ഒരു മുന്നറിയിപ്പുമില്ലാതെ
പെട്ടെന്നു തകർന്നടിയുന്ന
പുരാതന
നഗരം
പോലെയാണ്
ഭ്രാന്ത്
സമയം നഷ്ടപ്പെട്ട
തകർന്ന ഘടികാരമായും
ചിലപ്പോളത്
ഇളകി
ഉള്ളിലേക്കു മറിഞ്ഞു വീഴും
കനത്ത
മഴച്ചുരുളുകൾക്കപ്പുറത്തുനിന്ന്
മരങ്ങൾക്കിടയിലൂടെ
ദ്രുതം ദ്രുതമെന്ന്
കാലിട്ടടിക്കുന്ന കാറ്റുപോലെ
അത്
നെറ്റിയിലെ
അദൃശ്യമായ സുഷിരത്തിലൂടെ
തണുപ്പിന്റെ
കൂർത്ത സൂചികളൂമായി
ഉള്ളിലേക്കടിച്ചു കയറും
ശിരസിന്റെ പിൻമടക്കുകളിൽ
കനത്ത ബൂട്ടിട്ട് ചവിട്ടും,
ആത്മനിന്ദയുടെ
പൊലീസുകാർ.
നിലവിളിക്കുമ്പോൾ
ഇരുമ്പുപാളികളിട്ടടച്ച മുറി
നടുങ്ങുന്നതും
ചുമരുകൾ ശ്വാസം കിട്ടാതെ
സ്തംഭിക്കുന്നതും
തറയോടുകളുടെ ശിരസ്സുകൾ
പൊളിയുന്നതും
അറിയാമെനിയ്ക്ക്.
പിന്നെ
ഭ്രാന്ത് പുഴുക്കളെപ്പോലെയാകും
ചില നേരങ്ങളിൽ;
എത്ര ഇഴഞ്ഞാലും
അതൊരിടത്തും
എത്തിച്ചേരുകയില്ല.
അകംപുറം മറിച്ചിട്ട
ഒരറവുമാടിന്റെ
ഉരിഞ്ഞെടുത്ത തൊലി പോലെ
ചോരയിറ്റുന്നഭ്രാന്ത്
എന്നെ മുറിയുടെ
ഒരു മൂലയിലെവിടെയെങ്കിലും
ചുരുട്ടിക്കൂട്ടിയിടും
അപ്പോഴൊക്കെ വിചാരിച്ചിട്ടുണ്ട്:
ഞാൻ എന്നെത്തന്നെ
വിചാരണചെയ്യുന്ന
കണ്ണാടിയുടെ
കോടതിക്കുള്ളിൽ കടന്ന്
പൊട്ടിത്തെറിക്കുന്ന
ഒരു ചാവേറാവണമെന്ന്
എന്നെത്തന്നെ
രണ്ടോ നാലോ ആയി
ഛേദിച്ചിട്ടൊരു
വിരുന്നുമേശ ഒരുക്കണമെന്ന്
എങ്ങനെയെങ്കിലും
അവളുടെ ഹൃദയത്തിനുള്ളിൽ കടന്ന്
സ്നേഹത്തിന്റെ
എല്ലാ രഹസ്യരേഖകളും
മോഷ്ടിക്കണമെന്ന്
വഞ്ചനയുടെ
എല്ലാമുറിവുകളും തുറന്നു വെച്ച്
ഈച്ചകൾക്കുള്ള ആഹാരമാകണമെന്ന്
നല്ല വര്‍ക്ക് ആണല്ലോ മാഷേ
ReplyDeleteഇഷ്ടപ്പെട്ടൂ....
ചായക്കൂട്ടുകളില്ലാതെ തുറന്നു വെച്ച മനസ്സിന്റെ കുതിപ്പുകള്‍.നന്നായിരിക്കുന്നു..
ReplyDeleteമോഷ്ടിച്ചെടുക്കെണ്ടുന്ന സ്നേഹ രഹസ്യങ്ങളെപ്പറ്റി...
ReplyDeleteപറഞ്ഞാലും പറഞ്ഞാലും തീരാത്ത
ചോദിച്ചാലും ചോദിച്ചാലും തീരാത്ത...
വഞ്ചന എന്നതു വൈയക്തികം മാത്രല്ലെ...
പരസ്പരം ആവശ്യപ്പെടാതെ പങ്കിട്ടു നല്‍കുന്നവ ...
അല്‍ഷിമേഴ്സ്
ReplyDeleteകാലിട്ടടിക്കുന്ന കാറ്റുപോലെ..ചിന്തകള്‍!!
ReplyDelete