Wednesday, October 12, 2016

തിളനൃത്തം

അവളോടുള്ള പ്രണയം
പ്രത്യേകതകൾ നിറഞ്ഞതായിരുന്നു ..
ഉണർന്നെഴുന്നേൽക്കുന്നതു പോലെ രസകരമായിരുന്നു ..
ആവി പറക്കുന്ന ചായയിലേക്ക് നോക്കിയിരുന്ന്
മണം മാത്രം നുണഞ്ഞിറക്കുന്നതു പോലെ ...
ചൂടു മാത്രം ഊതിക്കുടിക്കുന്നതു പോലെ ...

എങ്കിലും
അവൾ അത് മനസ്സിലാകുന്നില്ലെന്ന് നടിച്ചു.
തിളയ്ക്കുവാൻ വേണ്ടി അടുപ്പിനു മുകളിൽ വെച്ച കെറ്റിലു പോലെ
ഉള്ളിൽ പാലും മധുരവുമടക്കി വെച്ച്
ഇലകളരിഞ്ഞിട്ട സുഗന്ധം
ജല വസ്ത്രങ്ങളിൽ പുരട്ടി
അവൾ തിളനിലയിലേക്ക്
ചുവടു വെച്ചു...

എനിക്കവളെ മനസ്സിലാക്കാൻ കഴിഞ്ഞില്ല...
തിളച്ചു തൂവാതിരിക്കാൻ
ഇടക്കിടക്ക്
മൂടി തുറന്ന് നോക്കി...
ഞാൻ നോക്കുന്നുണ്ടോ എന്നവൾ
നീരാവിയായി
മാന്ത്രിക വേഷമിട്ടു.

തിളയ്ക്കാതെ
എത്ര നേരമിരിക്കും നീയെന്ന്
എൻ്റെ പ്രണയം അവളിൽ കത്തിക്കൊണ്ടിരുന്നു.

അവൾ
നിശബ്ദതയുടെ ഒരു ദേവാലയം പണിതു.

വികാരരഹിതയായ ഒരുവളെ തിളനിലയിലേക്കുയർത്തുന്നത് മരിച്ചവരെ ഉയിർപ്പിക്കുന്നതു പോലെ
ഒരു സാധാരണ കാര്യമല്ല

പക്ഷേ,
ആകസ്മികതയുടെ വെളിച്ചം തട്ടി
പെട്ടെന്നൊരു ദിവസം
അവളൊരു പൂമ്പാറ്റയായി...
ഉള്ളിൽ

പാലും മധുരവുമടക്കി വെച്ച്
ഇലകളരിഞ്ഞിട്ട സുഗന്ധം
ജല വസ്ത്രങ്ങളിൽ പുരട്ടി
തിളനിലയിലേക്ക്
ചുവടു വെച്ചു...
തൂവി നിലം പറ്റി വീണു.

അവളോടുള്ള പ്രണയം പ്രത്യേകതകൾ നിറഞ്ഞതായിരുന്നു.
ഒളിച്ചു കളിക്കുന്ന
കുട്ടികളെ പോലെ
മനോഹരമായിരുന്നു.

1 comment: