Friday, April 16, 2010

പെണ്ണെഴുത്ത്‌

ചിലനട്ടുച്ചകളില്‍
അവളുടെ
കവിതയില്‍ നിന്നിറങ്ങി വരുന്ന
പച്ചയുടുപ്പിട്ട സഞ്ചാരികള്‍
ഹൃദയത്തില്‍ നിന്ന്‌
വെള്ളം കോരിക്കുടിച്ചിട്ട്‌
വഴിയോരം ചേര്‍ന്ന്‌
സമാധാനപൂര്‍വം
നടന്നു പോകാറുണ്ട്‌

ചില
കവിതയില്‍ നിന്നൊഴുകി വരുന്ന
വാക്കുകള്‍
ഉള്ളിലൂടൊഴുകിയൊഴുകി
അരികിലെവിടെയെങ്കിലും
പറ്റിപ്പിടിച്ച്
മരങ്ങളോ ചെടികളോ ആയി
പെട്ടെന്ന് മുളച്ചു പൊന്തും

ചിലപ്പോള്‍
അവളുടെ കവിതയിലെ
തെറ്റാലിയില്‍ നിന്ന്‌
തെറിച്ചു വരുന്ന വാക്കുകള്‍
എന്റെ കണ്ണിനു തൊട്ടു മുകളില്‍
നെറ്റിതുളച്ച്‌
`നീയുമൊരാണു മാത്ര`മെന്ന്‌
ചോരകൊണ്ടൊരു
കുറിപ്പെഴുതിയിടും

ഭാഗ്യം കൊണ്ടുമാത്രമാവണം
അന്നൊക്കെ
കണ്ണുപൊട്ടതിരുന്നത്.

അവള്‍
പ്രസവിച്ച് വളര്‍ത്തിയ
ചില ഭീകരാശയങ്ങള്‍
എന്റെ ശരീരത്തിനുള്ളില്‍
നുഴഞ്ഞുകടന്ന്
ഹൃദയത്തിന്റെ ചോട്ടില്‍
നീളത്തിലൊരു മുറിവുകൊണ്ട്
കുറ്റവാളി നീ തന്നെയെന്ന്
ചുവന്ന വരയിട്ടിട്ടു പോകും

വായനയില്‍
മുഴുകിയിരിക്കുമ്പോള്‍
ഇതെന്റെ സ്വാതന്ത്ര്യത്തിന്റെ
പ്രതീകമെന്നു പറഞ്ഞ്
എന്റെ അരക്കെട്ടിലേക്ക്
ഒരു ബോംബെറിഞ്ഞിട്ട്
അവള്‍
പൊട്ടിച്ചിരിക്കുന്നതും കാണാം

അല്ലെങ്കില്‍
ഞാനിരുന്ന് വായിക്കുന്നിടത്തു വന്ന്
ഇതു സ്ത്രീകളുടെ സീറ്റാണ്‌
മാറിത്തരണമെന്ന്
തീരെ മര്യാദയില്ലാതെ
ഫെമിനിസം പറയും;
ജാള്യതയോടെയല്ലാതെ
എനിക്കു
അവളുടെ കവിതയില്‍ നിന്ന്
എഴുന്നേറ്റ് പോകാനാവില്ല.

ഭഗദളങ്ങള്‍ പോലെ
ചില അരികു ചുവന്ന പദങ്ങള്‍
അവളുടെ എല്ലാ രഹസ്യങ്ങളേയും
വികാരമൂര്‍ച്ഛകളേയും
പ്രിയ്യപ്പെട്ട ഒരാള്‍ക്കുമാത്രമായി
ഉള്ളിലൊളുപ്പിച്ചു വെക്കുന്നതായി
എനിക്ക് തോന്നിയിട്ടുണ്ട്

ചിലവാക്കുകള്‍
പാല്‍ ചുരത്തുന്നു
ചിലവകണ്ണീരും
ചിലവ വിരലുകളായ്
വിരിയുന്നു
ചിലവ കൈകളായ്
പുണരുകയാവണം
ഉടലായ് തരളിതമാകുന്നുമുണ്ട്
വേറൊന്ന് ചുണ്ടായ്
പലതും കടിച്ചമര്‍ത്തുന്നുമുണ്ട്

അവളുടെ വാക്കുകള്‍
എന്നെ
മരണത്തിലേക്ക്‌ വരൂ
എന്ന്‌
മധുരമായ്‌
പാടിക്കേള്‍പ്പിക്കാറുണ്ട്‌

എന്തെന്നാല്‍
ഒരു ശവപ്പെട്ടി നിറയെ
കവിതകള്‍ കുത്തിനിറച്ച്‌
അവള്‍
തെരുവിലൂടെ
വിലാപയാത്ര നടത്തുന്ന
ഒരു സ്വപ്നത്തില്‍ നിന്നാണ്‌
ഞാന്‍ അവളിലേക്ക്
ഞെട്ടിയുണര്‍ന്നത്

11 comments:

 1. അനിലന്‍ മാഷേ, ഈ കവിത എനിക്ക് ഒരുപാടു ഇഷ്ടമായി, സത്യമായും എന്തു പറയണമെന്നറിയില്ല, അത്രയ്ക്കിഷ്ടമായി.

  ReplyDelete
 2. വല്ലാത്ത നീളം ആണ് കവിതകള്‍ക്ക്...സാരമില്ലാ ആകാശത്തെക്കുള്ള ഗോവണി അല്ലെ...

  ReplyDelete
 3. കവിതയിലെ
  തെറ്റാലിയിൽ നിന്ന്‌
  തെറിച്ചു വരുന്ന വാക്കുകൾ..!

  ReplyDelete
 4. അന്തോം കുന്തോം ഇല്ലാതെ ഇങ്ങനെ...

  ReplyDelete
 5. നല്ലൊരു കവിത. ഇടയ്ക്കെവ്വിടെയോ ഒരു പതറിച്ച വന്നോ എന്നുതോന്നി. എന്തായാലും വളരെ നല്ലത്. ആശംസകൾ.

  ReplyDelete
 6. ഞാന്‍ നിന്നെ സ്നേഹിക്കുന്നു
  അതിനാല്‍ തന്നെ വെറുക്കുന്നു.
  എന്നു പറയുന്ന ഒരു മെയിഷോവനിസ്റ്റ് മനസ്സ്
  ദൈവമേ ഞാന്‍ എന്നെ വല്ലാതെ സ്നേഹിച്ചുപോയല്ലോ
  ഇനി നിന്നെയും വല്ലാതെ സ്നേഹിക്കട്ടെ എന്നുള്ള
  ഒരു സഹാനുഭൂതി.

  പക്ഷെ മാഷേ എന്തിനിങ്ങനെ പരത്തിപ്പറയുന്നു.
  എല്ലാം തുറന്നു പറയുന്നത് ഫലിതമാണെന്ന ഷായുടെ വചനം അങ്ങനെ തന്നെ ഉപയോഗിക്കാന്‍ ഇവിടെ പട്ടില്ലെങ്കിലും കുറുക്കിപ്പറയുന്നതിന്റെ ഒരു ആഴം എന്തിനു കളയുന്നു.?

  ReplyDelete