Friday, April 5, 2013

ഡാഡി ഒരു ചോക്ലേറ്റായിരുന്നു

അടി മുതൽ മുടി വരെ
ഡാഡി
ഒരു ചോക്ലേറ്റായിരുന്നു,
കൊക്കോപ്പൊടിയുടെ മണം പൊഴിക്കുന്ന
സ്വർണ്ണക്കൂടിനുള്ളിൽ പൊതിഞ്ഞുവെച്ച
ഒരു ചോക്ലേറ്റ്.

ഒറ്റയ്ക്കിരിക്കുമ്പൊൾ
ഉണ്ണി നുണഞ്ഞു തീർക്കും
രുചികരം ഡാഡിയുടെ വിരലുകൾ
ഹൃദയം, കരൾ ,
തലയോട്ടിയിൽ ഒളിച്ചു പാർപ്പിക്കുന്ന സ്വപ്നങ്ങൾ
ഒക്കെ

പകലിൽ
എവിടെയെല്ലാമോ അലഞ്ഞുതിരിഞ്ഞ്
അലഞ്ഞു തിരിഞ്ഞ്
പിന്നെയും തിരിഞ്ഞ് തിരിഞ്ഞ്
ഡാഡി മടങ്ങി വരുമ്പോൾ
ഉടലിൽ നിന്ന്
കൊക്കോ പൊടിച്ചുണക്കുന്ന മണം പരക്കും
അപ്പോൾ
ഉണ്ണി സ്നേഹമസൃണമായി കടിച്ചെടുക്കും
ഡാഡിയുടെ ചുണ്ടുകൾ

രാത്രിയാവുമ്പോൾ
തണുത്ത വായുവിൽ
ആകാശം കണ്ടുകിടക്കുന്ന സ്വപ്നശിശിരങ്ങളിൽ
അടിമുതൽ മുടിവരെ
ഡാഡി ഒരു ചോക്ക്ലേറ്റായി മാറും.

ഒടുവിൽ
വർണ്ണക്കടലാസിന്റെ പൊതി
മൂലയിലുപേക്ഷിക്കും
വേലക്കാരി അടിച്ചു വാരും
വേസ്റ്റ് ബാസ്കറ്റ് വീർപ്പുമുട്ടിച്ചുമക്കും
നഗര സഭയുടെ വണ്ടിയിൽ
വിലാപയാത്രയായി കൊണ്ടു പോകും
ഗ്രാമത്തിൽ വെച്ച് ആളുകൾ തടയും
ഇവിടെ വേസ്റ്റുകൾ നിക്ഷേപിക്കരുതെന്ന്
പലതരം കയ്യുകൾ
ചുരുണ്ടു ചുരുണ്ട് ആകാശത്തേയ്ക്കുയരും

അപ്പോൾ ഡാഡി ആരാണെന്ന്
ഡാഡിയുടെ കണ്ണുകളിൽ നിന്നു തന്നെ
അത്ഭുതവള്ളികൾ വളരുവാൻ തുടങ്ങും
അവയുടെ ഇലകളുടെ അറ്റത്ത്
കൊഴിഞ്ഞു വീഴണോ എന്നു പരിഭ്രമിക്കുന്ന
സങ്കടങ്ങളുടെ
മെലിഞ്ഞ
മഞ്ഞുതുള്ളികൾ ഉരുണ്ടു കൂടും

ദൂരെ ദൂരെയിരിക്കുമ്പൊഴും എനിയ്ക്കറിയാം
ഡാഡി കരയില്ല

അടിമുതൽ മുടി വരെ
ഡാഡി ഒരു ചോക്ക്ലേറ്റായിരുന്നു
ഉപ്പുരസമുള്ള കടലിനെ പരിചയപ്പെടുത്താൻ
മറന്നു പോയ
ഒരു രുചി

15 comments:

  1. ആകാശത്തേക്കുള്ള ഗോവണിയിൽ കവിതകൾ വീണ്ടും നിറയുന്നതിൽ സന്തോഷം.

    പലര്ക്കും ഡാഡി സമ്മാന പൊതികൾ തന്നെ.

    ReplyDelete
    Replies
    1. സന്തോഷം ഭാനു...
      താങ്കൾ എന്നും എന്റെ കവിതയോടൊപ്പം സഞ്ചരിക്കുന്നുണ്ട്..
      എന്റെ കവിതാസമാഹാരം 'ഇംഗ്ലീഷ് പൂച്ച' ഡി സി ബുക്സ് പ്രസിദ്ധീകരിച്ച വിവരം അറിഞ്ഞിരിക്കുമല്ലോ
      :-)

      Delete
    2. തീര്ച്ചയായും അനിൽജി. ഞാൻ ഇഷ്ട്ടപ്പെടുന്ന ചുരുക്കം കവികളിൽ ഒരാൾ ആണ് താങ്കൾ.

      കവിതാസമാഹാരം ഇറങ്ങിയത്‌ അറിഞ്ഞില്ല. നാട്ടിൽ നിന്നും വരുന്ന സ്നേഹിതരോട് വാങ്ങിക്കാൻ പറയാം.

      Delete
  2. ഇന്നലെ ഇവിടെ ഒരു അഭിപ്രായം എഴുതിയത് കാണുന്നില്ലല്ലോ ഇപ്പോള്‍

    ReplyDelete
  3. ഒരുനാൾ ഉണ്ണിയും ഡാഡിയെപ്പോലോരു വർണ്ണപ്പൊതിയാകും
    വേലക്കാരി തൂത്തെടുത്തൊരു കുട്ടയിലിട്ടോളും..!!

    ശുഭാശംസകൾ....

    ReplyDelete
  4. അവസാനം വരെ കണ്ണീരുപ്പു മറച്ചു മധുരം .. പിന്നെ ഉപ്പു തേടി

    ReplyDelete
  5. അങ്ങനെ ഒരു ഡാഡി...


    ബുക്ക് പ്രസിദ്ധീകരിച്ചുവോ? സന്തോഷം. ഡീസിയില്‍ നിന്ന് വാങ്ങിക്കൊള്ളാം...

    ReplyDelete
  6. നന്നായി ........
    വിഷു ആശംസകൾ

    ReplyDelete