Monday, November 26, 2012

വിവരസാങ്കേതിക വിദ്യയുടെ കാലത്ത് ഒരു ജഡം


അമ്മേ ദേ വന്ന് നോക്ക്
അപ്പന്റെ ജഡം ഫേസ്ബുക്കില്

മോന്റെ നിലവിളിയും
കരിയാൻ വെമ്പി നിൽക്കുന്ന മുട്ടയപ്പത്തിന്റെ മണവും
ഇടകലർന്ന നല്ല പരുപരുത്ത നട്ടുച്ച നേരത്ത്
സൗദാമിനി
തപ്പിത്തടഞ്ഞ്
കൈതുടച്ച്
ലാപ്പ് ടോപ്പിന്റെ മുന്നിലെത്തുന്നു

ശരിയാണല്ലോ
സൂക്ഷിച്ചു നോക്കുന്നു സൗദാമിനി
കണ്ണ് വട്ടം പിടിച്ച് പിന്നെയും നോക്കുന്നു സൗദാമിനി

നീണ്ട് മലർന്ന്
കണ്ണ് തുറിച്ച്
കൈയ്യും കാലും ചതഞ്ഞരഞ്ഞ്
അങ്ങോരുടെ തന്നെ ജഡം.

പെട്ടെന്നൊരു മഞ്ഞുകാലം
നെറുകന്തല വരെ പെരുത്തു കേറി

സൗദാമിനി അയ്യോ അമ്മേ നാട്ടുകാരേയെന്ന്
പരമാവധി ഉച്ചത്തിൽ
ലൗഡ് സ്പീക്കറിനെ അനുസ്മരിപ്പിക്കുന്ന വോളിയത്തിൽ
സഹായത്തിനു വിളിക്കുന്നു

ശരിയാണല്ലോ
കൈകാലുകളറ്റ്
ചിറികോടി
രക്തമെല്ലാം തറയിലേയ്ക്കൊഴുകിപ്പരന്ന്
വണ്ടി കേറിയ പോലെ കിടപ്പിലാണല്ലോ
കുഞ്ഞപ്പൻ.

കുഞ്ഞപ്പനിതെന്നാ പറ്റിയെന്ന്
മൂക്കത്ത് വിരലുവെയ്ക്കുന്നുണ്ട് , നാട്ടുകാര്

മുട്ടയപ്പം കരിയുന്നുണ്ട്
അടുക്കള പുകയുന്നുണ്ട്
എനിയ്ക്കൊന്നുമറിയാമ്മേലേന്ന്
സൗദാമിനി കരയുന്നുണ്ട്
ഞെഞ്ചത്തടിച്ച്
കരള് തല്ലിച്ചതയ്ക്കുന്നുണ്ട്
ഒന്നുമറിയാണ്ട്
മക്കളും കൂടെ കരയുന്നൊണ്ട്

ദേ ഇപ്പ വരാന്നു പറഞ്ഞോണ്ടെറങ്ങിയതാ,
നേരം പെരപെരാന്നു വെളുത്തപ്പോ.
കാണാണ്ടായപ്പം ഞാങ്കരുതി
അങ്ങാടീലെങ്ങാനും പോയതാന്ന്
കെ എസ് എഫീലു ചിട്ടിപ്പണം കെട്ടാൻ പോയതാന്ന്
മോൾടെ ടീച്ചറെക്കാണാൻ പോയതാന്ന്
മോണിങ്ങ് ഷോയും കഴിഞ്ഞ്
ഉച്ചയൂണിനു മുമ്പിങ്ങെത്തുമെന്ന്

ചതിച്ചല്ലോ ഭഗവതീ
കെടപ്പ് കണ്ടില്ലേ…

പെണ്ണുങ്ങൾ വന്ന്
ഉള്ളിലേക്ക്
തണുത്തവാക്കുകൾ ഒഴിച്ചു കൊടുക്കുന്നുണ്ട്

സങ്കടം മൂക്കുചീറ്റിക്കളയുന്നുണ്ട്
കോന്തലകൊണ്ട്  കണ്ണീരൊപ്പി നീക്കുന്നുണ്ട്
കണ്ണിലിപ്പോൾ കരിന്തിരി പുകയുന്നുണ്ട്

വന്ന വന്ന
പുരുഷന്മാർ
ഫേസ് ബുക്കിന്റെ മുൻപിൽ ശവത്തിനു കാവലാണ്
ഈച്ചയാട്ടണമെന്ന് കരുതുന്നുണ്ട്
സാമ്പ്രാണി കത്തിയ്ക്കണമെന്നു വിചാരിക്കുന്നുണ്ട്.
പന്തലിടണമെന്നുംനാലുപാടുമോടണമെന്നും
ആലോചിക്കുന്നുണ്ട്
പലരും കൂടിയാലോചിക്കുന്നുണ്ട്.

മിഴിച്ചു നിക്കാണ്ട്
ആരേലുമൊന്ന് കേറി നോക്ക്
മക്കടപ്പന് എന്നാ പെണഞ്ഞെന്ന്.

നാരായണൻ ചേട്ടാ
നിങ്ങളൊന്നകത്ത് കേറി നോക്ക്
മക്കടപ്പന് എന്നാ പെണഞ്ഞെന്ന്

സൗദാമിനി
ഞങ്ങളെന്നാ ചെയ്യാനാ
ഇതിനകത്തോട്ടെങ്ങനെ കേറാനാ
അവന്റെ മൊബൈലാണെങ്കിൽ സ്വിച്ചോഫാ
ഈ കുന്ത്രാണ്ടത്തിലിങ്ങനെ കെടന്നാ
ഞങ്ങളെന്നാ ചെയ്യാനാ?
എല്ലാരും  കൈമലർത്തി
ഫെയ്സ് ബുക്കിൽക്കിടന്ന ജഡം
നേരത്തോട് നേരമാകാനുള്ള ദൂരം പാതി പിന്നിട്ടു

മക്കടപ്പന്റെ ജഡം
ആരും തൊടാതെ
ഈച്ചയാർത്ത്
ഫേസ് ബുക്കിൽ തന്നെ കിടപ്പുണ്ട്
ആംബുലൻസ് വരുന്നതും കാത്ത്.

Wednesday, November 14, 2012

കേൾക്കണം, നിശ്ശബ്ദത പറയുന്നത്...


ചിത്രകാരൻ ഒറ്റയ്ക്കിരുന്ന്
ഒരു ദേശം വരച്ചുണ്ടാക്കുകയായിരുന്നു
വടിവൊത്ത വരകളിൽ പതിനേഴായിരം വർണ്ണങ്ങളിൽ.
ഒരു ശില്പി
അതിൽ നിറയെ
മലകളും മരങ്ങളും കൊത്തിയുണ്ടാക്കുകയും

കവി അതിനു മീതെ
പച്ചക്കുപ്പായമിട്ട കൊച്ചുകുട്ടികളെ
താളത്തിൽ നടക്കാൻ പഠിപ്പിക്കുകയായിരുന്നു;
പാട്ടുകാരൻ
പുഴകളെ
ഭൂമിയുടെ ഉള്ളിൽ നിന്നു പുറത്തേയ്ക്ക്
മാടി വിളിച്ചുകൊണ്ടുവരികയും.

ദാർശനികൻ
ഗഹനമായ നീല സമുദ്രവും
അനന്തപ്രശ്നമായ ആകാശവും
സങ്കല്പിക്കുകയായിരുന്നു

കൃഷിക്കാരൻ
ആട്ടിൽ പറ്റങ്ങളെ തെളിയിച്ചുകൊണ്ട്
മേഘത്തിനു പിന്നാലെ പോകുന്ന
കാറ്റിനോടെന്നപോലെ
ഇടയനോട്
സല്ലപിക്കുകയായിരുന്നു
അയാളുടെ നെറ്റിയിൽ നിന്ന്
നെല്ലും ഗോതമ്പും ചോളച്ചെടികളും
മുളച്ചുപൊന്തുന്നുണ്ടായിരുന്നു

പെൺകുട്ടികളുടെ ഹൃദയത്തിൽ നിന്ന്
വസന്തം
നിറയെ പൂക്കളുമായി
സ്പന്ദനങ്ങളോടെ
നാടുകാണാൻ ഇറങ്ങി വന്നിരുന്നു

കല്പണിക്കാരൻ
കാറ്റിനു്
ആകാശത്തുനിന്ന് താഴേയ്ക്കിറങ്ങിവരാൻ
ജലം കൊണ്ട്
പടവുകൾ കെട്ടിയുണ്ടാക്കുകയായിരുന്നു

നടരാജനോളം പോന്ന ആട്ടക്കാരൻ
മഴയേയും പുഴയേയും
കാറ്റിലിളകും മരങ്ങളേയും
ചുവടുവെയ്ക്കാൻ പഠിപ്പിക്കുകയായിരുന്നു

ഒരു തുന്നൽക്കാരി
ആറ് ഋതുക്കളേയും ഉള്ളിൽത്തന്നെ പെറ്റ്
അവർക്കുവേണ്ട കുഞ്ഞുടുപ്പുകൾ
തുന്നിക്കൊണ്ടിരിക്കുകയായിരുന്നു

ചെരുപ്പുകുത്തി
എല്ലാക്കാലത്തിനും പാകമായ ചെരുപ്പുകൾ
കുത്തിക്കെട്ടുകയായിരുന്നു

കുശവൻ
ദൈവത്തിന്റെ ചക്രം കൊണ്ട്
ഭൂമിയെത്തന്നെ
ഒരു പാത്രമായി
രൂപാന്തരപ്പെടുത്തുകയായിരുന്നു

വയലിൽ നിന്നുരുകിയൊലിക്കുന്ന ഒരുവൻ
സ്വയം വിയർപ്പായി
ചെടികൾക്കടിയിലെ മൃദു ലോമങ്ങളിലേയ്ക്ക്
ജലമായി
പരിഭവമില്ലാതെ
താണുപോകുകയായിരുന്നു

ക്ഷീണിച്ചവളെങ്കിലും
ഉൽസാഹവതിയായ ഒരു പെണ്ണ്
ദൈവങ്ങൾ ഒളിപ്പിച്ചു വെച്ച
രുചികളായ രുചികൾ മുഴുവനും
പറുദീസയിൽ നിന്ന്
കട്ടുകൊണ്ടു വരികയായിരുന്നു

അപ്പോൾ
ഭൂമിയുടെ ആനന്ദമെന്ന്
കിളികൾ
പതിനാറുദിക്കുകളിലേക്കും പറന്നു ചിതറിയിരുന്നു

മയിലുകൾ,
മണ്ണിരകൾ
ഇനിയും ആയുസ്സ് തീർന്നിട്ടില്ലാത്ത കുഴിമടിയൻ ആമ
കാലമെത്രയോ ബാക്കിയുണ്ടിനിയുമെന്ന്
തീരെ തിടുക്കമില്ലാതിഴഞ്ഞുകൊണ്ടിരുന്ന ഒച്ച്
തിടുക്കപ്പെടുകയും പെട്ടെന്ന്
നിശ്ചലചിത്രമായി മാറുകയും ചെയ്യുന്ന അണ്ണാറക്കണ്ണൻ
എല്ലാം
ദേശത്തിനു മീതെ
ചരിത്രം പണിതുകൊണ്ടിരിക്കുകയായിരുന്നു

ആ നേരത്ത് ഒരു സംഘമാളുകൾ
യുദ്ധോൽസുകരായി വന്ന്
അന്തരീക്ഷത്തിന്റെ നാഭിയിലേക്ക്
തുടരെത്തുടരെ
വെടിയുണ്ടകൾ തുളച്ചു കയറ്റിയിട്ട് പറഞ്ഞു:

‘ നിർത്ത്.
എല്ലാം നിർത്ത്
സകല ഉന്മത്തതകളും നിർത്തി
ദേശം വിട്ടുപോകണംനിങ്ങൾ
ഇത് ഞങ്ങളുടെ ഭൂമിയാണ്,
ഞങ്ങളുടെ മാത്രം ഭൂമി'’

ഭയം കൊണ്ട് നിശബ്ദരായിത്തീർന്നവർ
ചിത്രകാരൻ
കവി
പാട്ടുകാരൻ
വസന്തം
മയിലുകൾ
മണ്ണിരകൾ
ഉൽസാഹവതിയായ പെണ്ണ്
വിയർപ്പ് മാത്രമായിത്തീർന്ന പണിക്കാരൻ
കാലത്തെ  മുറിച്ചു കടന്ന ഒച്ച്
ഒക്കെയും
ചരിത്രമവസാനിക്കുന്നതിന്റെ അടയാളം കണ്ടു
ചരിത്രമില്ലായ്മയുടെ  ശൂന്യഭീകരമായ
അതിരുകൾ രൂപപെടുന്നതും കണ്ടു
അവരെല്ലാം മണ്ണിനു പുറത്തുനിന്ന്
മണ്ണിനടിയിലേക്ക് ഒരു വഴിയുണ്ടാക്കുവാൻ തുടങ്ങി


ഭൂമിയുടെ പഴുത്തു പാകമായ ഹൃദയത്തിലേക്ക്…

Monday, October 22, 2012

ചില നേരങ്ങളിൽ ആദമിന്റെ സംഭ്രമങ്ങൾ

ചില നേരങ്ങളിൽ
ഹവ്വ
ശലഭമാണ്
ചിലപ്പോൾ
ഭാവിയെപറ്റി ചിലയ്ക്കുന്നഗൗളിയും
മുഖം വിർപ്പിച്ചു കണ്ണുരുട്ടുന്ന
ദുശ്ശകുനം പോലൊരു മൂങ്ങയും

ശരിക്കും
അവളാരെന്നറിയുവാൻ
പ്രാചീനയവനകഥകളിലെ
നാവിക വേഷമണിഞ്ഞ്
അനേക സഞ്ചാരങ്ങൾ
നടത്തിയിട്ടുണ്ട്
ജിജ്ഞാസുവായ ആദം...

ചിതലുകളെപ്പോലെ
അവൾക്കു വേണ്ടി
കാലവുമായി
ചില ഭയങ്കര യുദ്ധങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടയാൾ
എപ്പോഴും തോൽക്കാറുള്ള കഥകളിലെ
കുറുക്കനെപ്പോലെ
ചില ചൂതാട്ടങ്ങളിൽ പങ്കെടുത്ത്
ദേശം തന്നെ പണയപ്പെടുത്തിയിട്ടുമുണ്ട്.
ഫ്രോയ്ഡ്, ലക്കാൻ, ഡെസ്മണ്ട് മോറിസ്,
മാസ്റ്റേഴ്സ് ആൻഡ് ജോൺസൻ
ഓഷോ
ജ്ഞാനപ്പഴം , സർപ്പലതകൾ
മുതലായ
ഭയാനക ദ്വീപുകളിൽ അലഞ്ഞുതിരിഞ്ഞിട്ടുണ്ട്

സ്വന്തം ഭൂഖണ്ഡത്തിലേക്കു മടങ്ങാനുള്ള
കപ്പൽ കാണാതെ
ഭീകരമായ തീരങ്ങളിൽ
തനിച്ചു നിന്നിട്ടുണ്ട്

ഏറ്റവും ഗാഢമതിഗൂഢം
ഒരു മൊണാലിസാ സ്മിതമല്ലാതെ
അവൾ അവളെപറ്റി
ഒന്നും പറഞ്ഞിട്ടില്ലിതേ വരെ.
ഒരു  ചിരിയുടെ ഇരുണ്ട ഗുഹയിൽ
ലിപികളില്ലാത്ത ഭാഷയിൽ
അവൾ
എപ്പോഴുമവൾക്കു തന്നെ
അഭയം കൊടുത്തിരുന്നു
രഹസ്യപ്പോലീസുകാരോ ചാരനോ
പോലുമറിയാതെ

ആദമിനി ഇവിടെ നിൽക്കൂ
ഈ പൂമുഖത്ത്.
ഞാനാരാണെന്ന്
ഞാനൊന്നന്വേഷിച്ചു വരട്ടെയെന്ന്
വിളക്കണച്ചു.
വാതിൽ വലിയ ശബ്ദത്തോടെ വലിച്ചടച്ച്തെരുവിലേക്കിറങ്ങിപ്പോയി.


തെരുവ് അവളെ
അമൂർത്തതയിലേക്ക് മാറ്റിയെഴുതുന്ന നവീന ചിത്രകല
അയാളും കാണുന്നുണ്ടായിരുന്നു
പലതരം ജ്യാമിതീയരൂപങ്ങളിലേക്ക്,
ചായക്കൂട്ടുകളിലേയ്ക്ക്
അയാൾക്കപരിചിതമായ
ദ്രവ്യരൂപങ്ങളിലേക്ക്
മ്യൂസിക് നോട്ടുകളിലേക്ക്
ലിഫ്റ്റിൽ വെച്ച് തീവണ്ടിയിൽ വെച്ച് നഗരത്തിരക്കിൽ വെച്ച്
പാരീസിലേക്കും ബാങ്കോക്കിലേക്കുമുള്ള
ജെറ്റിൽ വെച്ച്,
വന്യമായ ഗന്ധങ്ങൾ മിശ്രണം ചെയ്ത മാതിരി
ഉടലുവിട്ടുടലു മാറുന്നത്.

ഹവ്വ ഇപ്പോൾ
ആരുടെയോ കണ്ണിൽ തറച്ച
സൂചി പോലൊരു നഗരത്തിലാണ്

പൂർവരൂപങ്ങളിലേക്ക്
ഇനിയൊരിക്കലും മടങ്ങിവരില്ലെന്ന്
ധൃതിയിൽ ആകാശത്ത് എഴുതിക്കാണിച്ച് മറയുന്ന
നീല വിസ്മയം

സ്ഥലകാലങ്ങളുടെ
കുറ്റിയിൽ നിന്ന്
സ്വതന്ത്രമായ ആദ്യത്തെ മദോന്മത്ത പ്രപഞ്ചം

ആദം
നിൽക്കയാണിപ്പൊഴും
ഭ്രമണനേർവഴി വിട്ട സംഭ്രമം  വിയർത്ത് 
ദൈവത്തിന്റെ
കുഞ്ഞുകാലടികളുള്ള ഒരു സ്വപ്നത്തിൽ നിന്നു തുടങ്ങിയ

തന്റെ യാത്രകളെത്തന്നെയും മറന്ന്
ഏദനിൽ നിന്നുള്ള വാർത്തകളൊന്നുമറിയാതെ
ഏകാകിയായി...

Saturday, October 20, 2012

പക

കഴിഞ്ഞ
ജന്മത്തിലെ
ഏകാധിപതികളായ
രാജാക്കന്മാരാണ്
വാലൻ പുഴുകളായി*
വീണ്ടും ജനിക്കുന്നത്;
പുസ്തകങ്ങളെ
കാർന്നു കാർന്നു നശിപ്പിക്കുന്നത്

ഇനിയും
തേഞ്ഞുമാഞ്ഞിട്ടില്ലാത്ത
നീണ്ട കൊമ്പുകളും
ശരീരത്തിൽ
ഫറോവമാരുടേതു പോലെ
അതിപ്രാചീനങ്ങളായ
അലങ്കാരമുദ്രകളുമുണ്ട്.

കല്ലേപ്പിളർക്കുന്ന
കല്പനകളിട്ടു  ശീലിച്ച
അവരുടെ നാവിൽ നിന്ന്
രാകി മിനുക്കിയെടുത്ത മൂർച്ചയിലുണ്ട്,
പുസ്തകങ്ങളാണ്
തങ്ങളെ
വെറും പുഴുക്കളാക്കിയതെന്ന
നിശിതമായ പക.

---------------------------------------
*പുസ്തകപ്പുഴു- (book worm)

Sunday, October 14, 2012

കാറ്റും മഴയും കളിച്ച നാടകങ്ങളിൽ ഞങ്ങളും ചില കഥാപാത്രങ്ങളായിരുന്നു

ചെറുപ്പകാലത്ത്
മരക്കൊമ്പത്തിരുന്നു
നോക്കുമ്പോൾ
മഴയെ കൈപിടിച്ച് നടത്തുന്നതുകാണാം
വെളുത്ത താടിയുള്ള മുത്തശ്ശൻ കാറ്റ്
ആകാശത്തിലൂടെ.

മലകൾക്ക് മുകളിലേക്കാണ് കൊണ്ടു പോകുന്നത്
അപ്പുറത്ത് കടലുണ്ടെന്ന്
വനമുണ്ടെന്ന്
വിസ്മയ ശലഭ ലോകങ്ങളുണ്ടെന്ന്
ചൂണ്ടിക്കാണിക്കുവാനാവണം

മേഘക്കൊമ്പുകളിൽ നിന്ന്
താഴേയ്ക്ക് ചാടിയാൽ
കൈപിടിക്കാമെന്നൊരേട്ടനായി
കരുത്തുള്ള കൈത്തണ്ട നീട്ടി
പിന്നാലെ കൂടും
ചുറുചുറുക്കുള്ള
മലങ്കാറ്റ്

അതു കേട്ട്
വിശ്വസിച്ച്
താഴേയ്ക്ക് ചാടിയാലോ,
തടം തല്ലിവീണുകരയുന്ന മഴയെ നോക്കി
കൈകൊട്ടിച്ചിരിക്കും
ഇലകൾക്കിടയിലിരുന്ന്
കുലുങ്ങിക്കുലുങ്ങി
അശ്രീകരം

ചെറിയ തമ്പേറുമായി വന്ന്
മരങ്ങൾക്കു മീതെ ധിമി ധിമിയെന്ന് മഴയെ
ഉടലാട്ടം പഠിപ്പിക്കുന്ന
ഡാൻസ് മാസ്റ്ററാവും
ചില നേരങ്ങളിൽ 
ലാസ്യഭാവമുള്ള വേറൊരു കാറ്റ്.

ഉടൽ വഴക്കങ്ങളിൽ
അലർമേൽ വല്ലിയെപ്പോലെ
വള്ളിച്ചെടിയാകുമായിരുന്നു
മതിമറന്ന്
ആടിയുലഞ്ഞ്
മഴ

ശവങ്ങൾ തോണിയിറക്കുന്ന
പുഴയുടെ മീതെ
കാറ്റിനോടൊപ്പം
കരഞ്ഞു കരഞ്ഞു തളരുന്നതും
കണ്ടിട്ടുണ്ട്

വിശക്കുമ്പോൾ
മറ്റൊരു വീട്ടിലും
കേറ്റാത്ത മഴ, 
കുഞ്ഞുങ്ങളേയെന്നാർത്ത്
എന്റെ വീട്ടിലേക്കോടിയെത്തും

കണ്ടിട്ടുണ്ട് ഞങ്ങൾ
ഭയപ്പെട്ട്,
ഓലനീക്കി
അടുക്കളയിലേക്ക്
ചാടിയിറങ്ങുന്നത്
അരണ്ടവെട്ടത്ത് കള്ളനെപ്പോലെ
കലത്തിൽ നിന്ന് 
ആർത്തിയോടെ
തണുത്ത കഞ്ഞി
കോരിയൊഴിച്ച് കുടിക്കുന്നത്

പിന്നെ
ഞങ്ങൾ 
കുഞ്ഞുങ്ങൾ
വിശന്ന് കരയുന്നത് ഒരാളും കേട്ടിട്ടുണ്ടാവില്ല.

കാറ്റും മഴയും 
ഒരുമിച്ച് കളിക്കുന്ന നാടകങ്ങളിൽ
ഞങ്ങളും
ചില കഥാപാത്രങ്ങളായിരുന്നുവെന്ന്
അന്ന്
അവർക്കാർക്കും
അറിയില്ലായിരുന്നു...

Wednesday, October 10, 2012

പൂച്ച

ഊണിനു
സമയമായെന്ന്
അതെപ്പോഴും
ഒരലാറമായി
മേശയ്ക്കടിയിൽ പ്രത്യക്ഷപ്പെടും

വല്ലതുമുണ്ടോ അമ്മേയെന്ന്
മുൻ കാല് നീട്ടിപ്പിടിച്ച്
ദയനീയമായ
ഒരിരിപ്പുണ്ടതിന്.
ഹൃദയമലിയിപ്പിക്കുന്ന
നോട്ടവും

വയറു നിറഞ്ഞുകഴിഞ്ഞാൽ
പിന്നെ
അതിനെ
കാണില്ലൊരിടത്തും

അക്കാലത്ത്
പൂച്ച
മകനെപ്പറ്റി
എപ്പോഴും
ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുമായിരുന്നു
അമ്മയെ

ഗോമാതാ


പശു
പുല്ലു തിന്നുന്ന
ഒരു സാധു മൃഗമാണ്

പണ്ട്
മിക്കവീടുകളിലുമുണ്ടായിരുന്നു,
ആയുഷ്ക്കാലം മുഴുവൻ
പെറ്റു പോറ്റിയിരുന്നു,
വീട്ടിലെല്ലാം
നറുപാൽ മണം പരത്തിയിരുന്നു
ചാണകം കൊണ്ട്
തൊടികളെ
തടിച്ചു കൊഴുപ്പിച്ചിരുന്നു.

പുല്ലുതിന്നാനെങ്ങാനും
തൊടിയിലേക്കിറങ്ങിയാൽ
വാഴയും ചേനയും
ചേമ്പും
പടവലവും മത്തനും കയ്പവല്ലിയും
കടപ്പാടുകൊണ്ട്
ശിരസു നമിച്ചിരുന്നു


പേറ് നിന്ന്
കറവ വറ്റി
ആറവുശാലയിലേക്ക്
നടന്നു പോകുമ്പോൾ പോലും
വാൽസല്യത്തോടെ
ഞങ്ങളെ നോക്കി
ചെവിയാട്ടിയിരുന്നു


പാർട്ടി വിട്ട്
ബി ജെ പിയിൽ ചേർന്ന ശ്രീധരേട്ടൻ
വീട്ടിൽ വന്നപ്പോൾ
പശു  അമ്മയാണെന്നു പറയുന്നതു കേട്ട്
വിറ്റുപോയ പശുവിനെ ഓർത്തിട്ടാവണം
അമ്മ കരയുന്നത്
ഞാൻ കണ്ടിട്ടുണ്ട്.

അന്ന്
ഞാൻ
മണ്ടനെന്ന്
എല്ലാവരും വിളിച്ചിരുന്ന
തീരെച്ചെറിയൊരു കുട്ടിയായിരുന്നു