Monday, November 26, 2012

വിവരസാങ്കേതിക വിദ്യയുടെ കാലത്ത് ഒരു ജഡം


അമ്മേ ദേ വന്ന് നോക്ക്
അപ്പന്റെ ജഡം ഫേസ്ബുക്കില്

മോന്റെ നിലവിളിയും
കരിയാൻ വെമ്പി നിൽക്കുന്ന മുട്ടയപ്പത്തിന്റെ മണവും
ഇടകലർന്ന നല്ല പരുപരുത്ത നട്ടുച്ച നേരത്ത്
സൗദാമിനി
തപ്പിത്തടഞ്ഞ്
കൈതുടച്ച്
ലാപ്പ് ടോപ്പിന്റെ മുന്നിലെത്തുന്നു

ശരിയാണല്ലോ
സൂക്ഷിച്ചു നോക്കുന്നു സൗദാമിനി
കണ്ണ് വട്ടം പിടിച്ച് പിന്നെയും നോക്കുന്നു സൗദാമിനി

നീണ്ട് മലർന്ന്
കണ്ണ് തുറിച്ച്
കൈയ്യും കാലും ചതഞ്ഞരഞ്ഞ്
അങ്ങോരുടെ തന്നെ ജഡം.

പെട്ടെന്നൊരു മഞ്ഞുകാലം
നെറുകന്തല വരെ പെരുത്തു കേറി

സൗദാമിനി അയ്യോ അമ്മേ നാട്ടുകാരേയെന്ന്
പരമാവധി ഉച്ചത്തിൽ
ലൗഡ് സ്പീക്കറിനെ അനുസ്മരിപ്പിക്കുന്ന വോളിയത്തിൽ
സഹായത്തിനു വിളിക്കുന്നു

ശരിയാണല്ലോ
കൈകാലുകളറ്റ്
ചിറികോടി
രക്തമെല്ലാം തറയിലേയ്ക്കൊഴുകിപ്പരന്ന്
വണ്ടി കേറിയ പോലെ കിടപ്പിലാണല്ലോ
കുഞ്ഞപ്പൻ.

കുഞ്ഞപ്പനിതെന്നാ പറ്റിയെന്ന്
മൂക്കത്ത് വിരലുവെയ്ക്കുന്നുണ്ട് , നാട്ടുകാര്

മുട്ടയപ്പം കരിയുന്നുണ്ട്
അടുക്കള പുകയുന്നുണ്ട്
എനിയ്ക്കൊന്നുമറിയാമ്മേലേന്ന്
സൗദാമിനി കരയുന്നുണ്ട്
ഞെഞ്ചത്തടിച്ച്
കരള് തല്ലിച്ചതയ്ക്കുന്നുണ്ട്
ഒന്നുമറിയാണ്ട്
മക്കളും കൂടെ കരയുന്നൊണ്ട്

ദേ ഇപ്പ വരാന്നു പറഞ്ഞോണ്ടെറങ്ങിയതാ,
നേരം പെരപെരാന്നു വെളുത്തപ്പോ.
കാണാണ്ടായപ്പം ഞാങ്കരുതി
അങ്ങാടീലെങ്ങാനും പോയതാന്ന്
കെ എസ് എഫീലു ചിട്ടിപ്പണം കെട്ടാൻ പോയതാന്ന്
മോൾടെ ടീച്ചറെക്കാണാൻ പോയതാന്ന്
മോണിങ്ങ് ഷോയും കഴിഞ്ഞ്
ഉച്ചയൂണിനു മുമ്പിങ്ങെത്തുമെന്ന്

ചതിച്ചല്ലോ ഭഗവതീ
കെടപ്പ് കണ്ടില്ലേ…

പെണ്ണുങ്ങൾ വന്ന്
ഉള്ളിലേക്ക്
തണുത്തവാക്കുകൾ ഒഴിച്ചു കൊടുക്കുന്നുണ്ട്

സങ്കടം മൂക്കുചീറ്റിക്കളയുന്നുണ്ട്
കോന്തലകൊണ്ട്  കണ്ണീരൊപ്പി നീക്കുന്നുണ്ട്
കണ്ണിലിപ്പോൾ കരിന്തിരി പുകയുന്നുണ്ട്

വന്ന വന്ന
പുരുഷന്മാർ
ഫേസ് ബുക്കിന്റെ മുൻപിൽ ശവത്തിനു കാവലാണ്
ഈച്ചയാട്ടണമെന്ന് കരുതുന്നുണ്ട്
സാമ്പ്രാണി കത്തിയ്ക്കണമെന്നു വിചാരിക്കുന്നുണ്ട്.
പന്തലിടണമെന്നുംനാലുപാടുമോടണമെന്നും
ആലോചിക്കുന്നുണ്ട്
പലരും കൂടിയാലോചിക്കുന്നുണ്ട്.

മിഴിച്ചു നിക്കാണ്ട്
ആരേലുമൊന്ന് കേറി നോക്ക്
മക്കടപ്പന് എന്നാ പെണഞ്ഞെന്ന്.

നാരായണൻ ചേട്ടാ
നിങ്ങളൊന്നകത്ത് കേറി നോക്ക്
മക്കടപ്പന് എന്നാ പെണഞ്ഞെന്ന്

സൗദാമിനി
ഞങ്ങളെന്നാ ചെയ്യാനാ
ഇതിനകത്തോട്ടെങ്ങനെ കേറാനാ
അവന്റെ മൊബൈലാണെങ്കിൽ സ്വിച്ചോഫാ
ഈ കുന്ത്രാണ്ടത്തിലിങ്ങനെ കെടന്നാ
ഞങ്ങളെന്നാ ചെയ്യാനാ?
എല്ലാരും  കൈമലർത്തി
ഫെയ്സ് ബുക്കിൽക്കിടന്ന ജഡം
നേരത്തോട് നേരമാകാനുള്ള ദൂരം പാതി പിന്നിട്ടു

മക്കടപ്പന്റെ ജഡം
ആരും തൊടാതെ
ഈച്ചയാർത്ത്
ഫേസ് ബുക്കിൽ തന്നെ കിടപ്പുണ്ട്
ആംബുലൻസ് വരുന്നതും കാത്ത്.

Wednesday, November 14, 2012

കേൾക്കണം, നിശ്ശബ്ദത പറയുന്നത്...


ചിത്രകാരൻ ഒറ്റയ്ക്കിരുന്ന്
ഒരു ദേശം വരച്ചുണ്ടാക്കുകയായിരുന്നു
വടിവൊത്ത വരകളിൽ പതിനേഴായിരം വർണ്ണങ്ങളിൽ.
ഒരു ശില്പി
അതിൽ നിറയെ
മലകളും മരങ്ങളും കൊത്തിയുണ്ടാക്കുകയും

കവി അതിനു മീതെ
പച്ചക്കുപ്പായമിട്ട കൊച്ചുകുട്ടികളെ
താളത്തിൽ നടക്കാൻ പഠിപ്പിക്കുകയായിരുന്നു;
പാട്ടുകാരൻ
പുഴകളെ
ഭൂമിയുടെ ഉള്ളിൽ നിന്നു പുറത്തേയ്ക്ക്
മാടി വിളിച്ചുകൊണ്ടുവരികയും.

ദാർശനികൻ
ഗഹനമായ നീല സമുദ്രവും
അനന്തപ്രശ്നമായ ആകാശവും
സങ്കല്പിക്കുകയായിരുന്നു

കൃഷിക്കാരൻ
ആട്ടിൽ പറ്റങ്ങളെ തെളിയിച്ചുകൊണ്ട്
മേഘത്തിനു പിന്നാലെ പോകുന്ന
കാറ്റിനോടെന്നപോലെ
ഇടയനോട്
സല്ലപിക്കുകയായിരുന്നു
അയാളുടെ നെറ്റിയിൽ നിന്ന്
നെല്ലും ഗോതമ്പും ചോളച്ചെടികളും
മുളച്ചുപൊന്തുന്നുണ്ടായിരുന്നു

പെൺകുട്ടികളുടെ ഹൃദയത്തിൽ നിന്ന്
വസന്തം
നിറയെ പൂക്കളുമായി
സ്പന്ദനങ്ങളോടെ
നാടുകാണാൻ ഇറങ്ങി വന്നിരുന്നു

കല്പണിക്കാരൻ
കാറ്റിനു്
ആകാശത്തുനിന്ന് താഴേയ്ക്കിറങ്ങിവരാൻ
ജലം കൊണ്ട്
പടവുകൾ കെട്ടിയുണ്ടാക്കുകയായിരുന്നു

നടരാജനോളം പോന്ന ആട്ടക്കാരൻ
മഴയേയും പുഴയേയും
കാറ്റിലിളകും മരങ്ങളേയും
ചുവടുവെയ്ക്കാൻ പഠിപ്പിക്കുകയായിരുന്നു

ഒരു തുന്നൽക്കാരി
ആറ് ഋതുക്കളേയും ഉള്ളിൽത്തന്നെ പെറ്റ്
അവർക്കുവേണ്ട കുഞ്ഞുടുപ്പുകൾ
തുന്നിക്കൊണ്ടിരിക്കുകയായിരുന്നു

ചെരുപ്പുകുത്തി
എല്ലാക്കാലത്തിനും പാകമായ ചെരുപ്പുകൾ
കുത്തിക്കെട്ടുകയായിരുന്നു

കുശവൻ
ദൈവത്തിന്റെ ചക്രം കൊണ്ട്
ഭൂമിയെത്തന്നെ
ഒരു പാത്രമായി
രൂപാന്തരപ്പെടുത്തുകയായിരുന്നു

വയലിൽ നിന്നുരുകിയൊലിക്കുന്ന ഒരുവൻ
സ്വയം വിയർപ്പായി
ചെടികൾക്കടിയിലെ മൃദു ലോമങ്ങളിലേയ്ക്ക്
ജലമായി
പരിഭവമില്ലാതെ
താണുപോകുകയായിരുന്നു

ക്ഷീണിച്ചവളെങ്കിലും
ഉൽസാഹവതിയായ ഒരു പെണ്ണ്
ദൈവങ്ങൾ ഒളിപ്പിച്ചു വെച്ച
രുചികളായ രുചികൾ മുഴുവനും
പറുദീസയിൽ നിന്ന്
കട്ടുകൊണ്ടു വരികയായിരുന്നു

അപ്പോൾ
ഭൂമിയുടെ ആനന്ദമെന്ന്
കിളികൾ
പതിനാറുദിക്കുകളിലേക്കും പറന്നു ചിതറിയിരുന്നു

മയിലുകൾ,
മണ്ണിരകൾ
ഇനിയും ആയുസ്സ് തീർന്നിട്ടില്ലാത്ത കുഴിമടിയൻ ആമ
കാലമെത്രയോ ബാക്കിയുണ്ടിനിയുമെന്ന്
തീരെ തിടുക്കമില്ലാതിഴഞ്ഞുകൊണ്ടിരുന്ന ഒച്ച്
തിടുക്കപ്പെടുകയും പെട്ടെന്ന്
നിശ്ചലചിത്രമായി മാറുകയും ചെയ്യുന്ന അണ്ണാറക്കണ്ണൻ
എല്ലാം
ദേശത്തിനു മീതെ
ചരിത്രം പണിതുകൊണ്ടിരിക്കുകയായിരുന്നു

ആ നേരത്ത് ഒരു സംഘമാളുകൾ
യുദ്ധോൽസുകരായി വന്ന്
അന്തരീക്ഷത്തിന്റെ നാഭിയിലേക്ക്
തുടരെത്തുടരെ
വെടിയുണ്ടകൾ തുളച്ചു കയറ്റിയിട്ട് പറഞ്ഞു:

‘ നിർത്ത്.
എല്ലാം നിർത്ത്
സകല ഉന്മത്തതകളും നിർത്തി
ദേശം വിട്ടുപോകണംനിങ്ങൾ
ഇത് ഞങ്ങളുടെ ഭൂമിയാണ്,
ഞങ്ങളുടെ മാത്രം ഭൂമി'’

ഭയം കൊണ്ട് നിശബ്ദരായിത്തീർന്നവർ
ചിത്രകാരൻ
കവി
പാട്ടുകാരൻ
വസന്തം
മയിലുകൾ
മണ്ണിരകൾ
ഉൽസാഹവതിയായ പെണ്ണ്
വിയർപ്പ് മാത്രമായിത്തീർന്ന പണിക്കാരൻ
കാലത്തെ  മുറിച്ചു കടന്ന ഒച്ച്
ഒക്കെയും
ചരിത്രമവസാനിക്കുന്നതിന്റെ അടയാളം കണ്ടു
ചരിത്രമില്ലായ്മയുടെ  ശൂന്യഭീകരമായ
അതിരുകൾ രൂപപെടുന്നതും കണ്ടു
അവരെല്ലാം മണ്ണിനു പുറത്തുനിന്ന്
മണ്ണിനടിയിലേക്ക് ഒരു വഴിയുണ്ടാക്കുവാൻ തുടങ്ങി


ഭൂമിയുടെ പഴുത്തു പാകമായ ഹൃദയത്തിലേക്ക്…

Monday, October 22, 2012

ചില നേരങ്ങളിൽ ആദമിന്റെ സംഭ്രമങ്ങൾ

ചില നേരങ്ങളിൽ
ഹവ്വ
ശലഭമാണ്
ചിലപ്പോൾ
ഭാവിയെപറ്റി ചിലയ്ക്കുന്നഗൗളിയും
മുഖം വിർപ്പിച്ചു കണ്ണുരുട്ടുന്ന
ദുശ്ശകുനം പോലൊരു മൂങ്ങയും

ശരിക്കും
അവളാരെന്നറിയുവാൻ
പ്രാചീനയവനകഥകളിലെ
നാവിക വേഷമണിഞ്ഞ്
അനേക സഞ്ചാരങ്ങൾ
നടത്തിയിട്ടുണ്ട്
ജിജ്ഞാസുവായ ആദം...

ചിതലുകളെപ്പോലെ
അവൾക്കു വേണ്ടി
കാലവുമായി
ചില ഭയങ്കര യുദ്ധങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടയാൾ
എപ്പോഴും തോൽക്കാറുള്ള കഥകളിലെ
കുറുക്കനെപ്പോലെ
ചില ചൂതാട്ടങ്ങളിൽ പങ്കെടുത്ത്
ദേശം തന്നെ പണയപ്പെടുത്തിയിട്ടുമുണ്ട്.
ഫ്രോയ്ഡ്, ലക്കാൻ, ഡെസ്മണ്ട് മോറിസ്,
മാസ്റ്റേഴ്സ് ആൻഡ് ജോൺസൻ
ഓഷോ
ജ്ഞാനപ്പഴം , സർപ്പലതകൾ
മുതലായ
ഭയാനക ദ്വീപുകളിൽ അലഞ്ഞുതിരിഞ്ഞിട്ടുണ്ട്

സ്വന്തം ഭൂഖണ്ഡത്തിലേക്കു മടങ്ങാനുള്ള
കപ്പൽ കാണാതെ
ഭീകരമായ തീരങ്ങളിൽ
തനിച്ചു നിന്നിട്ടുണ്ട്

ഏറ്റവും ഗാഢമതിഗൂഢം
ഒരു മൊണാലിസാ സ്മിതമല്ലാതെ
അവൾ അവളെപറ്റി
ഒന്നും പറഞ്ഞിട്ടില്ലിതേ വരെ.
ഒരു  ചിരിയുടെ ഇരുണ്ട ഗുഹയിൽ
ലിപികളില്ലാത്ത ഭാഷയിൽ
അവൾ
എപ്പോഴുമവൾക്കു തന്നെ
അഭയം കൊടുത്തിരുന്നു
രഹസ്യപ്പോലീസുകാരോ ചാരനോ
പോലുമറിയാതെ

ആദമിനി ഇവിടെ നിൽക്കൂ
ഈ പൂമുഖത്ത്.
ഞാനാരാണെന്ന്
ഞാനൊന്നന്വേഷിച്ചു വരട്ടെയെന്ന്
വിളക്കണച്ചു.
വാതിൽ വലിയ ശബ്ദത്തോടെ വലിച്ചടച്ച്തെരുവിലേക്കിറങ്ങിപ്പോയി.


തെരുവ് അവളെ
അമൂർത്തതയിലേക്ക് മാറ്റിയെഴുതുന്ന നവീന ചിത്രകല
അയാളും കാണുന്നുണ്ടായിരുന്നു
പലതരം ജ്യാമിതീയരൂപങ്ങളിലേക്ക്,
ചായക്കൂട്ടുകളിലേയ്ക്ക്
അയാൾക്കപരിചിതമായ
ദ്രവ്യരൂപങ്ങളിലേക്ക്
മ്യൂസിക് നോട്ടുകളിലേക്ക്
ലിഫ്റ്റിൽ വെച്ച് തീവണ്ടിയിൽ വെച്ച് നഗരത്തിരക്കിൽ വെച്ച്
പാരീസിലേക്കും ബാങ്കോക്കിലേക്കുമുള്ള
ജെറ്റിൽ വെച്ച്,
വന്യമായ ഗന്ധങ്ങൾ മിശ്രണം ചെയ്ത മാതിരി
ഉടലുവിട്ടുടലു മാറുന്നത്.

ഹവ്വ ഇപ്പോൾ
ആരുടെയോ കണ്ണിൽ തറച്ച
സൂചി പോലൊരു നഗരത്തിലാണ്

പൂർവരൂപങ്ങളിലേക്ക്
ഇനിയൊരിക്കലും മടങ്ങിവരില്ലെന്ന്
ധൃതിയിൽ ആകാശത്ത് എഴുതിക്കാണിച്ച് മറയുന്ന
നീല വിസ്മയം

സ്ഥലകാലങ്ങളുടെ
കുറ്റിയിൽ നിന്ന്
സ്വതന്ത്രമായ ആദ്യത്തെ മദോന്മത്ത പ്രപഞ്ചം

ആദം
നിൽക്കയാണിപ്പൊഴും
ഭ്രമണനേർവഴി വിട്ട സംഭ്രമം  വിയർത്ത് 
ദൈവത്തിന്റെ
കുഞ്ഞുകാലടികളുള്ള ഒരു സ്വപ്നത്തിൽ നിന്നു തുടങ്ങിയ

തന്റെ യാത്രകളെത്തന്നെയും മറന്ന്
ഏദനിൽ നിന്നുള്ള വാർത്തകളൊന്നുമറിയാതെ
ഏകാകിയായി...

Saturday, October 20, 2012

പക

കഴിഞ്ഞ
ജന്മത്തിലെ
ഏകാധിപതികളായ
രാജാക്കന്മാരാണ്
വാലൻ പുഴുകളായി*
വീണ്ടും ജനിക്കുന്നത്;
പുസ്തകങ്ങളെ
കാർന്നു കാർന്നു നശിപ്പിക്കുന്നത്

ഇനിയും
തേഞ്ഞുമാഞ്ഞിട്ടില്ലാത്ത
നീണ്ട കൊമ്പുകളും
ശരീരത്തിൽ
ഫറോവമാരുടേതു പോലെ
അതിപ്രാചീനങ്ങളായ
അലങ്കാരമുദ്രകളുമുണ്ട്.

കല്ലേപ്പിളർക്കുന്ന
കല്പനകളിട്ടു  ശീലിച്ച
അവരുടെ നാവിൽ നിന്ന്
രാകി മിനുക്കിയെടുത്ത മൂർച്ചയിലുണ്ട്,
പുസ്തകങ്ങളാണ്
തങ്ങളെ
വെറും പുഴുക്കളാക്കിയതെന്ന
നിശിതമായ പക.

---------------------------------------
*പുസ്തകപ്പുഴു- (book worm)

Sunday, October 14, 2012

കാറ്റും മഴയും കളിച്ച നാടകങ്ങളിൽ ഞങ്ങളും ചില കഥാപാത്രങ്ങളായിരുന്നു

ചെറുപ്പകാലത്ത്
മരക്കൊമ്പത്തിരുന്നു
നോക്കുമ്പോൾ
മഴയെ കൈപിടിച്ച് നടത്തുന്നതുകാണാം
വെളുത്ത താടിയുള്ള മുത്തശ്ശൻ കാറ്റ്
ആകാശത്തിലൂടെ.

മലകൾക്ക് മുകളിലേക്കാണ് കൊണ്ടു പോകുന്നത്
അപ്പുറത്ത് കടലുണ്ടെന്ന്
നമുണ്ടെന്ന്
വിസ്മയ ശലഭ ലോകങ്ങളുണ്ടെന്ന്
ചൂണ്ടിക്കാണിക്കുവാനാവണം

മേഘക്കൊമ്പുകളിൽ നിന്ന്
താഴേയ്ക്ക് ചാടിയാൽ
കൈപിടിക്കാമെന്നൊരേട്ടനായി
രുത്തുള്ള കൈത്തണ്ട നീട്ടി
പിന്നാലെ കൂടും
ചുറുചുറുക്കുള്ള
മലങ്കാറ്റ്

അതു കേട്ട്
വിശ്വസിച്ച്
താഴേയ്ക്ക് ചാടിയാലോ,
തടം തല്ലിവീണുകരയുന്ന മഴയെ നോക്കി
കൈകൊട്ടിച്ചിരിക്കും
ഇലകൾക്കിടയിലിരുന്ന്
കുലുങ്ങിക്കുലുങ്ങി
അശ്രീകരം

ചെറിയ തമ്പേറുമായി വന്ന്
മരങ്ങൾക്കു മീതെ ധിമി ധിമിയെന്ന് മഴയെ
ഉടലാട്ടം പഠിപ്പിക്കുന്ന
ഡാൻസ് മാസ്റ്ററാവും
ചില നേരങ്ങളിൽ 
ലാസ്യഭാവമുള്ള വേറൊരു കാറ്റ്.

ഉടൽ വഴക്കങ്ങളിൽ
അലർമേൽ വല്ലിയെപ്പോലെ
വള്ളിച്ചെടിയാകുമായിരുന്നു
മതിമറന്ന്
ആടിയുലഞ്ഞ്
മഴ

ശവങ്ങൾ തോണിയിറക്കുന്ന
പുഴയുടെ മീതെ
കാറ്റിനോടൊപ്പം
കരഞ്ഞു കരഞ്ഞു തളരുന്നതും
കണ്ടിട്ടുണ്ട്

വിശക്കുമ്പോൾ
മറ്റൊരു വീട്ടിലും
കേറ്റാത്ത മഴ, 
കുഞ്ഞുങ്ങളേയെന്നാർത്ത്
എന്റെ വീട്ടിലേക്കോടിയെത്തും

കണ്ടിട്ടുണ്ട് ഞങ്ങൾ
ഭയപ്പെട്ട്,
ഓലനീക്കി
അടുക്കളയിലേക്ക്
ചാടിയിറങ്ങുന്നത്
അരണ്ടവെട്ടത്ത് കള്ളനെപ്പോലെ
കലത്തിൽ നിന്ന് 
ആർത്തിയോടെ
തണുത്ത കഞ്ഞി
കോരിയൊഴിച്ച് കുടിക്കുന്നത്

പിന്നെ
ഞങ്ങൾ 
കുഞ്ഞുങ്ങൾ
വിശന്ന് കരയുന്നത് ഒരാളും കേട്ടിട്ടുണ്ടാവില്ല.

കാറ്റും മഴയും 
ഒരുമിച്ച് കളിക്കുന്ന നാടകങ്ങളിൽ
ഞങ്ങളും
ചില കഥാപാത്രങ്ങളായിരുന്നുവെന്ന്
അന്ന്
അവർക്കാർക്കും
അറിയില്ലായിരുന്നു...

Wednesday, October 10, 2012

പൂച്ച

ഊണിനു
സമയമായെന്ന്
അതെപ്പോഴും
ഒരലാറമായി
മേശയ്ക്കടിയിൽ പ്രത്യക്ഷപ്പെടും

വല്ലതുമുണ്ടോ അമ്മേയെന്ന്
മുൻ കാല് നീട്ടിപ്പിടിച്ച്
ദയനീയമായ
ഒരിരിപ്പുണ്ടതിന്.
ഹൃദയമലിയിപ്പിക്കുന്ന
നോട്ടവും

വയറു നിറഞ്ഞുകഴിഞ്ഞാൽ
പിന്നെ
അതിനെ
കാണില്ലൊരിടത്തും

അക്കാലത്ത്
പൂച്ച
മകനെപ്പറ്റി
എപ്പോഴും
ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുമായിരുന്നു
അമ്മയെ

ഗോമാതാ


പശു
പുല്ലു തിന്നുന്ന
ഒരു സാധു മൃഗമാണ്

പണ്ട്
മിക്കവീടുകളിലുമുണ്ടായിരുന്നു,
ആയുഷ്ക്കാലം മുഴുവൻ
പെറ്റു പോറ്റിയിരുന്നു,
വീട്ടിലെല്ലാം
നറുപാൽ മണം പരത്തിയിരുന്നു
ചാണകം കൊണ്ട്
തൊടികളെ
തടിച്ചു കൊഴുപ്പിച്ചിരുന്നു.

പുല്ലുതിന്നാനെങ്ങാനും
തൊടിയിലേക്കിറങ്ങിയാൽ
വാഴയും ചേനയും
ചേമ്പും
പടവലവും മത്തനും കയ്പവല്ലിയും
കടപ്പാടുകൊണ്ട്
ശിരസു നമിച്ചിരുന്നു


പേറ് നിന്ന്
കറവ വറ്റി
ആറവുശാലയിലേക്ക്
നടന്നു പോകുമ്പോൾ പോലും
വാൽസല്യത്തോടെ
ഞങ്ങളെ നോക്കി
ചെവിയാട്ടിയിരുന്നു


പാർട്ടി വിട്ട്
ബി ജെ പിയിൽ ചേർന്ന ശ്രീധരേട്ടൻ
വീട്ടിൽ വന്നപ്പോൾ
പശു  അമ്മയാണെന്നു പറയുന്നതു കേട്ട്
വിറ്റുപോയ പശുവിനെ ഓർത്തിട്ടാവണം
അമ്മ കരയുന്നത്
ഞാൻ കണ്ടിട്ടുണ്ട്.

അന്ന്
ഞാൻ
മണ്ടനെന്ന്
എല്ലാവരും വിളിച്ചിരുന്ന
തീരെച്ചെറിയൊരു കുട്ടിയായിരുന്നു

Sunday, October 7, 2012

വിറ

രാവിൽ
നക്ഷത്രങ്ങൾ
മിന്നുകയല്ല
വിറയ്ക്കുകയാണ്,
ഭൂമിയിലേക്ക് നോക്കുമ്പോൾ
പേടിച്ച്...!

Friday, October 5, 2012

നരകപൂർണ്ണത

സ്വർഗത്തിനു
അഴുകിപ്പോകുന്ന ഈ ശരീരം വേണ്ടാ
വിശുദ്ധവും അനശ്വരവുമായ
ആത്മാവിനെ മാത്രം മതി

ഭൂമിയ്ക്ക്
അതിന്റെ ആസക്തികളിൽ

ആഴ്ന്നിറങ്ങുന്ന ശരീരം മാത്രം മതി
ആത്മാവിന്റെ, ആർക്കും കടന്നു പോകാവുന്ന
സുതാര്യത
അതിനു വേണ്ടേ വേണ്ടാ

ശരീരം
കത്തിപ്പടരുകയും
ആ നിമിഷങ്ങളിൽ ആത്മാവ് ചുട്ടു പൊള്ളുകയും
ചെയ്യുന്നത്
നരകത്തിലാണ്.
ശരീരം ആത്മാവിനേയും
ആത്മാവ് ശരീരത്തേയും
ശരിക്കുമറിയുന്ന
വിമോചനമസാദ്ധ്യമായ
സമയ ദേശമാണത്

ഞാനെപ്പോഴുമൊരു നരകമാകുന്നത്
എന്തുകൊണ്ടാണെന്ന്
അവൾക്ക് മാത്രം
ഇപ്പോഴും മനസിലായിട്ടില്ല

Sunday, September 23, 2012

ഫെമിനിസത്തിന്റെ കാലത്തെ ദുരിതം പിടിച്ച ഒരു ബസ് യാത്ര..

ബസിൽ
കയറിയ മൂന്നു സ്ത്രീകൾ
'സ്ത്രീകൾ' എന്ന് മുകളിലെഴുതിയ
സീറ്റുകൾക്കരുകിൽ നിൽക്കും

ഇരിക്കാൻ മാത്രമല്ല
നിൽക്കാനും വേണം
സ്ത്രീകൾക്ക് സീറ്റെന്നു തോന്നും
വള്ളിച്ചെടി പോലെ വളഞ്ഞുപുളഞ്ഞ്
ആകാശത്തേക്കിപ്പോൾ കയറിപ്പോകുമെന്നമട്ടിൽ
കമ്പിയെ ചുറ്റിപ്പിടിച്ചുള്ള
നിൽപുകണ്ടാൽ

മുൻപിൽ
സ്ത്രീകൾ നിൽക്കുമ്പോൾ
പിന്നിൽ പുരുഷന്മാർ നില്പുണ്ട്
നരകത്തിലകപ്പെട്ടവരെ പോലെയാണവർ.
സ്ത്രീകൾ നിൽക്കുന്നിടത്താണ് സ്വർഗമെന്ന്
ആരോ അവരെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടെന്ന്
അവരിൽ തിങ്ങിവിങ്ങുന്ന അസ്വസ്ഥത
വായിച്ചെടുക്കുന്നവർക്ക്
ഉറപ്പായും തോന്നും

മുന്നിലേക്കും പിന്നിലേക്കും
പ്രാചീനമായ തുഴകൾ കൊണ്ടെന്ന പോലെ
ബസിന്റെ താളത്തിനൊത്ത് തുഴയുമവർ
(ഛെ ഛെ അശ്ലീലമെന്ന് കവി ആ വരികൾ
ഒറ്റയ്ക്കിരിക്കുന്ന നേരത്ത്
വെട്ടിക്കളയുന്നു)

അപ്പോളാണ്
മുൻപിൽ
സ്ത്രീകളുടെ സീറ്റിൽ
മൂന്നു പുരുഷന്മാരിരിക്കുന്നത് നമ്മൾ കാണുന്നത്

അതുവരെ
നമ്മൾ
ഡ്രൈവർ ഇരിക്കുന്നതിന്റെ ഇടതുവശത്ത്
നമുക്കെതിരെ തിരിച്ചു വെച്ചിരിക്കുന്ന
അതി ശാലീനസുന്ദരിയെന്ന് നേരത്തേ തന്നെ
പേരു രജിസ്റ്റർ ചെയ്തിട്ടുള്ള
പെൺകുട്ടിയുടെ മാംസളമായ മേൽക്കൈയ്യും
ചുരിദാറിന്റെ ഷാൾ കാറ്റിലുലയുമ്പോൾ ദൃശ്യമാകുന്ന
സിനിമാപ്പാട്ടും
കൊറിച്ചു കൊണ്ടിരിക്കുകയായിരുന്നു
(നമ്മളോളം സഹൃദയത്വം
ഇത്തരം സന്ദർഭങ്ങളിൽ മറ്റാർക്കാണുള്ളത്?)

അവരവർക്ക് നിൽക്കാനുള്ള
ഇടത്ത്
മൂന്നു സ്ത്രീകൾ നിൽപ്പുണ്ട്

സ്ത്രീകളിൽ കൂടുതൽ പതിവ്രതയായ ഒരുവൾ
ആദ്യവട്ടം 'സ്ത്രീകൾ' എന്ന വാക്കിലേക്ക് നോക്കും
പിന്നെ
സീറ്റിലിരിക്കുന്ന
മൂന്നു പുരുഷന്മാരുടെ
ചെരിഞ്ഞവ്യക്തമായ മുഖങ്ങളിലേക്ക് നോക്കും
ചെറുതായി ചുണ്ടുകളനക്കി
പറയണോ വേണ്ടയോ എന്നു
ശങ്കയുടെ ഒരു ജമന്തിപ്പൂ വിടർത്തി
ശീലാവതിയായി ചാഞ്ഞും ചെരിഞ്ഞും ശ്രദ്ധ കവരും

ആഫ്റ്റർ ഷേവ് ലോഷന്റെ മണമുള്ള
നല്ല ഉരിഞ്ഞു വെച്ച മുഖങ്ങൾ
ഞങ്ങൾ ഇപ്പോൾ രൂപാന്തരപ്പെട്ട നപുസകളങ്ങളാണെന്ന മട്ടിൽ
പുറത്തേക്ക് നോക്കിയിരിക്കും:
പച്ചയാം വിരിപ്പിട്ട കാല്പനിക പാടങ്ങളോ
(ഹായ് എത്ര നല്ല കുഞ്ഞാറ്റക്കിളികൾ!
പച്ചപ്പനന്തത്തകൾ!)
തിരക്കേറിയ ചന്തകളോ
(എത്ര ഫ്രഷായ പച്ചക്കറികൾ,
ഇറക്കുമതി ചെയ്ത് ബ്രസീലിയൻ പഴങ്ങൾ!)
തമിഴ് സിനിമയുടെ പോസ്റ്ററുകളോ
(രമ്യാ നമ്പീശനുടെ അഴകാന കൺകൾ
ആശൈ കവരും കാതൽ നോട്ടങ്കൾ)
നോക്കി നോക്കി അവരിരിക്കും

കവികളെ പോലെ സാകൂതനിരീക്ഷകരാണവർ
കവിതയെഴുതുകയാണുള്ളിൽ

പെട്ടെന്ന്
'ഛീ എണീക്കെടാ പട്ടികളേ'
എന്ന്
ഒരു സ്ത്രീ അലാറം പോലെ
പൊട്ടിത്തെറിച്ചലറും വരെ.

തെരുവിലൂടെ നടന്നു പോകുന്ന
അന്ധ ബധിരമൂകന്മാരായഭിനയിക്കുന്ന
പട്ടികൾ പോലും
അപ്പോൾ ഡോൾബി സൗണ്ട് സിസ്റ്റത്തിന്റെ പവറിൽ
ഞെട്ടിത്തരിച്ചു പോകും.

ബോധത്തിനു പെട്ടെന്ന് തീ പിടിക്കും
മോങ്ങിക്കൊണ്ട്
വളവു തിരിവുകളുടെ ഒരു മറ വരുന്നിടത്തുവെച്ച്
സ്വയം എച്ചിലുകളായി
മൂന്നു നപുംസകങ്ങളും മറഞ്ഞു കളയും

ആ സ്ത്രീകൾ
സാരി മാടിയൊതുക്കി
ഒന്നൊന്നായി അവരവരുടെ ഇരിപ്പിടങ്ങളിലിരിക്കുമ്പോൾ
നമ്മൾ അവരുടെ സ്ത്രൈണത മാത്രം
ഉള്ളിൽ പകർത്തും.
രണ്ടാമത്തേവൾ
നമ്മളുടെ എല്ലാവരുടേയും രാത്രിയിലേക്ക്
ചെലവില്ലാതെ ക്ഷണിക്കപ്പെടും.
വാഹനം ഒന്നുമറിയാത്ത പോലെ ഓടാൻ തുടങ്ങും
ഡ്രൈവർ ഉറക്കം തൂങ്ങാതിരിക്കാൻ
ഒരു പാട്ടുവെയ്ക്കും
നമ്മൾ ഓരോ പദങ്ങളിലും നിന്ന്
ഐശ്വര്യാ റായിയുടെ ഉടൽ വടിവുകൾ ഓർത്തെടുക്കും

സകലതും
സ്വന്തം നിലയിൽ
ശാന്തമായി ഉറക്കം പിടിക്കാൻ തുടങ്ങുമ്പോഴായിരിക്കും
നേരെ മുന്നിൽ നിന്ന് 
സ്ത്രീകൾക്കു മാത്രം എന്നെഴുതിയ ഒരു ബസ് വന്ന്
നമ്മൾ യാത്രചെയ്യുന്ന ബസിനിട്ടു മുട്ടുന്നത്.

എല്ലാവരും കൂടി
അപ്പോൾ
എല്ലാം മറന്ന് ചിതറിത്തെറിക്കും.

ഇടകലർന്ന്... ഇടകലർന്ന് ...ഇടകലർന്ന്
നമ്മൾ
രക്തത്തിൽ
മരണത്തിന്റെ ഒരു രതിശാല പണിയും
കുഴഞ്ഞു വീണ്
മരിച്ചതുപോലെ കിടക്കും
മറ്റേ ബസിൽ എന്താണ് സംഭവിച്ചിട്ടുണ്ടാവുകയെന്ന്
ഒരു നിശ്ചയവുമില്ലാതെ...

Thursday, September 20, 2012

ശിഷ്ടം

ആദ്യം ഞാൻ
വേദനയോടെ
എന്നിൽ നിന്നെന്നെ പറിച്ചെടുത്ത്
നിനക്കു തരുന്നു

പിന്നെ ഞാൻ
എന്നിൽ നിന്നെന്റെ ഹൃദയം പറിച്ചെടുത്ത്
നിനക്കു തരുന്നു.

പിന്നെ ഞാൻ
ഹൃദയത്തിൽ നിന്ന് ഒരു നൊമ്പരം പറിച്ചെടുത്ത്
നിനക്കു തരുന്നു

ഒടുവിൽ ഞാൻ
ഒരു നൊമ്പരം മാത്രം
നിനക്കു തരുന്നു...

Monday, September 17, 2012

ആദ്യത്തെ വിയർപ്പുമണികൾ മുതൽ

"ദൈവം അയാളെ ഏദൻ തോട്ടത്തിൽ നിന്നു പുറത്താക്കി.അയാളെ  എവിടെ നിന്നെടുത്തുവോ ആ ഭൂമിയിൽ അധ്വാനിക്കുവാൻനിയോഗിക്കുകയും ചെയ്തു." (ഉല്പത്തി പുസ്തകം:  3:23) 
"മുഖം വിയർത്ത് നീ അപ്പം ഭക്ഷിക്കും "(ഉല്പത്തി പുസ്തകം:  3:19)"നീ മക്കളെ നൊന്തു പെറും. എന്നാലും നീ ഭർത്താവിനെ കാമിക്കും. അവൻ നിന്നെ ഭരിക്കുകയും ചെയ്യും"(ഉല്പത്തി പുസ്തകം:  3:16)


ദനിൽ നിന്നു
പുറത്താക്കിയപ്പോൾ
നെറ്റിയിൽ  പൊടിഞ്ഞ
ആദ്യത്തെ വിയർപ്പുമണികൾ തുടച്ചുകൊണ്ട്
ഹവ്വ
ദൈവത്തെ
അത്ഭുതത്തോടെ നോക്കി.

എന്തിനെന്നു ചോദിക്കണമെന്ന്
അവൾക്കുണ്ടായിരുന്നു

ആദം
ചൂണ്ടുവിരലുകൾ
ചുണ്ടുകൾക്ക് കുറുകെ വെച്ച്
നിശബ്ദതയുടെ ഒരു കുരിശുണ്ടാക്കി

ചോദ്യങ്ങളൊന്നും പാടില്ല പെണ്ണേ
ദൈവമാണ്
അനുസരിച്ചാൽ മതിയെന്ന്
ചുവന്ന കണ്ണുകൾ
ഭൂഗോള വിസ്തൃതമാക്കി

അന്നുമുതൽ ദിവസേനയെന്നോണം
അവൾ
അനുസരിച്ചു വരികയായിരുന്നു

എങ്കിലും
ചോദിക്കണമെന്നുണ്ടായിരുന്നു.
ആദത്തെ ഭയപ്പെട്ടുമാത്രം
അവന്റെ കണ്ണുരുട്ടലിൽ ചൂഴ്ന്നു നിന്ന
ഭീതിയെ വിചാരിച്ചുമാത്രം
നിശബ്ദയായി ഇരുന്നു

അപ്പോൾ,
ദൈവം മരിച്ചെന്ന്
ആരോ തരിശുഭൂമിയിൽ നിന്നു വിളിച്ചു പറയുന്ന*
വാക്കിന്റെ പ്രതിധ്വനി
അവൾ കേട്ടു.

വയലിൽ
ആദ്യം പൂത്ത ഗോതമ്പു ചെടിപോലെ
അവൾ
സന്തോഷവതിയായി.
മതി മറന്ന കാറ്റും കെട്ടഴിച്ചുവിട്ട പക്ഷിയുമായി

സൂക്ഷിച്ചു വെച്ചിരുന്ന ചോദ്യങ്ങൾ
ഒന്നൊന്നായി  പുറത്തെടുത്ത്
ഉറക്കെ ചോദിക്കുവാൻ തുടങ്ങി.

ആദം
നിസഹായനായി
കൈമലർത്തി

ദൈവം മരിച്ചെന്ന്
ആരോ തരിശുഭൂമിയിൽ  വിളിച്ചു പറയുന്നത്
അയാളും കേട്ടിരുന്നു

അതോടെ
വിയർപ്പുമണികൾ കൊണ്ടുണ്ടാക്കിയ
അപ്പങ്ങൾ ഒന്നൊന്നായി
അടുക്കളയിൽ നിന്ന്
അപ്രത്യക്ഷമാകാനും തുടങ്ങി
---------------------------------------
*ടി എസ് എലിയറ്റിന്റെ യൂറോപ്പിൽ നിന്നു നീത്ഷേ  വിളിച്ചു പറഞ്ഞത്

Thursday, September 13, 2012

കടലിളക്കം


പുരാതന കാലം തൊട്ടേ
സമുദ്രയാത്രകൾക്കിടയിൽ
മുങ്ങിമരിച്ചവരുടെ പ്രേതങ്ങൾ
ഒന്നിച്ചിരുന്ന്
പണ്ട് തങ്ങൾ ഇണ ചേർന്ന നിമിഷങ്ങളെ പറ്റി
ഓർക്കുന്ന  നേരമുണ്ട്

അപ്പോഴാണ്
തിരകൾ
നിയന്ത്രണം വിട്ട്
ഉയർന്നുയർന്നു വരുന്നത്
വലിയ ശബ്ദത്തിൽ സീൽക്കാരമിടുന്നത്
കടലോരത്തെ പാറക്കെട്ടുകളെ
ആഞ്ഞുപുൽകുന്നത്

ജലത്തിൽ മുങ്ങിമരിച്ചവർ
ഉറങ്ങുന്ന നേരത്താണ്
തിരകൾ ആഴങ്ങളിലേക്ക്
മടങ്ങിപ്പോകുന്നത്
കടൽ
ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ
ശാന്തമാകുന്നത്

Tuesday, August 28, 2012

അഭിനയിച്ചു തീർക്കാൻ പറ്റാതെ പോയ റോളിൽ ഒരുവൾ

ഈ അഭിനയം
അവൾക്ക് പതിവുള്ളതാണ്
അയാൾക്കറിയില്ലെങ്കിലും

അങ്ങനെ
(പ്രണയരംഗങ്ങളിലെ)
ഷീലയോ ജയഭാരതിയോ ആയി
കണ്ണുകൾ പിന്നിലേക്ക് മറിച്ച്
കടൽത്തിരപോലെ തിമിർത്ത്
ചുണ്ടുകൾ ഭ്രാന്തമായിത്തന്നെ കടിച്ചുപിടിച്ച്
കൈകാലുകൾ വലിച്ചു മുറുക്കി
പഴയകാലങ്ങളിലേതുപോലെ
അതിഭാവുകത്വത്തോടെ
അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ്
ഒരു ദിവസം
അറിയാതെ
അവൾക്ക്
രതിമൂർച്ഛയുണ്ടാകുന്നത്

അയാളാണ്
ആദ്യം
പരിഭ്രമത്തിന്റെ
ഒരു വള്ളിപടർപ്പിനുള്ളിൽ
പെട്ടുപോയത്

അവൾ മരിച്ചെന്നാണ്
അയാൾ കരുതിയത്
പെട്ടെന്ന് ,
ചലനമില്ലാതെ,
വിളിച്ചിട്ടൊന്നും കൺ മിഴിക്കാതെ
കൈപ്പടം ചുരുട്ടിപ്പിടിച്ച്
ജലത്തിൽ മുങ്ങിമരിച്ചവളെപോലെ
മലർന്ന് കിടക്കുകയായിരുന്നു

അവൾ
അഭിനയിക്കാൻ മറന്നു പോയ
നിമിഷമായിരുന്നു അത്
അയാൾ
പരിഭ്രമത്തില്പെട്ട്
ജഡമായി ഒലിച്ചുപോയ നിമിഷവും

പിന്നീടവൾ
ഉയിർത്തെഴുന്നേറ്റ്
അയാളെത്തന്നെ
നോക്കിക്കൊണ്ടിരുന്നു
ഇമവെട്ടാതെ,
ഹവ്വ
ആദ്യമായി
ആദമിനെ കാണുന്നമാതിരി,
ആ രാത്രി അവസാനിയ്ക്കുന്നതു വരെ

അവിശ്വസനീയമായി




Thursday, August 23, 2012

(സം)സാരം

നീ മരിക്കുമ്പോൾ
എല്ലാം നിന്നോടൊപ്പം
കുഴിച്ചു മൂടും
സഹിക്കുവാനാവില്ലെനിക്കു
നിന്നെ പേറുന്നൊരു ചെറു
സജീവമുദ്രപോലും

പട്ടുസാരികൾ, പുടവകൾ
പാവാടകൾ
കൈലേസുകൾ
ചുംബനമുദ്രകൾ
നെറ്റിൽ പൊട്ടുകുത്തിയ
തീവ്രപ്രണയ
സിന്ദൂര കാന്തികൾ
ഇനിയുമാഴം കണ്ടറിഞ്ഞിട്ടില്ലാത്ത വാക്കുകൾ
എല്ലാം

എന്നാൽ ശ്രദ്ധാപൂർവം
കൊളുത്തഴിച്ച്
ഉള്ളിലുള്ളിലൊരറയിൽ
സൂക്ഷിച്ചു വെയ്ക്കും
നിന്റെ സ്വർണ്ണ മാലകൾ ,വളകൾ,
മോതിരങ്ങൾ
പാദസരങ്ങൾ!

നിന്നെയോർക്കുവാൻ
ഇതിലേറെ വിലപിടിച്ചതായ്
മറ്റെന്തു കാണും
കാലാന്തരങ്ങൾക്കുമപ്പുറം?

Saturday, August 18, 2012

പാഠം

വെളിച്ചം
എന്നെ തെറ്റിദ്ധരിച്ചെന്നു തോന്നുന്നു.
കള്ളി!

ഒന്നു തൊട്ടപ്പോഴേയ്ക്കും പൊള്ളിച്ചു കളഞ്ഞു,
(തമസല്ലോ സുഖപ്രദം..)
സ്വിച്ച് ഓഫ് ചെയ്തതേയുള്ളു
ഒറ്റക്കെട്ടിപ്പിടുത്തം
എന്നാലും
ഞാനൊന്നു പേടിച്ചു പോയി....

Thursday, August 9, 2012

രൂപകാതിശയോക്തി

പൂവുകൾക്ക്
ഒടുക്കത്തെ ഒരു സങ്കടമുണ്ട്,
കൊഴിയുന്നതിൻ മുൻപ്
ചിറകുവീശി
മണം പരത്തി
ഒന്നു പറക്കാൻ പറ്റുന്നില്ലല്ലോയെന്ന്....!

Wednesday, August 8, 2012

നളൻ

             1
കനലിൽ ചുട്ട്
എണ്ണയിൽ വറുത്തുകോരി
വെള്ളത്തിലോ
നീരാവിയിലോ
പുഴുങ്ങി
അടുക്കളയിലടച്ചിട്ട് പുകച്ച്
മിക്സിയിൽ നെയ്പോലരച്ചെടുത്ത്
പലതരം മസാലകളിൽ
പല റെസിപ്പികളിൽ
അവളുടെ പുരുഷൻ
പാകപ്പെടുത്തിയ
നല്ല ഭക്ഷണം.

വിളമ്പുന്ന നേരത്ത്
അവൾ
അതേപ്പറ്റിയൊന്നും
ആലോചിക്കാതിരുന്നതാണത്ഭുതം!

               2
മലർത്തിയും കമിഴ്ത്തിയും
ചെരിച്ചുമിട്ട്
എത്ര രുചികരമെന്ന്
അവനതിനെ
പലവട്ടം
എണ്ണയിലോ
കനലിലോ ചുട്ടെടുത്തിട്ടുണ്ട്.

പച്ചകുമുളക് ,പുളി
കുരുമുളക് പൊടി,
വെള്ളുളി
തേങ്ങാപ്പാൽ
പാകത്തിനുപ്പുമിഴുകിച്ചേർന്നങ്ങനെ
മസാലമണം ബാക്കിയാവുമ്പോൾ
അവനതിനൊരു
തകർപ്പൻ പേരുമിട്ടു:
ഫിഷ് മോളി

കടലിൽ നിന്നു മുളപൊട്ടിയേക്കാം ഒരു ചെടി... ഇലകളിൽ പേരെഴുതിയത്

നീന്തലറിയാതെ
ആഴങ്ങളിലേയ്ക്ക് ചാടിയത്
സാഹസികത
അത്രമേലിഷ്ടമായതുകൊണ്ടാണ്
അല്ലാതെ
മരണത്തോട് ഒരിഷ്ടവുമുണ്ടായിട്ടല്ല

രണം വൃത്തികെട്ട കുരങ്ങനാണ്
ഒരു ചില്ലയിലും
ഒതുങ്ങിയിരിക്കാതെ
ചാടി നടക്കും 
അപ്രതീക്ഷിതമായി
കയ്യിലിരിക്കുന്നതും തട്ടിപ്പറിച്ചു കൊണ്ടോടും

എനിയ്ക്കിഷ്ടം:
സാഹസികവും അപ്രതീക്ഷിതവുമായ ആഴങ്ങളാണ്
ദേവതമാർ വസിക്കുന്ന
ജലത്തിന്റെ ചില്ലുകൊട്ടാരച്ചുമരുകളാണ്
ഒരിക്കലുമുടഞ്ഞു തീരാത്ത
സ്ഫടിക ജലത്തറകളാണ്
മാർദ്ദവം ഞെഞ്ചിൽ വന്നുമുട്ടുന്ന
തണുത്ത ആശ്ലേഷങ്ങളാണ്
ശ്വാസം മുട്ടിക്കുന്ന
തണുത്ത
ചുംബനമാണ്

മെഴുകുതിരികൾ കത്തിച്ചു വെയ്ക്കാനാവാത്ത
ഇടുങ്ങിയ നീർക്കല്ലറകളിൽ ഞാൻ
മരണവുമായി രമിക്കും


ആഴങ്ങളിലേക്കുള്ള
ആർക്കും പിടികൊടുക്കാത്ത
ഒരു ദുരൂഹപതനം
ത്രമേൽ പഴുത്ത സ്വാദിഷ്ടങ്ങളായ പഴങ്ങളാണ്

നിലംപതിച്ച ഒരാപ്പിൾ പോലെ
എനിയ്ക്കു ഭൂമിയെ കെട്ടിപ്പിച്ചു കിടക്കണം
 

മഴ കഴിയുമ്പോഴേയ്ക്കും
എന്റെ പ്രണയ രേതസ്
ആപ്പിളിനുള്ളിൽ നിന്നു വിത്തുകളെ ഒഴുക്കിക്കൊണ്ടു വന്ന്
മണ്ണിലലിയിച്ച്
പൂവുകളുടെ അരക്കെട്ട് പൊട്ടിച്ച്
വേരുകളെ ഹർഷോന്മാദിയാക്കി
ഇലകളിൽ പേരെഴുതിയ പുതിയ  ചെടികളെ
മുളപൊട്ടിക്കണം

ടി വെട്ടി
ഭൂമി അതിന്റെ ആനന്ദത്തിന്റെ വിത്തുകൾ
എല്ലായിടത്തും വാരിവിതറണം

ഭൂമിയുടെ ആഹ്ലാദം
ആകാശത്തിൽ നിന്ന് എട്ടുദിക്കുകളിലേയ്ക്കും
അഴിഞ്ഞു വീഴണം

ഞാനപ്പോൾ
ആഴക്കടലിനടിയിലേക്ക്
വീണു നോക്കും
മരിക്കുവാനല്ല.
സാഹസികത എനിയ്ക്കത്രമേലിഷ്ടമാകയാൽ
ആഴമെനിയ്ക്കത്രമേൽ
ആനന്ദമാകയാൽ

ഒളിച്ചുകളി


ഓരോന്നു
സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ
പെട്ടെന്ന്
ഒരൊളിച്ചുകളിയാണ്

പിന്നെ,
നീയെവിടെ?
നീയെവിടെ?
എന്നൊരാന്തലാധിയായി..

മുക്കിലും മൂലയിലും
തെരച്ചിലോടു തെരച്ചിലായി
മൂടുപോയ കുട്ടയ്ക്കടിയിലും
ദ്രവിച്ച ഓലമറകൾക്കിടയിലും
പഴയ, വരണ്ടുണങ്ങി മഞ്ഞച്ച
പുല്ലിൻ കെട്ടിനിടയിലും
പുല്ലാനിപ്പടർപ്പിലും,
മഞ്ഞക്കിളി
മാമ്പഴച്ചാറുകൊണ്ടടയാളമിട്ട
മാവിൻ കൊമ്പിലും
മുളകൊണ്ടു കെട്ടിയുണ്ടാക്കിയ
തട്ടുമ്പുറത്തും
തിരച്ചിലോട് തിരച്ചിലാണ് .
കാണാതായി ഞാൻ കരച്ചിലോളമെത്തും

ആങ്ഹാ!
ഇവിടെയുണ്ടായിരുന്നോ നീയെന്ന്
സോഫയിൽ ചാരിക്കിടന്നുകൊണ്ടു്
നീ പെട്ടെന്ന് പ്രത്യക്ഷമാവും

പിന്നെ നമ്മൾ
ഒന്നും സംഭവിക്കാത്ത പോലെ
പഴയപടി സംഭാഷണം തുടരും
വാങ്ങുവാൻ പോകുന്നപുതിയ കാറിനെപറ്റി,
പെട്രോളിന്റെ വിലക്കയറ്റത്തെപ്പറ്റി  നീ;
കൊച്ചിയിലെ ഗതാഗതക്കുരുക്കിലൂടെ
റോഡു മുറിച്ചു കടക്കുന്നതിന്റെ
സാഹസത്തെ പറ്റി ഞാൻ

പണ്ടും
നാമങ്ങനെ
വിശേഷങ്ങൾ പറഞ്ഞിരുന്നല്ലോ,
ഒളിച്ചുകളിയ്ക്കു ശേഷം
വീട്ടിലേയ്ക്കു മടങ്ങുമ്പോൾ
പട്ടാളക്കാരൻ മാമൻ കൊണ്ടുവന്ന
ഹൽവയെപറ്റി നീയും
നനഞ്ഞ പുസ്തകത്തിൽ നിന്നൊലിച്ചുപോയ
ഉള്ളടക്കത്തെപ്പറ്റി
ഞാനും

Sunday, August 5, 2012

രണ്ടുപേർ

1 വേശ്യ

ശരീരത്തെ
കെട്ടഴിച്ചുവിട്ടിട്ട്
അലസമായിക്കിടക്കും

ശരീരം
പുല്ലുതിന്നുതടിച്ച്
തടാകത്തിൽ പോയി വെള്ളം കുടിച്ച്
മടങ്ങിവന്ന്
മരച്ചുവട്ടിൽക്കിടന്ന്
തിന്നപുല്ലിനെ
തളിരുപോലുള്ള വള്ളിച്ചെടികളെ
അവയിൽ പെയ്ത മഴകളെ
മഴയിലൂടെ പറന്നുപോയകിളികളെ
കിളികൾ പാടിയ പാട്ടിനെ
പാട്ട് ചിറകൊതുക്കിക്കടന്നുപോയ
തണുത്ത ചില്ലകളെ
ചില്ലകളെ ഉരുമ്മാതെ കടന്നു പോയ മിന്നലുകളെ
മിന്നലിൽ തെളിഞ്ഞ വഴികളെ
വഴികളിൽക്കണ്ട കാഴ്ചകളെ
കാഴ്ചയിൽ മയങ്ങി വഴിതെറ്റിപ്പോയ ശരീരങ്ങളെ
ശരീരങ്ങളിൽക്കുരുങ്ങിയാടും മനസുകളെ
ഒന്നൊന്നായോർത്തെടുക്കും
അയവിറക്കും.

2 പ്രണയിനി

മനസിനെ
കൂട്ടിൽ നിന്നിറക്കിവിടും

മനസ്
മരങ്ങൾ കടന്ന്
ചില്ലകൾക്കുമിലകൾക്കും പൂക്കൾക്കുമിടയിലൂടെ
രഹസ്യങ്ങളെഴുതിയിട്ട
ഇടവഴികൾ പറന്ന് പിന്നിട്ട്
പല ഋതുക്കളിൽ ദിശതെറ്റി മേഞ്ഞ്
പലതരം കനികളിൽ കൊത്തി മതിമറന്ന്
കുറെയേറെ വിത്തുകൾ വിഴുങ്ങി
മടങ്ങിവരും

വിചാരങ്ങളിൽ
തന്നിൽ പിറക്കാനിരിക്കുന്ന
കാലദേശങ്ങളുടെ ചിത്രം വരയ്ക്കും.

തന്നിൽ നിന്ന് കുതിരകളും
ഗജാശ്വരഥങ്ങളുമുള്ള രാജപരമ്പരകൾ വരുമെന്ന
സന്ദേശം  ഓർത്തെടുക്കും

അതോർത്തോർത്ത്
പറന്നു നടന്ന വഴിയകിലെവിടെയോ
കണ്ട പരിചിതമണങ്ങളുള്ള
മരക്കൊമ്പുകളിലൊന്നിലേക്ക്
കൂടു വെയ്ക്കാൻ
മടങ്ങും
വൈകിയല്ലോ എന്ന്
ഉള്ളിലൊരു പരിഭ്രമം പിടയും


കുഞ്ഞുകിളികൾക്കുള്ള ചൂടുകൊണ്ട്
ഏതു പകലിനേയും കൊത്തിപ്പിളർക്കും
സ്വപ്നങ്ങളവൾക്ക് 
വാഴനാരുകൊണ്ടുള്ള ഒരു കൂടാകും
നിദ്രയിലവൾ ശരീരങ്ങളെ പെറ്റുകൂട്ടും
പിന്നെ മനസുകളെ ഓർത്തെടുക്കാനേ കഴിയാത്ത
കാലങ്ങളിലേക്ക്
എല്ലാ ശരീരങ്ങളേയും
 ഉപേക്ഷിച്ചു കളയും

ഒടുവിൽ
മാംസനിബദ്ധമല്ല രാഗമെന്ന്
അവളും
(പഴയൊരു കവിയായ്)
രാത്രികാലങ്ങളിൽ മാത്രം
സന്ന്യസിക്കാൻ തുടങ്ങും

Friday, August 3, 2012

ആഗോളഭീമൻ

ഉച്ചമയക്കം കഴിഞ്ഞ്
കുട്ടി കണ്ണുതുറക്കുമ്പോഴുണ്ട്
അത്ഭുതം
വിചിത്രമൊരു സസ്യം പോൽ
മുളച്ചുപൊന്തി നിൽക്കുന്നു

വളപ്പിലെ കളിക്കളം
അപ്രത്യക്ഷമായിരിക്കുന്നു

കുട്ടി
കണ്ണുചിമ്മി കണ്ണുചിമ്മി
അത്ഭുതമെന്ന വിചിത്ര സസ്യത്തെ
നോക്കിനോക്കി നിന്നു

അപ്പോൾ കണ്ടു
മുറ്റത്തെ മൂവാണ്ടൻ മാവുകൾ മുറിച്ചിട്ട്
അതിന്മേലിരുന്ന
മസിൽപ്പവറുള്ള ഒരാഗോളഭീമൻ
ബീഡി പുകയ്ക്കുന്നു
ആകാശത്തേയ്ക്ക്
പുക ഊതിയൂതി നിറയ്ക്കുന്നു

പോസ്റ്റ് മോർട്ടം ടേബിളിലെന്ന പോലെ
ഒടിഞ്ഞുമടങ്ങി
ലോറിയിൽക്കിടക്കുന്നു
ഒരു മൈതാനവും കുന്നിൻ പുറവും

ആരോ വരച്ചിട്ട പുതിയ ഭൂപടത്തിൽ
അംബര ചുംബികൾക്ക് മുകളിൽ
മഞ്ഞപ്പന്തു പോലൊരു
സുര്യനുണ്ട്.

മേഘങ്ങളോടൊപ്പം
ദൈവം കളിക്കാൻ വരുന്നതും നോക്കി
കുട്ടി ബാൽക്കണിയിൽ
ഏകാകിയായി നിന്നു

Saturday, July 28, 2012

പാതി(രാ) ജീവിതങ്ങൾ



അധികമാരുമില്ലാത്ത
അരണ്ട ബാറുപോലുണ്ടതിശീതമായ്
പാതിരാത്രി
(നിശീഥിനിയെന്ന് പഴയകവികൾ)

മേഘവസ്ത്രസുതാര്യതയ്ക്കുള്ളിൽ
മുലയുലച്ചാടുകയാണ്
മദാലസ  നീല നഗ്നചന്ദ്രിക

ഒരു പെഗ്ഗ് ഹണീബിയിലേയ്ക്ക്
വഴുതിവീണുപോകുന്നുണ്ട്
ഐസ്ക്യൂബു പോലൊരു കൊള്ളിമീൻ

പാതയോരങ്ങളിൽ 
പ്രവാചകരെ വഴിതെറ്റിക്കുന്ന
പിഴച്ച നക്ഷത്രങ്ങൾ

മത്തുപിടിച്ചിട്ടാവണം
കിഴവൻ മരങ്ങൾ നിന്നിടത്തു നിന്നാടുന്നു
കാറ്റ്  തോളിൽ കൈയ്യിട്ട്
മരങ്ങളെ  വീഴാതെ ചുറ്റിപ്പിടിക്കുന്നു

തെരുവിനപ്പുറത്ത്
പെറുതികെട്ട പെണ്ണിനെപ്പോലൊരു
പട്ടിയുണ്ട്, കലിമൂത്ത്
നിർത്താതെ കുരച്ചുകൊണ്ടിരിക്കുന്നു
വിജനതയിൽ
ആരോടെന്നില്ലാതെ
ആർക്കുവേണ്ടിയുമല്ലാതെ..

വല്ലാത്തൊരലർച്ചയിൽ
മദ്യപൻ
കഥകളിക്കാരനായ്
വിചിത്രമാം പദങ്ങളാടുന്നു,
ചുവടു തെറ്റി വീഴുന്നു,
ചുറ്റിലും ഹാസ്യമുൽഭവിക്കുന്നു,
പല്ലുകൾ പരിഹാസപൂർവം നുറുങ്ങിച്ചിരിക്കുന്നു.

വേച്ചു വേച്ചിഴയും നിഴലിൻ 
വിറയാർന്ന  വിരലുകൾ
വീട്ടുചുമരിന്മേൽ
സ്വിച്ചിന്മേൽ
തബല വായിക്കുന്നു

അപരിചിത വിരല്പർശമേറ്റ പെണ്ണിനേപ്പോൽ
ബൾബുകൾ ഞെട്ടിയുണരുന്നു
ഇരുൾ
ഭയപ്പെട്ട്
തുണിവാരിയെടുത്ത്
പിന്നാമ്പുറത്തേയ്ക്കോടി മറയുന്നു

ഉള്ളിൽ നിന്നൊരു വെളിച്ചം
പിറുപിറുത്തുകൊണ്ട്
മുടിയും മുലയും കെട്ടിവെച്ചെഴുന്നേൽക്കുന്നു
ഒരു ശാപഗന്ധത്തോടെ
വാതില്പാളികൾ
രണ്ടായ് പിളർന്ന്
ഒരുവൾ മരം പോലെ
പുറത്തേയ്ക്ക് തലനീട്ടി നിൽക്കുന്നു
അവളുടെ ഇലകളിൽ
മർമ്മരം ചുഴലിചുറ്റിത്തിരിയുന്നു
അവളുടെ കണ്ണുകളിൽ
ഒരു പാതിരാ (കോപ)സൂര്യൻ ജ്വലിക്കുന്നു

ഇനിയാണ്
അതിവിലോല ലോലമായ്
അവളുടേയും പുനരവന്റെയും
പാതി(രാ) ജീവിതം

സോളമൻ പറയാതിരുന്നത്....

വിളഞ്ഞ്
മണം പരന്ന മുന്തിരിത്തോട്ടം
വിളവെടുപ്പിനായി കാത്തുകിടക്കുമ്പോൾ
പക്ഷികൾ
അകത്തുള്ള വിത്തുകൾ
ദേശാന്തരങ്ങളിലേക്ക് കൊണ്ടുപോകുവാൻ
ധൃതിപ്പെട്ട്,
കൊക്കുവിടർത്തി
ചെരിഞ്ഞിരിക്കുന്നു...   
വീഞ്ഞ് നിറച്ച കനത്ത ജാറുകൾ
നാവുകളിലേയ്ക്ക്,
സിരകളിലൂടെ ശിരസുകളിലേക്ക്
പതഞ്ഞൊഴുകുവാൻ   വെമ്പി നിൽക്കുന്നു
പുഴകൾ മേഘങ്ങളെ പിഴിഞ്ഞെടുത്ത്
സമുദ്രത്തിലേക്ക് ഉല്ലാസപൂർവം മദിച്ചൊഴുകുന്നു
ഒരുവൾ അസ്വസ്ഥതയോടെ തന്റെ ഇരട്ടപെറ്റ മാൻ കുട്ടികൾക്ക്
പുൽമേടുകളിലേക്കുള്ള വഴി പറഞ്ഞുകൊടുന്നു
ആദമിനു വേണ്ടി ഒരു തോട്ടം തുറന്നുകൊടുക്കുന്നു
തണുപ്പത്ത് ഒരു കമ്പിളി സമ്മാനിക്കുന്നു
മുന്തിരിവള്ളികളിൽ കൂടി കാറ്റ് ആകാശത്തു നിന്ന്
താഴേയ്ക്ക് തൂങ്ങിയാടുന്നു
ഊഷ്മളത പരസ്പരം കൈയ്യുരച്ച്
തീകായുന്നു
നെറ്റിയിൽ വിയർപ്പുള്ള വെയിൽ
മുന്തിരിവള്ളികൾക്കിടയിൽ വീണ്
തളർന്നു മയങ്ങുന്നു

Saturday, April 7, 2012

ദ ഗോഡ് ദാറ്റ് ഫെയിൽഡ്

സൃഷ്ടിശ്രമങ്ങളെല്ലാം
പാഴായ ശേഷം
അനന്തവും
അസഹ്യവുമായ
ഏകാന്തതയിലിരുന്ന്
ദൈവം വെറുതേ ഒച്ച വെച്ചു

തന്റെ തന്നെ പ്രതിധ്വനിയുടെ പ്രളയം കണ്ട്
ദൈവം ഭയന്നുവിറച്ചു
ആകാശത്തേയും നക്ഷത്രങ്ങളേയും
തട്ടിത്തെറിപ്പിച്ച്
ഓടുന്നതിനിടയിൽ
അദ്ദേഹം ഭൂമിയിൽ തട്ടി വീണു

ചുറ്റിലും നിന്ന് 
തുറിച്ചു നോക്കുന്ന
മനുഷ്യന്മാർ പൊട്ടിച്ചിരിച്ചു.

ഭൂമിയിൽ
അതോടെ
നീണ്ടു നിൽക്കുന്ന
ഉൽസവങ്ങൾ തുടങ്ങി....

ഒരാല് മുളച്ചത്

വേണ്ടാത്ത സ്ഥലത്താണ്
മുളച്ചത്
ഇത്തിരിയേറെ വളർന്നപ്പോഴാണറിഞ്ഞത്
ഇത്രയും വളർന്നെന്ന്

വെട്ടണമെന്നോർത്തതാണ്
അവനവനു തന്നെ ഒരു തണലാകട്ടേന്ന് കരുതി
വെട്ടാതിരുന്നതാ

ഇതിപ്പോ
ഇത്രേം പുകിലാകുമെന്ന് നിനച്ചതേയില്ല
നാട്ടുകാരെല്ലാം ഇതിന്റെചോട്ടിൽത്തന്നെ
കൂടുമെന്നറിഞ്ഞില്ല
വേലികെട്ടുമെന്നും
ശിലവെയ്ക്കുമെന്നും
പൂജിക്കുമെന്നും
സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല

ഇതെന്റെ
മണ്ണിലാണെന്നു പറഞ്ഞുചെന്നപ്പോളാണ്
നാണം കെട്ടവനേയെന്ന്
കണ്ണുപൊട്ടിക്കുന്ന
ഒരാട്ട് കേട്ടത്....

വേണ്ടാത്ത സ്ഥലത്താണത്
മുളച്ചത്....