Sunday, June 6, 2010

മുപ്പത്തഞ്ചിൽ ഒരു ചന്ദ്രിക

മുപ്പത്തഞ്ചിന്റെ സമ്മർദ്ദം
അണപൊട്ടിയപ്പോൾ
ചന്ദ്രിക വാങ്ങീ
പുത്തനാമൊരു മൊബൈൽ ഫോൺ
ചുവന്നതുദ്ധൃതം.

( എന്തുവന്നാലും
എനിയ്ക്കാസ്വദിക്കണം
മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതം
എന്നൊരു റിങ്ങ് ടോൺ)

ഇടയ്ക്കിടക്കവൾ
ചുണ്ടോടു ചേർത്തുപകർന്നൂ
വികാരവിവശം
വാക്കുകൾ ,
ഉമിനീർ,
നിശ്വാസങ്ങൾ,
അടക്കം പറച്ചിലുകൾ :
മൊബൈൽ സംഭോഗ-
രതിസുഖ സീൽ ക്കാരങ്ങൾ.

മാറിമാറി
ചെവിയിൽ വെച്ചവൾ കേട്ടൂ
സ്നേഹത്തിന്റെ ബീജങ്ങൾ
നീന്തിത്തുടിക്കുന്ന
കടലിന്റെ ആരവങ്ങൾ.

ത്രസിച്ചു വിവശമായുടൽ
അണിയിച്ചൊരുക്കീ പുരികങ്ങൾ
ചായമിട്ടണിയിച്ചു ചുണ്ടുകൾ
ശരീര മാളികയാകെയും
കസ്തൂരി ജലധാരയിൽ
കഴുകിത്തുടച്ചിട്ടു.

തന്നോടൊപ്പം
കൂടെക്കൊണ്ടുപോയ്ക്കാണിച്ചു
നഗരം,തുണിക്കട
സിനിമാ-ഭക്ഷണശാലകൾ,
അടുക്കള ,ബാല്ക്കണി ഒക്കെയും

ഉറങ്ങുമ്പോൾ
നെഞ്ചിലോ തലയോടു ചേർത്തോ
വിശ്വസ്തതയോടെ
കൂടെക്കിടത്തി.


അപ്പോഴും
മുറിയിലൊരു മൂലയിലുണ്ട്
പഴയ ലാന്റ്ഫോൺ,
കൂടെക്കൊണ്ടുനടക്കാൻ കൊള്ളാത്ത
മദ്ധ്യവയസ്കനെപ്പോലെ,
ആരുകണ്ടാലും
ആരാണച്ഛനാണോ
എന്നു ചോദിപ്പിക്കും വിധം
നരച്ച് ചാരനിറമാണ്ട്.

വല്ലപ്പോഴും മാത്രം
ഞെട്ടിയുണർന്ന്
വിഫലരതിപോലെ ഗർജ്ജിച്ചും
പിന്നെ വാടിത്തളർന്ന്
ഭൂതകാലത്തിന്റെ
മണികിലുക്കങ്ങൾ മാത്രം ശ്രവിച്ചും
പഴയതെല്ലാം പിന്നെയും സ്രവിപ്പിച്ചും
ഒട്ടും റൊമാന്റിക്കല്ലാത്ത
ഒരു യന്ത്രമായി.

റെയ്ഞ്ചില്ലാത്തപ്പോൾ മാത്രം
മടിച്ചു മടിച്ചു
കൈയ്യിലെടുത്ത്
പലതും പറഞ്ഞ്
കളിപ്പിക്കാനൊരെണ്ണമായി

6 comments:

  1. ഒടുവില്‍ ‍?
    സ്ഥിരമായി റേഞ്ച് കിട്ടാതെ വന്നപ്പോള്‍ സിം കാര്‍ഡ്‌ അലസിപ്പിച്ചു പൊടിപിടിച്ച ലാന്‍ഡ്‌ ഫോണ്‍ തുടച്ചെടുത്തു ചുംബിച്ചോ?

    ReplyDelete
  2. നല്ല കവിത മാഷേ

    എന്തുവന്നാലും
    എനിയ്ക്കാസ്വദിക്കണം
    മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതം
    എന്നൊരു റിങ്ങ് ടോൺ

    ചങ്ങമ്പുഴയെ സമകാലികമാക്കിയല്ലേ മാഷേ

    Pls join
    www.malayalakavitha.ning.com

    ReplyDelete
  3. "ഉറങ്ങുമ്പോൾ
    നെഞ്ചിലോ തലയോടു ചേർത്തോ "
    ഇനി ഉറങ്ങുമ്പോൾ മാത്രമല്ല, മരിക്കുമ്പോഴും “തലയോടു” ചേർത്തുവെയ്ക്കണം, പിന്നെ അസ്ഥികളായിക്കഴിഞ്ഞാലും തലയോട്ടിയോട് ചേർത്തു വെയ്ക്കണം.

    ReplyDelete
  4. anilg kavitha nannayi. pakshe cellphone enikku ekanthatha ketuthtunna zathruvaanu.

    ReplyDelete
  5. കവിത വളരെ നന്നായിട്ടുണ്ട്. കവിതയില് വിരിയുന്ന പുതുമയുള്ള വിമര്ശനങ്ങള്. ബഹളമില്ലാത്ത ഒരു നോട്ടം.

    ReplyDelete