Thursday, October 13, 2016

കൊതി (അഞ്ച് ഭാഗങ്ങളിൽ മുന്നാമത്തേത്)



3  രുചിക്കുവാൻ
=================
കൊതിയാവുന്നുണ്ട്
നിന്നെ രുചിക്കുവാൻ
നിന്റെ രുചിയെന്താണെന്ന്
ഞാനതിശയിക്കാറുണ്ട്!
മധുരമോ കയ്പോ?
 
എന്തിന്റെ രുചിയാണ് നിനക്ക്?
ജലത്തിന്റെ?
കടൽക്കാറ്റിന്റെ,
പേരയ്ക്കയുടെ,
ചെറിപ്പഴങ്ങളുടെ, ഞാവൽപ്പഴങ്ങളുടെ
പഴുത്ത തക്കാളിയുടെ
പാകം ചെയ്ത മത്സ്യത്തിന്റെ,
മസാലനിറച്ച് വേവിച്ച മാംസത്തിന്റെ?
തണുപ്പും ചൂടും നിറഞ്ഞ
വാനില മണക്കുന്ന ഐസ് ക്രീമിന്റെ?
അറിയാനായി ഞാൻ നിന്നെ രുചിച്ചു നോക്കുന്നു.
ചുണ്ടുകൾ,
ശരീരത്തിന്റെ ഓരോരോ ഇലകളും
ദളങ്ങളും
ഓരോ താമരവളയങ്ങളും.
അലയുന്നു
നിന്റെ രുചിയുടെ രഹസ്യങ്ങൾ നിറഞ്ഞ
പഴത്തോട്ടങ്ങളിൽ.

അപ്പോൾ
നാവിൽ
അവിചാരിതമായി
വന്നു തറച്ചതാണ്
സങ്കടങ്ങൾ ഹൃദയത്തിൽ തുളച്ചുകയറ്റിയ
ഇരുമ്പാണികളുടെ രുചി
ശരിക്കും അതായിരുന്നോ നിന്റെ രുചി?

ഇപ്പോൾ എനിക്കറിയാം നിന്റെ രുചിയെന്തെന്ന്
നാവുകൊണ്ടറിയാവുന്നതല്ല.
എവിടെ നിന്നോ
ഹൃദയത്തിലേക്ക് ഇറ്റിറ്റുവീണതാണ്.
അസാധാരണം
ഭ്രാന്തം
ഉന്മത്തം.
ശരീരത്തെ തന്നെ
നാവാക്കി മാറ്റുന്ന ഭ്രാന്തമായ രുചി,
ആളുകൾ പ്രണയമെന്നു വിളിക്കുമ്പോൾ
ഞാനതിനെ രുചിയെന്നു  കേൾക്കുന്നു

കൊതിതോന്നുന്നു
നിന്നെയങ്ങനെ
പലവട്ടം രുചിച്ചു നോക്കുവാൻ

No comments:

Post a Comment