Friday, April 19, 2013

ആയുധജന്മം

കഴിഞ്ഞ ജന്മത്തിലെ ആഗ്രഹം
വളരെ വലുതായിരുന്നു

ഒരണു ബോംബായി
ലണ്ടനിലോ
മാഡ്രിഡിലോ
ന്യൂയോർക്കിലോ
വീണു ചിതറി
നാഗരികതയെത്തന്നെ
ചാമ്പലാക്കണമെന്നായിരുന്നു 
മോഹം

ഈഡിപ്പസ് കോപ്ലക്സാണെന്ന്
മുത്തശ്ശൻ പറഞ്ഞു പേടിപ്പിച്ചു

എങ്കിലും ജനി സ്മൃതികളിലുണ്ട്,
കെടാതെ നീറുന്ന
പൂർവപുണ്യ പുരാവൃത്തങ്ങൾ

വെടിയുണ്ടയായും
ഡൈനമിറ്റായും
പീരങ്കിയായും
ശിലകളിൽ കുറിച്ചിട്ട
പലതരം വീരപരാക്രമ ഗാഥകൾ

ലിങ്കൻ, ഗാന്ധി എന്നിങ്ങനെ
പലതരം പാറക്കെട്ടുകളുടച്ചു കളഞ്ഞ
ഒറ്റവെടികൾ
പല മരണ മഹാ നൃത്തശാകളിലാടിത്തളർന്ന
വീര സംഗ്രാമ സ്ഫോടന സുഖങ്ങൾ

മാസം കരിയുന്ന മരുഭൂമികൾക്ക് കുറുകേ,
മഹാന്മാരുടെ രക്തത്തിനു മീതെ,
വിശന്നു കത്തുന്ന കുഞ്ഞുങ്ങളുടെ ഉടൽക്കാടിനു മീതെ,
അംഗ ഭംഗം വന്ന
ശകലിത ശരീര സമുദ്രങ്ങൾക്കു മീതെ,
തുഴഞ്ഞ്
തുഴഞ്ഞ്
ഞാനെത്തിയ തീരങ്ങളിൽ
കത്തിജ്വലിച്ചു നിന്നിരുന്നു,
കെട്ടുപോവാതെന്റെ
സ്വകാര്യ സ്വപ്നസൂര്യൻ

ഇപ്പഴും
ഒരു തീത്തരി മാത്രം മതി
സഹസ്രജന്മങ്ങളെ ചിതറിത്തെറിപ്പിക്കാൻ

സംഭരിക്കപ്പെട്ടിട്ടുണ്ട്
പള്ളിയുടേയും ക്ഷേത്രങ്ങളുടെയും
പായലുണങ്ങിയ പിൻ നിലങ്ങളിൽ
ഒരു വെള്ളിടി വള്ളിപ്പടർപ്പ് മാതിരി
ആരുമറിയാതെ
ആരുംതുറക്കാതെ പ്രാകൃത ജനിതക ശേഖരം
ഹിംസയുടെ നൂറ് കൊമ്പുകൾ

ഒരണു ബോംബായി
വലിയ നഗരങ്ങൾക്കു മീതെ വീണു ചിതറി
നാഗരികതയെത്തന്നെ
ചാമ്പലാക്കണമെന്നായിരുന്നു 
മോഹം

പക്ഷേ
പിഴച്ചു പിറന്നത്
ശിവകാശിയിൽ;
ദീപാവലിയ്ക്കോ വിഷുവിനോ
തിരുപ്പിറവിയുടെ വെളിച്ചം പരത്താനോ
കുട്ടികൾ പൊട്ടിച്ചു തീർക്കുന്ന
നിഷ്ഫലജന്മമായി

Monday, April 15, 2013

ഏകാന്ധത

അന്ധത* എന്ന നോവൽ
വായിച്ചുകൊണ്ടിരിക്കുകയായിരുന്നു.

സാവധാനം
മഞ്ഞുപാടം പോലെ വിചിത്രമായ ഒരു മങ്ങൽ
കണ്ണുകളെ മൂടുവാൻ തുടങ്ങി.
ഒന്നു കണ്ണുചിമ്മിയപ്പോൾ തന്നെ
തുഷാരബിന്ദുക്കളിൽ നിന്ന് പ്രഭാതം പോലെ
കാഴ്ച
പെട്ടെന്ന് വീണ്ടെടുക്കപ്പെടുകയും
വെട്ടിത്തിളങ്ങുകയും ചെയ്തു.

എങ്കിലും പേടിക്കാതിരുന്നില്ല.

അറിയാം
അന്ധത
ഏതുകാലത്തേക്കാളുമധികം 
ഭയാനകമാണിപ്പോൾ

ആ നേരത്ത്
'കിങ് ഓഫ് വാർഡ് 3'  എന്ന ദുഷ്ട കഥാപാത്രത്തെ
കണ്ണ് ഡോക്ടറുടെ ഭാര്യ കശാപ്പ് ചെയ്യുന്ന
ഉദ്വേഗജനകമായ സന്ദർഭം,
ആകാംഷയുടെ ഒരു നൂൽപ്പാലത്തിലൂടെ നടന്ന്
വായിക്കുകയായിരുന്നു.

പെട്ടെന്ന്
ചായ കുടിക്കണമെന്നു തോന്നി

കുറേ വാക്കുകൾ
ഒരു ചായയ്ക്കുവേണ്ടി
മുറിയ്ക്കകത്തേയ്ക്ക് കയറിപ്പോയി.

അകം നിശബ്ദമായി ചായയുടെ മണത്തിൽ
അലിഞ്ഞു ചേർന്നു...
തോട്ടത്തിൽ നിന്ന്
നുള്ളിയ ഇലയുടെ മണമുള്ള കാറ്റുമായി
പ്രിയംവദ വരുന്നതും നോക്കിയിരിക്കുമ്പോൾ
ആകസ്മികതയുടെ കുപ്പായമിട്ട് വന്നത്
പട്ടുരോമങ്ങൾ കൊണ്ട് മിനുസപ്പെട്ട
ഒരു പൂച്ച

ഞാൻ  അകത്തേയ്ക്ക് നോക്കി
നിശ്ശബ്ദതയിൽ അലിഞ്ഞുപോയവളെ
വാക്കുകൾ കൊണ്ട് തിരിച്ചു  വിളിച്ചു :
'ദേ നോക്കടീ,
നമ്മുടെ പൂമുഖത്ത്
പട്ടുരോമങ്ങളുള്ള ഒരു പൂച്ച'

സ്ത്രൈണമായ  ആകാംക്ഷകളെ
താലോലിക്കുന്ന മട്ടിൽ,
പൂച്ച
അതിപുരാതനമായ നായികഭാവം പൂണ്ട്
ചുറ്റും നോക്കിയിട്ട് എന്നോട് പറഞ്ഞു:
'പൂച്ചയല്ല ചേട്ടാ,
ഞാൻ ചേട്ടന്റെ പ്രിയംവദയാണ്'

സംസാരിക്കുന്ന ഒരു പൂച്ചയെ ,
(അതും ഭാര്യയാണെന്നവകാശപ്പെടുന്ന ഒരു പൂച്ചയെ)
സാധ്യതകളുടെയും
ആലീസിന്റെയും
അത്ഭുതലോകത്തിനു വെളിയിൽ,
ജീവനോടെ,
ആദ്യമായി കാണുകയായിരുന്നു.

എന്നിൽനിന്നു പുറപ്പെട്ടുപോയ ഒരൊളിനോട്ടം
പൂച്ചയേയും
പൂച്ചയിൽ നിന്നു പുറത്തേക്ക് ചാടിയ ഒരൊളിനോട്ടം
എന്നെയും
കൗതുകത്തോടെ
നിരീക്ഷിച്ചു കൊണ്ടിരുന്നു

ആ  വിധം മനോഹരമായി
നോക്കി നോക്കിയിരിക്കുമ്പോൾ
പൂച്ച
എന്റെ   ഇരിപ്പിടത്തിലേക്ക് ഒരത്ഭുതം തെറിപ്പിക്കുവാനും
പരിഭ്രമത്തിൽപ്പെട്ടുഴറുവാനും തുടങ്ങി.

പിന്നെ എങ്ങോട്ടെന്നില്ലാതെ
എവിടെയോ ഉണ്ടെന്ന് കരുതുന്ന എന്നെ ലക്ഷ്യമാക്കി
എട്ടു ദിക്കുകളിലേക്കും
വിളിച്ചു പറഞ്ഞു:

'നോക്ക് ചേട്ടാ, ചേട്ടന്റെ കസേരയിൽ ഒരു കുറുക്കൻ'

ഞാൻ എന്നെത്തന്നെ നിരീക്ഷിച്ചു കൊണ്ട്
ഭാര്യയാണെന്നവകാശപ്പെടുന്ന പൂച്ചയോട്
കയർത്തു

ഒരു കുറുക്കൻ സംസാരിക്കുന്നത്
കുട്ടിക്കഥയിലല്ലാതെ കേട്ടിട്ടില്ലെന്ന മട്ടിൽ
അവളെന്റെ മുഖത്തേയ്ക്കൊരു 
ചൂട്ട് വീശി

ഞങ്ങൾ പരസ്പരം
കുഴിച്ചു നോക്കി.

ഉണ്ടായ കിണറിന്റെ ആഴത്തിൽ
വെള്ളത്തിന്റെ ചില്ലു കണ്ണാടിയിൽ
അവളൊരു കുറുക്കനേയും
ഞാനൊരു പൂച്ചയേയും 
കണ്ടു

വിശേഷപ്പെട്ട ഒരു തരം ഏകാന്ധതയിൽ
ഞങ്ങളങ്ങനെ പരസ്പരം
കെട്ടുപിണയുവാൻ തുടങ്ങി.

വായിച്ചു തീരാത്ത നോവൽ
അതിന്റെ ക്ലൈമാക്സിനെ
താളുകൾക്കിടയിൽ അടക്കിപ്പിച്ചിരുന്നു..
-----------------------------------------------
*ഷൂസെ സരമാഗോവിന്റെ  ബ്ലൈൻഡ്നെസ് എന്ന നോവൽ.
ഇതിലെ ഒരു നഗരത്തിൽ
അന്ധത ഒരു പകർച്ച വ്യാധി പോലെപടരുന്നു.

Friday, April 5, 2013

ഡാഡി ഒരു ചോക്ലേറ്റായിരുന്നു

അടി മുതൽ മുടി വരെ
ഡാഡി
ഒരു ചോക്ലേറ്റായിരുന്നു,
കൊക്കോപ്പൊടിയുടെ മണം പൊഴിക്കുന്ന
സ്വർണ്ണക്കൂടിനുള്ളിൽ പൊതിഞ്ഞുവെച്ച
ഒരു ചോക്ലേറ്റ്.

ഒറ്റയ്ക്കിരിക്കുമ്പൊൾ
ഉണ്ണി നുണഞ്ഞു തീർക്കും
രുചികരം ഡാഡിയുടെ വിരലുകൾ
ഹൃദയം, കരൾ ,
തലയോട്ടിയിൽ ഒളിച്ചു പാർപ്പിക്കുന്ന സ്വപ്നങ്ങൾ
ഒക്കെ

പകലിൽ
എവിടെയെല്ലാമോ അലഞ്ഞുതിരിഞ്ഞ്
അലഞ്ഞു തിരിഞ്ഞ്
പിന്നെയും തിരിഞ്ഞ് തിരിഞ്ഞ്
ഡാഡി മടങ്ങി വരുമ്പോൾ
ഉടലിൽ നിന്ന്
കൊക്കോ പൊടിച്ചുണക്കുന്ന മണം പരക്കും
അപ്പോൾ
ഉണ്ണി സ്നേഹമസൃണമായി കടിച്ചെടുക്കും
ഡാഡിയുടെ ചുണ്ടുകൾ

രാത്രിയാവുമ്പോൾ
തണുത്ത വായുവിൽ
ആകാശം കണ്ടുകിടക്കുന്ന സ്വപ്നശിശിരങ്ങളിൽ
അടിമുതൽ മുടിവരെ
ഡാഡി ഒരു ചോക്ക്ലേറ്റായി മാറും.

ഒടുവിൽ
വർണ്ണക്കടലാസിന്റെ പൊതി
മൂലയിലുപേക്ഷിക്കും
വേലക്കാരി അടിച്ചു വാരും
വേസ്റ്റ് ബാസ്കറ്റ് വീർപ്പുമുട്ടിച്ചുമക്കും
നഗര സഭയുടെ വണ്ടിയിൽ
വിലാപയാത്രയായി കൊണ്ടു പോകും
ഗ്രാമത്തിൽ വെച്ച് ആളുകൾ തടയും
ഇവിടെ വേസ്റ്റുകൾ നിക്ഷേപിക്കരുതെന്ന്
പലതരം കയ്യുകൾ
ചുരുണ്ടു ചുരുണ്ട് ആകാശത്തേയ്ക്കുയരും

അപ്പോൾ ഡാഡി ആരാണെന്ന്
ഡാഡിയുടെ കണ്ണുകളിൽ നിന്നു തന്നെ
അത്ഭുതവള്ളികൾ വളരുവാൻ തുടങ്ങും
അവയുടെ ഇലകളുടെ അറ്റത്ത്
കൊഴിഞ്ഞു വീഴണോ എന്നു പരിഭ്രമിക്കുന്ന
സങ്കടങ്ങളുടെ
മെലിഞ്ഞ
മഞ്ഞുതുള്ളികൾ ഉരുണ്ടു കൂടും

ദൂരെ ദൂരെയിരിക്കുമ്പൊഴും എനിയ്ക്കറിയാം
ഡാഡി കരയില്ല

അടിമുതൽ മുടി വരെ
ഡാഡി ഒരു ചോക്ക്ലേറ്റായിരുന്നു
ഉപ്പുരസമുള്ള കടലിനെ പരിചയപ്പെടുത്താൻ
മറന്നു പോയ
ഒരു രുചി

Thursday, April 4, 2013

നിഴൽ നായ


കുറുപ്പു ചേട്ടന്റെ നായ
നന്നേ പുലർച്ചയ്ക്ക്
നാട്ടിലേക്കിറങ്ങും
ആലപ്പുഴവരെ നടക്കും
പുന്നപ്ര വയലാറൊക്കെ പോകുന്ന പോക്കിൽ പിന്നിടും
നടന്നു മടുക്കുമ്പോൾ
ബോട്ട് ജെട്ടി വഴി മാർക്കറ്റിലേക്കിറങ്ങും

മീൻ വെള്ളമൊഴുക്കിവിടുന്ന കാനയിലൊക്കെ
മണത്തു നോക്കും
എന്തു ദുർഗന്ധമാണിവിടെയൊക്കെയെന്നു
മുറുമുറുക്കും

ഉച്ചയാവുമ്പോഴേയ്ക്കും
പുറപ്പെട്ടിടത്തു തന്നെ തിരിച്ചെത്തും
തീറ്റയൊക്കെ കഴിഞ്ഞ് അലസമായി ഒരു കിടപ്പുണ്ട്

നാവ് പുറത്തേയ്ക്കിട്ട്ഇടയ്ക്ക്
സ്വപ്നങ്ങളെ  നൊട്ടി നുണഞ്ഞുകൊണ്ടിരിക്കും

അറവുകാരന്റെ തൂക്കുമേലാപ്പിൽ നിന്ന്
രക്തത്തുള്ളികൾ നാവിലേക്കിറ്റു വീഴുന്നതും
പകൽക്കിനാവ് കാണും

കുറച്ചു റീലുകളിലെങ്കിലും
അറവുകാരനെ കുരച്ചോടിക്കാൻ കഴിയുന്ന
സിനിമാ നായകനാകുന്നത്
സങ്കല്പിച്ചു കിടക്കും

നേരമിരുട്ടുമ്പോൾ,
മാറ്റിനി കഴിഞ്ഞ്
പതുങ്ങിപ്പതുങ്ങി,
തലയിലൊരമ്പിളിക്കല കുത്തി
കടൽ വേലിയേറി വരുന്നതറിയും
തിര മദാലസയായി മറിഞ്ഞ് മറിഞ്ഞ് ശബ്ദമുണ്ടാക്കും
കള്ളന്മാർ കോഴിയെ കട്ടുകൊണ്ടു പോകും
പാറുവമ്മയെ തേടിവരുന്ന ഒരു കള്ളക്കാറ്റ്
വാതിൽ മറ തുറക്കും

മിണ്ടില്ല,
എല്ലാമറിയാമെങ്കിലും
അനങ്ങാതെ കിടക്കും

പാതിരാവാകുമ്പോൾ  കടലിറങ്ങും
തിരകൾ പരമ ശാന്തരാകും
അപ്പോൾ തുടങ്ങും
മുറ്റത്തേയ്ക്കിറങ്ങി നിന്ന് കുര:
നിർത്താതെ നിർത്താതെ നിർത്താതെ

ഈ നായയ്ക്കിതെന്തിന്റെ കേടാണെന്ന്
കെട്ടുവള്ളം തുഴയുന്ന പാതിരാത്തുഴക്കാർ
പരിഹാസത്തിന്റെ
ഉപ്പുനീറ്റുന്ന ഒരു ചിരിച്ചാലിലൂടെ
അകന്നകന്നു പോകും...

അപ്പോൾ
കുറുപ്പു ചേട്ടന്റെ നിഴൽ നായ
ഇരുട്ടത്തു നിൽക്കുന്ന
കുറുപ്പുചേട്ടനെ
സങ്കടത്തോടെ നോക്കും...