Wednesday, November 14, 2012

കേൾക്കണം, നിശ്ശബ്ദത പറയുന്നത്...


ചിത്രകാരൻ ഒറ്റയ്ക്കിരുന്ന്
ഒരു ദേശം വരച്ചുണ്ടാക്കുകയായിരുന്നു
വടിവൊത്ത വരകളിൽ പതിനേഴായിരം വർണ്ണങ്ങളിൽ.
ഒരു ശില്പി
അതിൽ നിറയെ
മലകളും മരങ്ങളും കൊത്തിയുണ്ടാക്കുകയും

കവി അതിനു മീതെ
പച്ചക്കുപ്പായമിട്ട കൊച്ചുകുട്ടികളെ
താളത്തിൽ നടക്കാൻ പഠിപ്പിക്കുകയായിരുന്നു;
പാട്ടുകാരൻ
പുഴകളെ
ഭൂമിയുടെ ഉള്ളിൽ നിന്നു പുറത്തേയ്ക്ക്
മാടി വിളിച്ചുകൊണ്ടുവരികയും.

ദാർശനികൻ
ഗഹനമായ നീല സമുദ്രവും
അനന്തപ്രശ്നമായ ആകാശവും
സങ്കല്പിക്കുകയായിരുന്നു

കൃഷിക്കാരൻ
ആട്ടിൽ പറ്റങ്ങളെ തെളിയിച്ചുകൊണ്ട്
മേഘത്തിനു പിന്നാലെ പോകുന്ന
കാറ്റിനോടെന്നപോലെ
ഇടയനോട്
സല്ലപിക്കുകയായിരുന്നു
അയാളുടെ നെറ്റിയിൽ നിന്ന്
നെല്ലും ഗോതമ്പും ചോളച്ചെടികളും
മുളച്ചുപൊന്തുന്നുണ്ടായിരുന്നു

പെൺകുട്ടികളുടെ ഹൃദയത്തിൽ നിന്ന്
വസന്തം
നിറയെ പൂക്കളുമായി
സ്പന്ദനങ്ങളോടെ
നാടുകാണാൻ ഇറങ്ങി വന്നിരുന്നു

കല്പണിക്കാരൻ
കാറ്റിനു്
ആകാശത്തുനിന്ന് താഴേയ്ക്കിറങ്ങിവരാൻ
ജലം കൊണ്ട്
പടവുകൾ കെട്ടിയുണ്ടാക്കുകയായിരുന്നു

നടരാജനോളം പോന്ന ആട്ടക്കാരൻ
മഴയേയും പുഴയേയും
കാറ്റിലിളകും മരങ്ങളേയും
ചുവടുവെയ്ക്കാൻ പഠിപ്പിക്കുകയായിരുന്നു

ഒരു തുന്നൽക്കാരി
ആറ് ഋതുക്കളേയും ഉള്ളിൽത്തന്നെ പെറ്റ്
അവർക്കുവേണ്ട കുഞ്ഞുടുപ്പുകൾ
തുന്നിക്കൊണ്ടിരിക്കുകയായിരുന്നു

ചെരുപ്പുകുത്തി
എല്ലാക്കാലത്തിനും പാകമായ ചെരുപ്പുകൾ
കുത്തിക്കെട്ടുകയായിരുന്നു

കുശവൻ
ദൈവത്തിന്റെ ചക്രം കൊണ്ട്
ഭൂമിയെത്തന്നെ
ഒരു പാത്രമായി
രൂപാന്തരപ്പെടുത്തുകയായിരുന്നു

വയലിൽ നിന്നുരുകിയൊലിക്കുന്ന ഒരുവൻ
സ്വയം വിയർപ്പായി
ചെടികൾക്കടിയിലെ മൃദു ലോമങ്ങളിലേയ്ക്ക്
ജലമായി
പരിഭവമില്ലാതെ
താണുപോകുകയായിരുന്നു

ക്ഷീണിച്ചവളെങ്കിലും
ഉൽസാഹവതിയായ ഒരു പെണ്ണ്
ദൈവങ്ങൾ ഒളിപ്പിച്ചു വെച്ച
രുചികളായ രുചികൾ മുഴുവനും
പറുദീസയിൽ നിന്ന്
കട്ടുകൊണ്ടു വരികയായിരുന്നു

അപ്പോൾ
ഭൂമിയുടെ ആനന്ദമെന്ന്
കിളികൾ
പതിനാറുദിക്കുകളിലേക്കും പറന്നു ചിതറിയിരുന്നു

മയിലുകൾ,
മണ്ണിരകൾ
ഇനിയും ആയുസ്സ് തീർന്നിട്ടില്ലാത്ത കുഴിമടിയൻ ആമ
കാലമെത്രയോ ബാക്കിയുണ്ടിനിയുമെന്ന്
തീരെ തിടുക്കമില്ലാതിഴഞ്ഞുകൊണ്ടിരുന്ന ഒച്ച്
തിടുക്കപ്പെടുകയും പെട്ടെന്ന്
നിശ്ചലചിത്രമായി മാറുകയും ചെയ്യുന്ന അണ്ണാറക്കണ്ണൻ
എല്ലാം
ദേശത്തിനു മീതെ
ചരിത്രം പണിതുകൊണ്ടിരിക്കുകയായിരുന്നു

ആ നേരത്ത് ഒരു സംഘമാളുകൾ
യുദ്ധോൽസുകരായി വന്ന്
അന്തരീക്ഷത്തിന്റെ നാഭിയിലേക്ക്
തുടരെത്തുടരെ
വെടിയുണ്ടകൾ തുളച്ചു കയറ്റിയിട്ട് പറഞ്ഞു:

‘ നിർത്ത്.
എല്ലാം നിർത്ത്
സകല ഉന്മത്തതകളും നിർത്തി
ദേശം വിട്ടുപോകണംനിങ്ങൾ
ഇത് ഞങ്ങളുടെ ഭൂമിയാണ്,
ഞങ്ങളുടെ മാത്രം ഭൂമി'’

ഭയം കൊണ്ട് നിശബ്ദരായിത്തീർന്നവർ
ചിത്രകാരൻ
കവി
പാട്ടുകാരൻ
വസന്തം
മയിലുകൾ
മണ്ണിരകൾ
ഉൽസാഹവതിയായ പെണ്ണ്
വിയർപ്പ് മാത്രമായിത്തീർന്ന പണിക്കാരൻ
കാലത്തെ  മുറിച്ചു കടന്ന ഒച്ച്
ഒക്കെയും
ചരിത്രമവസാനിക്കുന്നതിന്റെ അടയാളം കണ്ടു
ചരിത്രമില്ലായ്മയുടെ  ശൂന്യഭീകരമായ
അതിരുകൾ രൂപപെടുന്നതും കണ്ടു
അവരെല്ലാം മണ്ണിനു പുറത്തുനിന്ന്
മണ്ണിനടിയിലേക്ക് ഒരു വഴിയുണ്ടാക്കുവാൻ തുടങ്ങി


ഭൂമിയുടെ പഴുത്തു പാകമായ ഹൃദയത്തിലേക്ക്…

18 comments:

  1. ഭൌമാന്തരത്തിലേയ്ക്ക് മോക്ഷപ്രാപ്തി

    ReplyDelete
    Replies
    1. അവിടെ മണ്മറഞ്ഞ ജീവികളുടെ ഫോസിലുകളുണ്ട്...

      Delete
  2. വളരെ നന്നായി എഴുതി ,അതിശക്തമായ ഭാവന
    ആശയത്തിലെ തീക്ഷ്ണത വരികള്‍ക്ക് കൂടുതല്‍ ഭംഗി നല്‍കി

    ആശംസകള്‍
    http://admadalangal.blogspot.com/

    ReplyDelete
  3. പ്രഭാത സ്വപ്നങ്ങള്‍ ഫലിക്കുമെന്നാണ്.ഒടുക്കം പറഞ്ഞൊതൊഴികെ എല്ലാം ഫലിക്കട്ടെ .

    കവിത നന്നായി

    ReplyDelete
  4. ഭൂമിയുടെ പഴുത്തു പാകമായ ഹൃദയത്തിലേക്ക്…

    അധികം വൈകാതെ അവിടെയും എത്തും ആ "ഒരു സംഘം ആളുകള്‍".... എന്നിട്ട് കല്‍പ്പിക്കും ദേശം വിട്ടു പോകാന്‍....
    അതാണ്‌ കാലം

    ReplyDelete
  5. നാം ഏറ്റവും നിർഭാഗ്യകരമായ കാലഘട്ടത്തിലേക്കാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്...........
    :-(

    ReplyDelete
  6. Replies
    1. വളരെക്കാലങ്ങൾക്കു ശേഷം ചിത്രയുടെ വാക്കുകൾ...
      :-)

      Delete
  7. അനിലന്‍, കാല്‍പനിക ഭംഗി തുടിക്കുന്ന വരികള്‍. നന്നായി എഴുതി.

    ReplyDelete
  8. അനിലന്‍, കാല്‍പനിക ഭംഗി തുടിക്കുന്ന വരികള്‍. നന്നായി എഴുതി.

    ReplyDelete
    Replies
    1. കാല്പനികം.അതേ സമയം ഭയാനക യാഥാർത്ഥ്യവും :-)

      Delete
  9. എല്ലാവരും ഭൂമിയുടെ അവകാശികള്...കവിത നന്നായി...ആശംസകള്

    ReplyDelete
    Replies
    1. :-) ബഷീർ പറഞ്ഞപോലെ , ഓരോ നല്ല എഴുത്തുകാരും കലാകാരന്മാരും വിശ്വസിച്ച പോലെ

      Delete
  10. ദുരവസ്തയിലേക്ക് പരിണമിക്കുന്ന ലോകം. വളരെ നന്നായിരിക്കുന്നു.
    ആകാശത്തേ ക്കുള്ള ഗോവണി നിര്‍മ്മിച്ച കവിക്ക്‌ അഭിനന്ദനങ്ങള്‍

    ReplyDelete
  11. കവിത വായിചു വന്നപ്പോൾ ഒരു സ്വപ്നത്തിലേക്ക്‌ വഴുതി വീണിരുന്നു.....പെട്ടെന്നു ഞെട്ടിയുണർന്നു....ഭാവി കാട്ടിത്തരുന്ന കിളിവാതിൽ പോലൊരു കവിത......

    ReplyDelete