Saturday, April 7, 2012

ഒരാല് മുളച്ചത്

വേണ്ടാത്ത സ്ഥലത്താണ്
മുളച്ചത്
ഇത്തിരിയേറെ വളർന്നപ്പോഴാണറിഞ്ഞത്
ഇത്രയും വളർന്നെന്ന്

വെട്ടണമെന്നോർത്തതാണ്
അവനവനു തന്നെ ഒരു തണലാകട്ടേന്ന് കരുതി
വെട്ടാതിരുന്നതാ

ഇതിപ്പോ
ഇത്രേം പുകിലാകുമെന്ന് നിനച്ചതേയില്ല
നാട്ടുകാരെല്ലാം ഇതിന്റെചോട്ടിൽത്തന്നെ
കൂടുമെന്നറിഞ്ഞില്ല
വേലികെട്ടുമെന്നും
ശിലവെയ്ക്കുമെന്നും
പൂജിക്കുമെന്നും
സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല

ഇതെന്റെ
മണ്ണിലാണെന്നു പറഞ്ഞുചെന്നപ്പോളാണ്
നാണം കെട്ടവനേയെന്ന്
കണ്ണുപൊട്ടിക്കുന്ന
ഒരാട്ട് കേട്ടത്....

വേണ്ടാത്ത സ്ഥലത്താണത്
മുളച്ചത്....

6 comments:

  1. നമ്മുടെ സ്വാകാര്യതകളെല്ലാം രാഷ്ട്രീയവൽക്കരിക്കപ്പെടുകയും നമ്മുടെ നാണക്കേടുകളെല്ലാം ദേശസാത്കരിക്കപ്പെടുകയും ചെയ്യുമ്പോൾ നാം നമ്മുടെ തന്നെ ഇരിപ്പടങ്ങളിൽ നിന്ന് (ആസനങ്ങളിൽ നിന്ന് ) പുറത്താക്കപ്പെടുകയും ചെയ്യുന്നുണ്ട്.....

    ReplyDelete
  2. ഇതു മിക്കവാറും കത്തിപ്പിടിച്ചോളും..

    ReplyDelete
  3. കൊള്ളാം..
    നന്നായി പറഞ്ഞിരിക്കുന്നു...
    ആശംസകൾ...

    ReplyDelete