Saturday, January 29, 2011

മുങ്ങാങ്കുഴിയിട്ടവനേ പൊങ്ങി വാ... പൊങ്ങി വാ...

വറ്റിയ പുഴയുടെ കരയിൽ
മരിച്ചുപോയവന്റെ മകനെപ്പോലെ
ഒരു മരമുണ്ടായിരുന്നു
ഓരോ ഇലകൾക്കുമിടയിലെ
നിശ്ശബ്ദതയിൽ
സങ്കടങ്ങളടക്കിപ്പിടിച്ച്...

എനിയ്ക്ക്
പുണരണമെന്നുണ്ടായിരുന്നു അതിനെ
നെഞ്ചിനോടു ചേർന്നു നിന്നപ്പോൾ
അതിന്റെയുള്ളിൽ
ഒരു പുഴ
തടംതല്ലി ഇരമ്പിയാർക്കുന്നതു കേട്ടു

ഞാനതിന്റെ
നാട്ടുനെല്ലിക്കാ മണമുള്ള തണൽകുടിച്ച്
മലർന്നു കിടന്ന് നോക്കിയപ്പോൾ
വറ്റിപ്പോയ പുഴ
ആകാശത്ത്
ഗതികിട്ടാതെ പലതിരകളിൽ
പല ചുഴികളിൽ
ചുറ്റിത്തിരിയുകയായിരുന്നു

ഉള്ളിലെ പുഴക്കരയിൽ
വെള്ളത്തിലൊലിച്ചുപോയ
അമ്മയെ നോക്കി
ഒരുണ്ണി
വിതുമ്പി വിതുമ്പിക്കരയുന്നുണ്ടായിരുന്നു...

ഞാനവന്റെ നിലവിളിയാണെന്ന്
ഞാനവന്റെ ഉള്ളിലെ വീർപ്പുമുട്ടലാണെന്ന്
ഞാനവനെ പുഴയിലേയ്ക്ക് തള്ളിയിട്ട്
രക്ഷപ്പെടേണ്ടവനാണെന്ന്
കൈകളിൽ വിറ,
കാലുകളിൽ കനലിലെന്നപോലൊരാവേഗം,
ഹൃദയത്തിൽ പുലി നഖങ്ങളാൽ വരഞ്ഞിട്ട
മുറിവുകളിൽ നിന്നൊഴുകി വരുന്ന
അതിവേഗ ശരഗതിയാർന്ന
ഒരു രക്തനദി

സമയം പലനിറങ്ങളായി
പൊട്ടിയൊഴുകിയ
ഒരത്ഭുതനിമിഷത്തിൽ
വറ്റിപ്പോയ പുഴ
മരിച്ചവരുടെ ഒരരൂപശിഖരമായി

അവനവളെ
കാറ്റെന്നുംകുളിരെന്നും പേരുള്ള
എന്റെയമ്മേയെന്നു വിളിച്ചുകൊണ്ട്
ഇരുളിലേയ്ക്ക്
ഇരുളിലേയ്ക്ക്
പിന്നെയുമിരുളിലേയ്ക്ക്
മുങ്ങാങ്കുഴിയിട്ടു

കുളിരുള്ള കാറ്റിന്റെ രൂപമണിഞ്ഞ
ഒരു പുഴ
ഞാനാണു മോനേ
ഞാനാണു മോനേയെന്ന്
പാലുകിനിഞ്ഞൊഴുകുന്ന മുലകളുമായി
അവനു പിന്നാലെ
തിരക്കിട്ടൊഴുകുവാൻ തുടങ്ങി...

മുങ്ങാങ്കുഴിയിട്ടവനേ
പൊങ്ങി വാ
പൊങ്ങി വായെന്ന്
ഒന്ന്... രണ്ട്... മൂന്ന്...
എന്നിങ്ങനെ
ശ്വാസം വിടാതെ ഞാനിപ്പോഴും
എണ്ണിക്കൊണ്ടേയിരിക്കുന്നു...

Friday, January 21, 2011

തിടുക്കം

പോത്തിന്റെ ചൂര്‌...
കാലനാണെന്നു തോന്നുന്നു...
ഇനിയെങ്കിലും
എല്ലാം മറന്ന്
ആളിക്കത്താതെ വയ്യാ!

സങ്കടകരം

ആഹ്ളാദിക്കേണ്ടി വരുമ്പോഴെല്ലാം
ഈയുള്ളവന്റെ ശരീരം
ഒരു ജഡമാകും..

വേദനിയ്ക്കേണ്ടിവരുമ്പോഴാണ്‌
രക്തം
ശരീരത്തെയാകെ
ഒരു പൂമരമാക്കുന്നത്.

അപ്പോൾ
വസന്തമായെന്ന് തെറ്റിദ്ധരിച്ച്
എണ്ണമറ്റ പറവകൾ
എന്റെ ഇന്ദ്രിയങ്ങളുടെ ചില്ലകളിൽ
പറന്നിറങ്ങും
തുടുത്ത ആപ്പിളിന്റെ
നിറമുള്ള ലിപികളിൽ
പലതരം പ്രശംസകൾ
അവരെന്റെ കവിളിൽ കൊത്തി വെയ്ക്കും
ഞാൻ പിന്നെയും ആഹ്ളാദവാനാകും

അത്തരം സമയങ്ങളിൽ
ശരീരം
എന്നോട് പിണങ്ങി
ഒരു ജഡമാകും

ഒരറബിപ്പാമ്പ്

മുതലാളിത്തത്തിന്റെ കാലുകൾ
എവിടെക്കണ്ടാലും
ആഞ്ഞുകൊത്തി വിഷം കേറ്റിയിരുന്നു
സഖാവ് കണ്ണേട്ടൻ

പാടത്തൊരൊളിപ്പോരാളിയായി
പുല്പടർപ്പുകൾക്കിടയിൽ പുതഞ്ഞുകിടക്കും
തണുപ്പാസ്വദിച്ച് ,
പുന്നെല്ലിന്റെ മണമാസ്വദിച്ച് ,
നെല്ലിൻപാലിന്റെ രുചിയാസ്വദിച്ച് ,
ചാഴിമണം കുടഞ്ഞുകളഞ്ഞ്...

ചിലപ്പോൾ ഉയരമുള്ള കയ്യാല നുഴഞ്ഞുകയറി
വേലിത്തറിവിടവുകൾ വകഞ്ഞു മാറ്റി
ഒരു പൊട്ടക്കിണറ്റിനരുകിലേയ്ക്കോ
ഓവുചാലിലേയ്ക്കോ
പനിച്ചൂടുള്ള ഉറവവെള്ളത്തിലേയ്ക്കോ
അരുവിക്കുളിരിന്റെ വളയങ്ങളിയ്ക്കോ
ഒന്നു മുങ്ങിയമരും

വെഷമുള്ള ജാതിയല്ലേന്ന്
കരുതിയിരിയ്ക്കും
ചുറ്റിലുമുള്ള ജന്തുക്കൾ
അന്നൊക്കെ
ഭയം എല്ലാവർക്കും
ഒരപ്രതീക്ഷിത വിരുന്നുകാരൻ തന്നെ

എന്നിട്ടും
അവരു പോലും
അതിന്റെ ഒരു ഞെട്ടലിലേയ്ക്ക്
ചിലപ്പോൾ കയ്യോ കാലോ തലയോ വെച്ചു കൊടുത്തിരുന്നു

നല്ല ലോഹദ്രവം പോലുള്ള നട്ടുച്ചയ്ക്കോ
ഒരപ്രതീക്ഷിത പാതിരാവിലെ നീലജലാശയത്തിലോ,
നാട്ടുമങ്ങൂഴച്ചാരം മൂടിയ കുണ്ടനിടവഴിയിലോ വെച്ച്
സഖാവ് പത്തിവിരിച്ചവതരിയ്ക്കും

വർഗ്ഗസമരത്തിന്റെ ഒരാട്ടമാടും ,
ഒരാൾപ്പൊക്കത്തിൽ വാലുകുത്തിയുയർന്ന്
ഉണർത്തുപാട്ടിന്റെ ഒരു സീൽക്കാരമിടും

തെരുവുകടകളിലെ വിളക്കുകൾ
ഒന്നൊന്നായി ഇരുട്ടിലേയ്ക്കു തന്നെ തല പിൻവലിയ്ക്കുമ്പോൾ
പാമ്പുകൾക്ക് മാളമുണ്ട് പറവകൾക്കാകാശമുണ്ട്
എന്നൊരു റേഡിയോപ്പാട്ട് കേട്ട്
പത്തിതാഴ്ത്തി
തലതാഴ്ത്തി
മാളത്തിലേയ്ക്കു തന്നെ മടങ്ങും.

തൊണ്ണൂറുകളിൽ
ഉദാരവൽക്കരണമെന്നൊരു കൂടയുമായി
പാമ്പുവേലായുധനിറങ്ങിയപ്പോൾ
സമയം പന്തിയല്ലെന്ന്
ആരോ സഖാവിനു
കള്ളിൽ കൈവിഷം കൊടുത്തു

അങ്ങനെ കൂട കിടന്നിടത്ത്
പടം പൊഴിച്ചിട്ട്
കടന്നു കളഞ്ഞു കണ്ണേട്ടൻ

ഏഴാംനാളിൽ പൊങ്ങിയത്
പെട്ടിപൊളിച്ച്
ഉഗ്രവിഷമുള്ളൊരണലിയായി
ഗൽഫിലൊരു മണൽപ്പൊത്തിൽ,
മുതലാളിത്തത്തിന്റെ കയ്യോ കാലോ കണ്ണില്പെടാതിരിക്കാൻ
മണലിലങ്ങനെ പുതച്ചുമൂടി...

അനുരാഗ നഗരം

ഒരപ്രതീക്ഷിത സ്ഫോടനത്തിൽ
വൻ നഗരമാകെ
തകർന്നടിഞ്ഞു.

ഒരാൾ മരിച്ചു
മറ്റേയാൾ
രക്ഷപെട്ടു

രണ്ട് പേർക്കുമാത്രമായി
ഇത്ര വലിയ നഗരമോ
എന്ന്
മറ്റു വാർത്തകൾ
അത്ഭുതംകൂറി നിന്നു

Tuesday, January 11, 2011

അറിയിപ്പ്

ഇന്നലെ രാത്രിയിൽ
മനോഹരമായ
ഒരു പ്രണയമിന്നലിൽ
എന്റെ ഹൃദയവും
ശരീരവും
കത്തിക്കരിഞ്ഞു പോയിരിക്കുന്നു

മരിച്ചടക്കിനു വരുന്നവരേ
ദയവായി
പുഷ്പചക്രങ്ങൾ കൊണ്ടുവരരുത്

ഇനി
ഒരു പൂക്കളുടേയും
സുഗന്ധഭാരം ചുമക്കുവാൻ
എനിയ്ക്കാവതില്ല

Friday, January 7, 2011

കളി

മൊഹാലിയിൽ
ഒരു സെഞ്ച്വറി
ഗ്വാളിയോറിൽ ഡക്കൗട്ട്

സ്റ്റേഡിയം മാറുന്നതുപോലെയാണ്‌
ഒരു പ്രണയത്തിൽ നിന്ന്
മറ്റൊരു പ്രണയത്തിലേയ്ക്ക്
ഒരുവൻ
കളിക്കളം മാറ്റുന്നത്

സ്ലിപ്പിൽ പിടികൊടുത്ത്
സെഞ്ച്വറി നഷ്ടപ്പെടുന്നതിൽ
ദുഃഖഭരിതമാകും
ചില കൂറ്റൻ സ്ട്രോക്കുകൾ,
കൊച്ചിയിലായാലും
മെൽബണിലായാലും.

വരമുറിച്ചുകടന്ന്
അതിർത്തിഭേദിയ്ക്കും
ചിലത്

ആകാശത്തേയ്ക്ക്
നടുവളഞ്ഞുയർന്ന്
മഴവില്ലിന്റെ
നഗ്നമായ ഒരുടൽ വരച്ചു വെയ്ക്കും
വേറെ ചിലത്

ഈഡൻ ഗാർഡനിലോ
പെർത്തിലോ
ഇടവഴിയിലൂടെ നടക്കുമ്പോൾ
അപ്രതീക്ഷിതമായി ഒരാൾ റണ്ണൗട്ടാകും..

സിഡ്നിയെന്നോ
ലാഹോറെന്നോയില്ല
അപ്രതീക്ഷിത ബൗൺസറുകൾ
പിൻകഴുത്തിലുരസ്സി
കീപ്പറുടെ കൈയ്യിലൊതുങ്ങാൻ

ഇരട്ടസെഞ്ച്വറിയുടെ ആഹ്ളാദം
കൈയ്യടിച്ചു തീരും മുൻപേ
ഒരു യോർക്കറിൽ
മിഡിൽ സ്റ്റമ്പ് തെറിപ്പിയ്ക്കും
ചില പ്രണയ ബോളുകൾ

ആളൊഴിഞ്ഞ പവലിയനിൽ
ഒറ്റയ്ക്കിരുന്ന്
മനോഹരമായ ആ ഒരിന്നിങ്ങ്സിനെപ്പറ്റി
എന്റെ പിഴ എന്റെ പിഴ
എന്റെ വലിയ പിഴ എന്ന്
ഒരിയ്ക്കലെങ്കിലും
കരയാതിരിക്കില്ല
വിരമിയ്ക്കുന്നതിൻ മുൻപ്
ഓരോ കളിക്കാരനും