Saturday, March 19, 2011

പേരറുക്കൽ

അപ്പന്റെ പേര്‌
എഴുതുകയോ പറയുകയോ
ചെയ്യേണ്ടി വരുമ്പോഴെല്ലാം
സതീശൻ
അപ്പനപ്പൂപ്പന്മാരെപ്പറ്റിയോർത്ത്
ചുട്ടുപഴുത്തിരുന്നു.

അപ്പന്റെ പേരുകേൾക്കുമ്പോൾ
ക്ളാസ് മുറിയിൽ
ഹോസ്റ്റലിൽ ഇന്റർവ്യൂ ബോർഡിൽ
ഓഫീസ് മുറിയിൽ
അങ്ങനെ പലയിടങ്ങളിൽ വെച്ച്
ആളുകളുടെ പുരികത്തിനുമീതെ
പുഴുവരിച്ചുപോകുന്നത്
പലവട്ടം കണ്ടതാണ്‌.

അത്തരം ഘട്ടത്തിൽ
നല്ലൊരു പേരുപോലുമില്ലാതിരുന്ന
അപ്പനപ്പൂപ്പന്മാരെപ്പറ്റി
ആർക്കായാലും
അറപ്പുതോന്നുമായിരുന്നു.

അലോഷ്യസെന്നോ
വിജയകുമാരൻ നായരെന്നോ,
നീലകണ്ഠൻ നമ്പൂതിരിയെന്നോ
അസ്ഗാർ അലിയെന്നോ,
പിതൃനാമങ്ങൾ
പലതു കേൾക്കുമ്പോൾ
സ്വന്തമപ്പന്റെ പേര്‌
ഒരു കരിക്കലത്തുണികൊണ്ടെടുത്ത്
മുറ്റത്തിനപ്പുറത്ത്,
തൊടിയിലേയ്ക്ക്
അല്ലെങ്കിൽ മതിലിനപ്പുറത്തേയ്ക്ക്
വലിച്ചെറിയാനാണ്‌ തോന്നുക.

അവിടെക്കിടന്ന്
ചത്തോ ചീഞ്ഞോ വളമായിപ്പോകട്ടെ!
ചിലപേരുകൾ
ചിലനേരങ്ങളിൽ
വൃത്തികെട്ട പൂച്ചകളാണ്‌

ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ
ഗസറ്റിൽക്കൊടുത്ത്
പലതരത്തിലുള്ള അലങ്കാരങ്ങളിട്ട്
അണിയിച്ചൊരുക്കാമായിരുന്നു

മരിച്ചവന്റെ പേരുമാറ്റാൻ
ജീവിച്ചിരിക്കുന്നവർക്ക്
അവകാശമില്ലെന്നു പറയുന്ന
വിചിത്രവാദമാണ്‌
സതീശന്‌ തീരെ മനസ്സിലാവാത്തത്‌.

കുഞ്ഞിന്റെ പേരിടാൻ
അപ്പനവകാശമുണ്ടെങ്കിൽ
മരിച്ചവന്റെ പേര്‌ മാറ്റാൻ
മക്കൾക്കും കുഞ്ഞുമക്കൾക്കുമുണ്ടാകണ്ടേ
എന്തെങ്കിലുമവകാശം?

നല്ലൊരു പേരുപോലും
ബാക്കിവെയ്ക്കാതെ പോയ എന്റെ അപ്പനേ
നിന്നെ ഞാൻ
ഏതുദൈവത്തിൽ മുക്കിയാണ്‌
ഇനി
സംസ്കരിച്ചെടുക്കുക?

15 comments:

  1. ഒരു പേരിനെ പ്രതി ഇത്രയുമോ പ്രതിയ്ക്കു തലവലികൾ?

    ReplyDelete
  2. മുകിലൊരു പാലക്കാട്ടുകാരിയാണെന്നു മനസിലായി... എന്തു പറയാൻ! പേരിൽ പല കാര്യങ്ങളുണ്ടെന്നാ പലരും പറയുന്നത്...
    @ santhOsh...
    :-) എന്തിനാ പേര്‌ എന്നാണോ?

    ReplyDelete
  3. ജീവിച്ചിരിക്കുന്ന പേങ്ങനെ പ്രകാശനാക്കി, മരിച്ച കണ്ടംകോരനെ നീലകണ്ഠനാക്കാനാവാതെ തന്തയെ ശപിച്ചിരിക്കാം! നല്ലൊരു കവിത.

    ReplyDelete
  4. ഒരു പേരിലെന്തിരിക്കുന്നു എന്നൊക്കെ ചുമ്മാ പറയാം. അപ്പനാ , അപ്പൂപ്പനാ എന്ന് മാത്രം പറയുക. ഇനി ആ പേര് കൊണ്ട് മറ്റെന്തു കാര്യം? പേര് അത്യാവശ്യം വേണ്ടിടത്ത് ഒരു പേര് കൊടുത്തേക്കൂ. പിന്നെ നല്ല പേര് വെച്ചേച്ചു പോകാതെ പിരിഞ്ഞു പോയ അദ്ധേഹത്തെ വിട്ടേക്കുക. സ്വയം പേര് കളയണ്ട.

    ReplyDelete
  5. @ girishvarma
    ഇത് എന്റച്ഛനെപ്പറ്റിയല്ല...അദ്ദേഹം രവീന്ദ്രൻ... കഴിഞ്ഞ തലമുറയിൽ ആ വിഷമം അനുഭവിച്ചിരുന്ന പലരേയും എനിയ്ക്കറിയാം... അതാണ്‌ ശ്രീനാഥൻ മാഷ് കൃത്യമായി പറഞ്ഞത്

    ReplyDelete
  6. പേരില്ലാതെ പോയ ആള്‍ക് ഇനി പേര് വേണോ അനിലാ ? കവിത നന്നായി.

    ReplyDelete
  7. നല്ല കവിത.പേരുകള്‍ ഒരു പ്രശ്നം തന്നെ അനിലേട്ടാ...

    ReplyDelete
  8. ഷാജി ആശാരി എന്നൊക്കെ വി.കെ.എൻ അത്യന്തം കലാപകരമായി പണ്ടേ ഉപയോഗിച്ചിട്ടുണ്ട്.തമ്പ്രാൻ എന്നു മകനു പേരിട്ട നാടൻ വിപ്ലവവും ഓർക്കുന്നു. ഏതു ഗസറ്റിൽ തിരുത്തിയാലും ഫോസിലുകൾ പോലെ അവശേഷിക്കുന്ന ചില പേരുകളുടെ പിന്തുടച്ചകൾ പഞ്ചായത്താപ്പീസിന്റെ വരാന്തയിൽത്തന്നെ മുഖം കുനിച്ചു നിൽക്കും എന്നതു വാസ്തവം..നല്ല കവിതയ്ക്കു നന്ദി..

    ReplyDelete
  9. ഉം..മായ്ച്ചാലും മായാത്ത തിരുശേഷിപ്പുകൾ.!

    ReplyDelete
  10. "അഭിമാനകരമായ" ഒരു പേരില്ലാതെ പോകുന്നത് തീര്‍ച്ചയായും വല്ലാത്തൊരു അസ്തിത്വ പ്രശ്നം തന്നെ; എന്നാല്‍, കുടുതല്‍ വേദനിപ്പിക്കുന്നത്‌ സ്വന്തമായൊരു മേല്‍വിലാസം പോലുമില്ലാത്തവരുടെ ജീവിത പ്രശ്നങ്ങള്‍ തന്നെയാണ്.

    ReplyDelete
  11. "നല്ലൊരു പേരുപോലും
    ബാക്കിവെയ്ക്കാതെ പോയ എന്റെ അപ്പനേ
    നിന്നെ ഞാൻ
    ഏതുദൈവത്തിൽ മുക്കിയാണ്‌
    ഇനി
    സംസ്കരിച്ചെടുക്കുക?"

    വളരെ നല്ല ആശയം....എനിക്ക് ശരിക്കും ഇഷ്ട്ടപ്പെട്ടു....
    'ഗാന്ധി' എന്ന വാലറ്റം കിട്ടാന്‍ ഇന്ദിര ചെയ്ത് കാര്യങ്ങള്‍ ഓര്‍മ്മ വരുന്നു...

    ReplyDelete
  12. മലയാളത്തില്‍ ടൈപ്പ് ചെയ്യാനറിയാത്തവര്‍ക്കും അതിനു സമയമില്ലാത്തവര്‍ക്കും ടൈപ്പിങ്ങിലെ തെറ്റുകള്‍ തിരുത്താന്‍ സാധിക്കാത്തവര്‍ക്കും ഇനി മുതല്‍ ഞങ്ങളുടെ സഹായം തേടാം. ടൈപ്പ് ചെയ്യാനുള്ള മാറ്റര്‍ , കൈയെഴുത്തു പ്രതി തപാലിലോ സ്കാന്‍ ചെയ്തോ ഫാക്സായോ അയച്ചു തന്നാല്‍ മതി. അത് ഉത്തരവാദിത്വത്തോടെ യൂനിക്കോഡ് മലയാളത്തില്‍ ടൈപ്പ് ചെയ്ത്, തെറ്റുകളെല്ലാം തിരുത്തി ഈ മെയിലായി തിരിച്ചയച്ചു തരുന്നതാണ്.
    ബ്ലോഗിങ്ങിനു സഹായം

    ReplyDelete
  13. This comment has been removed by the author.

    ReplyDelete