Friday, April 30, 2010

വസ്തുവില്പന

ഇത്
വല്ലാത്തൊരു ഗ്രാമം തന്നെ!

ഇപ്പോഴും
വായിക്കുകയും
എഴുതുകയും
സ്വപ്നം കാണുകയും ചെയ്യുന്ന
ചെറുനഗരങ്ങളുണ്ടാവാം
പതിവ്രതയെപ്പോലെ
ഇങ്ങനെ
ഒരു ഗ്രാമമുണ്ടാവുമോ?

പഴയ ചെമ്മൺ പാത കൊണ്ട്
കീറസ്സാരിയുടുത്ത്
നിറഞ്ഞകുളങ്ങൾ കൊണ്ട്
കണ്ണൊക്കെ വിടർന്ന്
വേലിപ്പുറത്തെ ചെമ്പരത്തിച്ചുണ്ടുകൾ
വഴിയിലേക്ക് നീട്ടിപ്പിടിച്ച്
കടുകു വറുത്ത
കുട്ടിക്കൂറ മണം പരത്തി
ഇപ്പോഴും
ഇങ്ങനെയുള്ള ഗ്രാമങ്ങളുണ്ടോ?

റേഡിയോ ശ്രദ്ധിച്ചിരിക്കുന്ന
ഒരു പ്രണയം
കത്തുവായിച്ച് മുലചുരത്തുന്ന
ഒരമ്മദൈവം

കുളക്കടവിലേക്ക്
ഒറ്റക്കിറങ്ങിപ്പോകുന്ന
ഒരു വല്ലാത്ത നട്ടുച്ച

നിഴലും പച്ചയും
പായൽ മൂടിക്കിടക്കുന്ന
ശുദ്ധഹൃദയങ്ങൾ
ബീഡിവലിച്ച പുകയിൽ
വട്ടം പിടിച്ചിരുന്ന്
ചീട്ടു കൊട്ടാരം പണിയുന്ന
ബലിഷ്ഠമായ
ചെറുപ്പങ്ങൾ

അകലത്തെ
രാധാ തിയെറ്ററിൽ
നിന്നൊഴുകി വരുന്ന
മാനസമൈനയൊഴിച്ചാൽ
ശോകമൂകമായ ത്രിസന്ധ്യ

‘ഇതൊരു വല്ലാത്ത ഗ്രാമം തന്നെ’
അളവെടുക്കുന്ന തയ്യല്ക്കാരൻ
ശരിവെച്ചു

കാറിലിരുന്നവർ
ചൂട് സഹിക്കാനാവുന്നില്ലെന്ന്
ഗ്ളാസ്സ് നിറച്ചു കൊണ്ടിരുന്നു.
ഭൂമിയുടെ നീളവും വീതിയും
മാറിലേക്കും
അരക്കെട്ടിലേക്കും വേണ്ട
അടിയുടുപ്പുകളുടെ
സൈസ്സും അളന്നെടുത്ത്
സാധനങ്ങളെല്ലാം
കവറിലാക്കിക്കൊടുത്തിട്ട്
അളവെടുപ്പുകാരൻ
തയ്യല്ക്കാരൻ
വിനയാന്വിതനായി

ഗ്രാമം
ഒരു പ്ളാസ്റ്റിക് കവർ
നെഞ്ചോടു ചേർത്ത്
മുൻസീറ്റിൽ കയറിയിരുന്നു

പോകുന്ന പോക്കിൽ
ഇടനിലക്കാരൻ കൂടിയായ
അമ്മാവൻ
കാറിലിരിക്കുന്നവരോടു പറഞ്ഞു
‘ഇതൊരു വല്ലാത്ത ഗ്രാമമാണ്‌
സൂക്ഷിക്കണം’

ഡ്രൈവർ
സ്റ്റീരിയോപാട്ടിനൊപ്പം കാറും
കാറിനോടൊപ്പം കാറ്റും കുളങ്ങളും
പാടങ്ങളും പറമ്പുകളുമെല്ലാം
വലിച്ചോണ്ടു പോയി

ചെമ്മൺ പാതയുടെ
കീറസ്സാരി
കാറിന്റെ കാറ്റില്പെട്ടുലഞ്ഞ്
മേല്പോട്ടു പൊന്തി

ഒരിക്കലും
നഗരം കണ്ടിട്ടില്ലാത്ത
ഒരു പെൺ കുട്ടിയായി ഗ്രാമം
ഒരല്പം പരിഭ്രമത്തോടെ
സ്വപ്നങ്ങൾക്കുമീതെ
കണ്ണുപൊത്തിക്കിടന്നു

വേലിക്കപ്പുറത്ത്
രണ്ട് ജോഡിക്കണ്ണുകൾ
അച്ഛനുമമ്മയുമായി നിറഞ്ഞു
തുളുമ്പി

Friday, April 16, 2010

പെണ്ണെഴുത്ത്‌

ചിലനട്ടുച്ചകളില്‍
അവളുടെ
കവിതയില്‍ നിന്നിറങ്ങി വരുന്ന
പച്ചയുടുപ്പിട്ട സഞ്ചാരികള്‍
ഹൃദയത്തില്‍ നിന്ന്‌
വെള്ളം കോരിക്കുടിച്ചിട്ട്‌
വഴിയോരം ചേര്‍ന്ന്‌
സമാധാനപൂര്‍വം
നടന്നു പോകാറുണ്ട്‌

ചില
കവിതയില്‍ നിന്നൊഴുകി വരുന്ന
വാക്കുകള്‍
ഉള്ളിലൂടൊഴുകിയൊഴുകി
അരികിലെവിടെയെങ്കിലും
പറ്റിപ്പിടിച്ച്
മരങ്ങളോ ചെടികളോ ആയി
പെട്ടെന്ന് മുളച്ചു പൊന്തും

ചിലപ്പോള്‍
അവളുടെ കവിതയിലെ
തെറ്റാലിയില്‍ നിന്ന്‌
തെറിച്ചു വരുന്ന വാക്കുകള്‍
എന്റെ കണ്ണിനു തൊട്ടു മുകളില്‍
നെറ്റിതുളച്ച്‌
`നീയുമൊരാണു മാത്ര`മെന്ന്‌
ചോരകൊണ്ടൊരു
കുറിപ്പെഴുതിയിടും

ഭാഗ്യം കൊണ്ടുമാത്രമാവണം
അന്നൊക്കെ
കണ്ണുപൊട്ടതിരുന്നത്.

അവള്‍
പ്രസവിച്ച് വളര്‍ത്തിയ
ചില ഭീകരാശയങ്ങള്‍
എന്റെ ശരീരത്തിനുള്ളില്‍
നുഴഞ്ഞുകടന്ന്
ഹൃദയത്തിന്റെ ചോട്ടില്‍
നീളത്തിലൊരു മുറിവുകൊണ്ട്
കുറ്റവാളി നീ തന്നെയെന്ന്
ചുവന്ന വരയിട്ടിട്ടു പോകും

വായനയില്‍
മുഴുകിയിരിക്കുമ്പോള്‍
ഇതെന്റെ സ്വാതന്ത്ര്യത്തിന്റെ
പ്രതീകമെന്നു പറഞ്ഞ്
എന്റെ അരക്കെട്ടിലേക്ക്
ഒരു ബോംബെറിഞ്ഞിട്ട്
അവള്‍
പൊട്ടിച്ചിരിക്കുന്നതും കാണാം

അല്ലെങ്കില്‍
ഞാനിരുന്ന് വായിക്കുന്നിടത്തു വന്ന്
ഇതു സ്ത്രീകളുടെ സീറ്റാണ്‌
മാറിത്തരണമെന്ന്
തീരെ മര്യാദയില്ലാതെ
ഫെമിനിസം പറയും;
ജാള്യതയോടെയല്ലാതെ
എനിക്കു
അവളുടെ കവിതയില്‍ നിന്ന്
എഴുന്നേറ്റ് പോകാനാവില്ല.

ഭഗദളങ്ങള്‍ പോലെ
ചില അരികു ചുവന്ന പദങ്ങള്‍
അവളുടെ എല്ലാ രഹസ്യങ്ങളേയും
വികാരമൂര്‍ച്ഛകളേയും
പ്രിയ്യപ്പെട്ട ഒരാള്‍ക്കുമാത്രമായി
ഉള്ളിലൊളുപ്പിച്ചു വെക്കുന്നതായി
എനിക്ക് തോന്നിയിട്ടുണ്ട്

ചിലവാക്കുകള്‍
പാല്‍ ചുരത്തുന്നു
ചിലവകണ്ണീരും
ചിലവ വിരലുകളായ്
വിരിയുന്നു
ചിലവ കൈകളായ്
പുണരുകയാവണം
ഉടലായ് തരളിതമാകുന്നുമുണ്ട്
വേറൊന്ന് ചുണ്ടായ്
പലതും കടിച്ചമര്‍ത്തുന്നുമുണ്ട്

അവളുടെ വാക്കുകള്‍
എന്നെ
മരണത്തിലേക്ക്‌ വരൂ
എന്ന്‌
മധുരമായ്‌
പാടിക്കേള്‍പ്പിക്കാറുണ്ട്‌

എന്തെന്നാല്‍
ഒരു ശവപ്പെട്ടി നിറയെ
കവിതകള്‍ കുത്തിനിറച്ച്‌
അവള്‍
തെരുവിലൂടെ
വിലാപയാത്ര നടത്തുന്ന
ഒരു സ്വപ്നത്തില്‍ നിന്നാണ്‌
ഞാന്‍ അവളിലേക്ക്
ഞെട്ടിയുണര്‍ന്നത്

Saturday, April 3, 2010

സോഷ്യലിസ്റ്റ് കുഞ്ഞമ്മ

പഴയ
നാട്ടു വേശ്യകളെ
ശരീരം വില്‍ക്കുന്നവരെന്ന്
വിളിച്ചൊഴിയുന്നത്
തീര്‍ത്താലും തീരാത്ത
പാപമാണ്‌.

വാടകക്കു വിളിക്കുന്ന
ഓട്ടോറിക്ഷ പോലെയാണവര്‍
എത്തേണ്ടിടത്ത് എത്തിച്ച്
ചിലപ്പോള്‍
മടക്കയാത്രയ്ക്കു കൂടി
കാത്തു കിടക്കുന്നവര്‍
അല്ലെങ്കില്‍
ധൃതിയില്‍
മറ്റൊരോട്ടത്തിനായി
മടങ്ങിപ്പോകുന്നവര്‍

കുഞ്ഞമ്മച്ചേച്ചി
ഉള്ളിലൊന്നും മറച്ചു വെയ്ക്കാതെ
കണ്ണില്‍ കണ്ടവരെയെല്ലാം
ഉള്ളു തുറന്ന്
സ്നേഹിച്ചവളായിരുന്നു.

കല്യാണം കഴിക്കാത്ത
ചുമട്ടുകാരന്‍ നാരായണേട്ടനോട്
രാത്രിയില്‍ പിരിയുമ്പോള്‍
‘ഇന്നൊന്നും തരണ്ട
നാലു ലോഡൊക്കെ ശരിയാവുമ്പോ
കുഞ്ഞമ്മയെ ഓര്‍ത്താ മതി’
എന്നു പറയുമായിരുന്നു

പതിമൂന്നോ
പതിനാലോ
വയസ്സുള്ള ഞങ്ങള്‍ വികൃതികള്‍
ഇല്ലിക്കാടുകള്‍ക്ക് പിന്നില്‍ മറഞ്ഞ്
എടവഴിയിലൂടെ പോകുന്ന
കുഞ്ഞമ്മയുടെ പിന്നിലെ
മാംസളതയിന്മേല്‍
ചെറിയ ചരല്ക്കല്ലെറിഞ്ഞ്
രസിച്ചിരുന്നു.

അപ്പോള്‍
‘മുട്ടേന്ന് വിരിഞ്ഞില്ല
അതിനു മുന്നേ തൊടങ്ങിയോ മക്കളേ
കുഞ്ഞമ്മേടടുത്തുള്ള കളി’
എന്നൊരശ്ളീലം മുറുക്കിത്തുപ്പി,
വളകിലുക്കച്ചിരി ചിരിച്ച്,
അവരൊന്ന് തിരിഞ്ഞു നോക്കിയപ്പോള്‍
ഞങ്ങളുടെ രാത്രിയാകെ
ഉറക്കമില്ലാത്ത
പള്ളിപ്പെരുന്നാളായി

ഒരിക്കല്‍
ചുമ്മാ കൈയ്യും വീശി
എറങ്ങിപ്പോകാന്‍ തുടങ്ങിയ
വര്‍ക്കിച്ചന്‍ മുതലാളിയോട്
‘കാശു വെച്ചിട്ട്
പോയാമതി വര്‍ക്കിച്ചേട്ടാ.
ഇതേ
എസ്റ്റേറ്റിലെ
കൂലിയില്ലാപ്പണിയൊന്നുമല്ല
നല്ലോണം സുഖിപ്പിച്ചിട്ടല്ലേ’
എന്നും പറഞ്ഞിരുന്നു.

വര്‍ക്കിച്ചന്‍
മൊതലാളിയൊക്കെ
ഇടപെട്ട്
എഴുപതുകളില്‍
പള്ളീന്ന് പൊറത്താക്കിയപ്പോ
കുഞ്ഞമ്മച്ചേച്ചി
പാര്‍ട്ടീ ചേര്‍ന്നെന്ന്
പള്ളിക്കാര്‌ പറഞ്ഞൊണ്ടാക്കി

അങ്ങനെ
സോഷ്യലിസ്റ്റ് കുഞ്ഞമ്മയെന്ന്
രണ്ടാമതൊരു കുഞ്ഞിനെ
അവരെല്ലാം ചേര്‍ന്ന്
മാമ്മോദീസാ മുക്കിയെടുത്തു.


കല്യാണം,
ചാവടിയന്തിരം,
മാമോദീസാ;
മട്ടനും ചിക്കനും പോര്‍ക്കുമുള്ള
എല്ലാ തീറ്റക്കൂട്ടത്തിനും
കുഞ്ഞമ്മച്ചേച്ചി ഹാജരായിരുന്നു.

ഒളികണ്ണിട്ട് നോക്കുന്ന
പെണ്ണുങ്ങള്‍ക്കൊക്കെ
മുഖത്തു പുശ്ചം;
അകത്ത് ഭക്തി

അടിയന്തിരാവസ്ഥയില്‍
നക്സലൈറ്റുകള്‍
കട്ടുറുമ്പുകളായി
അവതരിച്ചപ്പോള്‍
അവര്‍ക്ക്‌
രാച്ചോറു വെച്ചുണ്ടാക്കി
കുഞ്ഞമ്മച്ചേച്ചി
നാട്ടുകാരെ വിറപ്പിച്ചു

പിന്നെ
ഇന്ദിരാഗാന്ധി
വെടിയേറ്റ് മരിച്ചപ്പോള്‍
കരഞ്ഞ് കരഞ്ഞ്
കൈപ്പത്തിക്കും കുത്തി

നിങ്ങള്‍ക്കീ പണിവിട്ട്
അന്തസുള്ള
എന്തേലും ജോലി ചെയ്തൂടേന്ന്
ഒരു പത്രക്കാരി വന്ന് ചോദിച്ചപ്പോ
'എനിക്കീ ആണുങ്ങളെ
വല്യ ഇഷ്ടായിട്ടാ
കുട്ടീന്ന്' കൂസലില്ലായ്മ
കൈയ്യും കെട്ടി നിന്നു

പൊതുമേഖലയിലെ
പുല്ലെല്ലാം
സ്വകാര്യമേഖലയിലെ പശുക്കള്‍
തിന്നു തീര്‍ത്ത കാലമായപ്പോഴേക്കും
സോഷ്യലിസ്റ്റ്‌ കുഞ്ഞമ്മക്ക്
നാല്പതിന്റെ വരള്‍ച്ചയും തുടങ്ങി

പുതിയ കാറുകളും
പുതിയകക്ഷികളും
മുന്തിയ തരം പെണ്ണുങ്ങളും
വന്നപ്പോള്‍
കുഞ്ഞമ്മച്ചേച്ചി ഒരരുകത്തേക്ക് മാറി

അവര്‍ക്ക്
മാറാവ്യാധിയാണെന്ന്
നാട്ടുപത്രങ്ങള്‍
മുഖപ്രസംഗമെഴുതിക്കൊണ്ടിരുന്നു.

പുറമ്പോക്കൊഴിപ്പിച്ചപ്പോള്‍
കുറേക്കാലം
അതിലേമിതിലേം
നടന്നു

പിന്നെ
പോട്ടേ പോയി
ഒരാഴ്ച
ധ്യാനമിരുന്നു.

ഒരു
ഡിസംബറിരുപത്തഞ്ചിന്‌
എന്നെച്ഛ് നാല്പത്തേഴിന്റെ
അരികത്തൊരു കൊന്നക്കൊമ്പില്‍
കെട്ടിത്തൂങ്ങി മരിച്ചു.

പഴയ നാട്ടു വേശ്യകളെ
ശരീരം വില്‍ക്കുന്നവരെന്ന്
കുരിശുവരച്ചൊഴിയുന്നത്
എത്ര കഠിനമായ
നുണയാണ്‌