ്രതിഷ്ടകള്‍ ......
കവിതയിലെങ്കിലും ഇപ്പോള്‍ ഗ്രാമങ്ങള്‍ അവശേഷിക്കുന്നത് നല്ലത്.
ReplyDeleteഗ്രാമങ്ങള്‍ നഗരങ്ങളെ വളയണം എന്ന മഹാത്മാവിന്റെ സ്വപ്നത്തെ വളരെ ഭംഗിയായി തകിടം മറിച്ചവരല്ലെ നമ്മള്‍.
എന്റെ രാഷ്ട്രീയം ഭൌമികമാവുന്നു-
എല്ലാ രാഷ്ട്രങ്ങളും കൊഴിഞ്ഞാലും
ഒരൊറ്റ പുഴുവിന്റെ അവകാശത്തിനു വേണ്ടി
അതു തുടര്‍ന്നുകൊണ്ടിരിക്കും
(എന്റെ രാഷ്ട്രീയം- മേതില്‍)
എന്നൊക്കെ ചിന്തിക്കാന്‍ എത്രപേരുണ്ട്?
പക്ഷെ ഈ കവിതയില്‍ ആദ്യം കണ്ട അച്ചടക്കവും കൈയടക്കവും പറഞ്ഞു പറഞ്ഞു എവിടെയൊക്കെയോ എത്തി ഇല്ലാതാക്കി. ഗ്രാമത്തെ ഒരുപാട് ഇമേജസിലൂടെ ഒരു ഒറ്റ ചിത്രമാക്കി മാറ്റുന്നതിനു പകരം വേറെന്തൊക്കെയോ കഥകള്‍ പറഞ്ഞു.
കവിത വീണ്ടും വീണ്ടും എഡിറ്റ് ചെയ്യേണ്ടതായിരുന്നു.
എങ്കില്‍ ഗംഭീരമായേനെ.
ഭാവുകങ്ങള്‍.
@രാജേഷ്& സുരേഷ്
ReplyDeleteരണ്ട് പേരുടെ വിമര്‍ശ്ശനങ്ങളും വായിച്ചു. വാസ്തവത്തില്‍ ഈ കവിത ഇരട്ടപ്രമേയങ്ങളുടെ അവതരണമാണ് ഉദ്ദേശിച്ചത്.ഗ്രാമങ്ങളെ കേന്ദ്രീകരിച്ചുള്ള ഭൂവാണിഭവും പെണ്‍കച്ചവടവും. രണ്ടും ഒരേ കവിതയില്‍ പ്രത്യക്ഷമായല്ലാതെ തന്നെ അവതരിപ്പിച്ച് ഒരു ദ്വിമാനത സൃഷ്ടിക്കാനുള്ള ശ്രമമായിരുന്നു. വിജയിച്ചില്ല എന്നാണ് വിമര്‍ശനങ്ങള്‍ കാണിക്കുന്നത് 'ഗ്രാമത്തെ ഒരുപാട് ഇമേജസിലൂടെ ഒരു ഒറ്റ ചിത്രമാക്കി മാറ്റുന്നതിനു പകരം വേറെന്തൊക്കെയോ കഥകള്‍ പറഞ്ഞു.കവിത വീണ്ടും വീണ്ടും എഡിറ്റ് ചെയ്യേണ്ടതാ യിരുന്നു.എങ്കില്‍ ഗംഭീരമായേനെ.'എന്ന നിരീക്ഷണം അതാണ് തെളിയിക്കുന്നത്. ഗ്രാമത്തെ അവതരിപ്പിക്കലായിരുന്നില്ല ലക്ഷ്യം ഗ്രാമങ്ങള്‍ വില്ക്കപ്പെടുന്നതും പെണ്‍ കുട്ടികള്‍ നഗരത്തിലേക്ക് കയറ്റിയയക്കപ്പെടുന്നതുമാണ് ഈ പരാജിത കവി(ത)യുടെ മര്‍മ്മം എന്നു തോന്നുന്നു. അങ്ങനെയൊന്നു വായിക്കാവുന്നതാണ്. അപ്പോഴാണ് തലക്കെട്ടും ഇടനിലക്കാരനും അളവുകാരനും പെണ്‍കുട്ടിക്ക് പുത്തന്‍ അടിവസ്ത്രം വാങ്ങിക്കൊടുക്കുന്ന അമ്മാവനും കാറിലിരുന്ന് മദ്യപിക്കുന്നവരും അര്‍ഥവത്തായിമാറുക.
അനോണിയുടെ നല്ല വിമര്‍ശനത്തിനു നന്ദി. ഏത് ആഖ്യാനഗദ്യകവിതയെപ്പറ്റിയും ഉന്നയിക്കാവുന്ന ഒരു ദൂഷ്യമായട്ടാണ് എനിക്കത് തോന്നിയത്. വിമര്‍ശനങ്ങള്‍ക്കെല്ലാം നന്ദി; അഭിപ്രായമിട്ട സ്മിതയ്ക്കും സനാതനനും-
കവിതയെ ഗൗരവമായികാണുന്നതിനും.
എനിക്കു തോന്നുന്നു മാഷ് ഉദ്ദേശിച്ച വാണിഭം കവിതയില്‍ വ്യക്തമാകുന്നു, എന്നു. അതുകൊണ്ടു പരാജിത കവിത എന്ന പ്രയോഗം വേണ്ട എന്നു പറഞ്ഞോട്ടേ? ആകാശത്തേയ്ക്കുള്ള ഗോവണിയില്‍ ഈ കവിത ഉയര്‍ന്ന പടിയില്‍ നില്‍ക്കുന്നതായി തന്നെ തോന്നി.
ReplyDeleteകുളക്കടവിലേക്ക്
ReplyDeleteഒറ്റക്കിറങ്ങിപ്പോകുന്ന
ഒരു വല്ലാത്ത നട്ടുച്ച..
nice lines..
a bit more editing would have done the poem good..