Saturday, August 13, 2011

അകം പുറങ്ങളുള്ള മഴ, മഞ്ഞ്, വെയിൽ...

കുട്ടിയായിരുന്നപ്പോൾ
എനിയ്ക്കിഷ്ടമായിരുന്നു
കാറ്റിനെ കുളിരിനെ മഴയെ മഞ്ഞിനെ
കാ കാ എന്നു കാക്ക കൊത്തി
താഴേയ്ക്കിടുന്ന വെയിലിനെ

അന്നു കാറ്റിനോ കുളിരിനോ
മഴയ്ക്കോ മഞ്ഞിനോ
അകം പുറങ്ങളുണ്ടായിരുന്നില്ല
അകത്തൊന്നും പുറത്തൊന്നുമെന്ന്
അവ യാതൊന്നുംതന്നെ
ഒളിപ്പിച്ചുവെച്ചിരുന്നില്ല

ഇങ്ങനെ പ്രദർശിപ്പിച്ചു നടക്കുന്നതുകൊണ്ട്
എനിയ്ക്കിഷ്ടമായിരുന്നു
സുതാര്യമായ
കാറ്റിനെ കുളിരിനെ മഴയെ മഞ്ഞിനെ.

ഞാനവരെ
അമ്മേ,ഏട്ടത്തീ,അയൽക്കാരീ, കൂട്ടുകാരീ
എന്നൊക്കെ
പല ഈണങ്ങളിൽ
അർത്ഥഭേദങ്ങളിൽ വിളിച്ചിരുന്നു.

വളർന്നപ്പോളാണ്
മരങ്ങളുടെ മറവിലൂടെ
ഇഴഞ്ഞിഴഞ്ഞു വന്ന ഒരു കാറ്റ്
ആദ്യമായി
മാറിടം വിവൃതമാക്കി
ഒരു നിശബ്ദതയെ കാണിച്ചു തന്നത്

മഞ്ഞു മൂടിയ അചലശൈലങ്ങൾ പോലെ
ഘനീഭവിച്ചതടവറയിൽ അടക്കിപ്പിടിച്ച
കൊടുങ്കാറ്റിനെ അന്നാണു ഞാൻ
നേരിട്ടുകണ്ടത്

പിന്നൊരിക്കൽ പാതിരാക്കുളിര്
ഉള്ളംകൈ വിടർത്തിക്കാണിച്ചപ്പോൾ
ഇളം ചൂടുള്ള ഒരു കമ്പിളിവീടുണ്ടതിനുള്ളിൽ
ഉടുത്തൊരുങ്ങി നിൽക്കുന്നു.

മഴ മറ്റൊരു ഋതുവിലേയ്ക്ക്
പുറം ചെരിഞ്ഞു കിടന്നപ്പോൾ കണ്ടു ഞാൻ
വേനൽ വിയർപ്പു പൊടിഞ്ഞ
പിൻ കഴുത്തിന്റെ നഗ്നത

വെയിലിന്റെ കണ്ണിലുമ്മ വെയ്ക്കുമ്പോൾ
കണ്ടു,
രാത്രിയുടെ ശിരോ വസ്ത്രത്തിനു താഴെ
തണുത്തുറഞ്ഞു പോകുന്നു
പേടിയുടെ ഒരു പുഴ

ശീതഭൂതത്തിന്റെ മഞ്ഞിലൂടെ
വിരലോടിക്കുമ്പോൾ
ഒരു നീരുറവയുടെ ചൂടേറ്റ്
വിരലുകൾ പൊള്ളിപ്പനിക്കുന്നതും കണ്ടു

മരണം തുറന്നു നോക്കുമ്പോൾ
പലലോകങ്ങളെന്ന പോലെ
മഞ്ഞിനും മഴയ്ക്കും
വെയിലിനുമുണ്ട്
അകം പുറങ്ങളുള്ള പലതരം
ജീവിതങ്ങൾ

കാറ്റിലൂടെ വരും പനിച്ചു പനിച്ച് മഴകൾ
കുളിരിലൂടെത്തന്നെ വരും
തുളച്ചുതുളച്ചു കേറുന്ന വെയിൽവിശപ്പുകൾ

കൂട്ടുകാരീ നീയെന്നാണ്
അകം പുറങ്ങൾ മടക്കിവെച്ച്
എന്റെ കുട്ടിക്കാലത്തേയ്ക്കു
മടങ്ങിവരിക?