Saturday, January 30, 2010

പ്രതിഷേധം

ചെറ്റകളേ
ഇവിടെ
രാഷ്ട്രീയം മിണ്ടിപ്പോകരുത്‌

നിനക്കൊക്കെ പോയിരുന്ന്
ഓരോ സ്മോളും വിട്ട്‌
ഗോള്‍ഫോ റമ്മിയോ കളിച്ചൂടയോ

കോഴിക്കാല്‌ വലിച്ചീമ്പി
ഏമ്പക്കം വിട്ട്‌
കക്കൂസിലും പോയി
കള്ളുഷാപ്പിലും കേറി
കത്തികാണിച്ച്‌
കണ്ടവന്‍മാരെയൊക്കെ വെരട്ടിക്കൂടയോ

അച്ചീടയാണെങ്കിലും
വിറ്റ്‌ പെറുക്കി
കൊച്ചിക്ക്‌ പോയി
പത്ത്‌ ഷെയറെടുത്തൂടയോ

ബൈക്കോടിച്ച്‌
ഗോവയ്ക്കോ മയ്യഴിക്കോ മറീനയ്ക്കോ
വെച്ചടിച്ചൂടയോ

പോണവഴി
നാലഞ്ചവന്‍മാരുടെ
നെഞ്ചത്ത്‌ കേറി നെരങ്ങിക്കൂടയോ

ഏതേലും പെണ്ണൊരുത്തിയെ
വലിച്ചിട്ട്‌ ഭോഗിച്ചൂടയോ

ഒന്നുമില്ലേല്‍
അങ്ങാടിയില്‍ തോറ്റതിന്‌
അമ്മേടെ നെഞ്ചത്തെങ്കിലും
കേറിക്കൂടയോ

ആശാന്റെ നെഞ്ചത്തോ
കളരിക്കു പുറത്തോ
പാന്റൂരിയിട്ട്‌
മഴനൃത്തമാടിക്കൂടയോ

ചെറ്റകള്‍
രാഷ്ടീയോം പറഞ്ഞോണ്ട്‌
സമയം കളയണ്‌
'ഫ!'

Thursday, January 28, 2010

മടക്കം

മടങ്ങി വരുമ്പോള്‍
കുന്നിന്‍ ചെരുവിലെ
കശുമാങ്ങയുടെ മണമുള്ള കാറ്റ്‌
പുല്ലിനിടയിലൂടെ നൂഴ്ന്നുവന്ന്
അരയില്‍ ചുറ്റിപ്പിടിച്ച്‌
കവിളില്‍ ഉമ്മ വെയ്ക്കുന്നു.

തൊടിയിലേക്കു കയറുമ്പോള്‍
മറന്നുവല്ലോ കുട്ടാ
എന്ന് വളര്‍ന്ന മാവുകള്‍
പിണങ്ങി നില്‍ക്കുന്നു

പഴയവീടിന്റെ
പടിക്കലെത്തുമ്പോള്‍
തളര്‍ന്നൊരമ്മ പോല്‍
അകങ്ങള്‍ തേങ്ങുന്നു.

അദ്വൈതം

ഞങ്ങള്‍
ചെറുതും വലുതുമായ
കിളികള്‍
ആകാശത്തിന്റെ
ഭരണഘടനയില്‍
കുറിച്ചിട്ട
ചിറകുള്ള സ്വാതന്ത്ര്യമാണ്‌

ഒരു കൂട്ടിലും
അടയ്ക്കപ്പെടാത്തതുകൊണ്ട്
ഞങ്ങള്‍
അരാഷ്ട്രീയ വാദികളാണ്‌

മൂര്‍ച്ചയുള്ള ഒരു കണ
പക്ഷിക്കു നേരെ തൊടുത്ത്‌
കാറ്റിലെ
ചോരയുടെ മണം പിടിച്ച്‌
വെന്ത മാംസത്തിന്റെ
രുചി നുണഞ്ഞ്‌
നടക്കുന്നതിനിടയില്‍
വേട്ടക്കാരന്‍ പറഞ്ഞു:
'ഞാനും'

Sunday, January 24, 2010

പെണ്‍പക

ഇരുളിന്റെ മറവില്‍
വസ്ത്രമഴിച്ചു വെച്ച്‌
കുളിക്കാനിറങ്ങിയപ്പോഴാണ്‌
പുഴയും ഒരു പെണ്ണാണല്ലോ
എന്ന്
അയാളോര്‍ത്തത്‌.

ആവേശത്തോടെ
പലവട്ടം മുങ്ങിയും പൊങ്ങിയും
മുങ്ങിയും പൊങ്ങിയും
സ്നാനത്തിന്റെ
രതിസുഖത്തില്‍
മയങ്ങി
അയാള്‍
താഴേക്ക്‌ താഴേക്ക്‌
ഒഴുകിപ്പോയി.

കൈതവള്ളിയില്‍ തൂങ്ങി
ജലത്തിലങ്ങോളമിങ്ങോളം
താളത്തിലാടുന്ന
ജഡം കണ്ട്‌
കുളക്കടവിലെ
സ്വവര്‍ഗ്ഗസ്നേഹികളായ പെണ്ണുങ്ങള്‍
കണ്ണുപൊത്തിയിട്ട്‌
കരയിലേക്ക്‌
കാര്‍ക്കിച്ചു തുപ്പി

കര
ഒരു പുരുഷന്റെ
മുഖം പോലെ
വിവര്‍ണ്ണമായി

Saturday, January 23, 2010

മരിച്ചവരുടെ പിണക്കം

(ഏകാന്തതയുടെ ഒരരുകില്‍
മരം ചാരിയിരുന്ന്‌ മരിച്ചവന്‍
മനസ്സില്‍ കുറിച്ചിട്ട വാക്കുകള്‍)

പാര്‍ക്കില്‍
സന്തോഷത്തിന്റെ
മിഠായിപ്പൊതികള്‍
വാരിയെറിഞ്ഞ പോലെ
മുത്തശ്ശന്റെ കൈ വിടുവിച്ച്‌
പറന്നു പറന്നു നടക്കുന്ന
നമ്മുടെ കുട്ടികള്‍

ഒരിക്കല്‍
വാക്കുകള്‍ക്കു വാക്കുകള്‍
പകരം കൊടൂത്ത്‌
നാം നിര്‍മ്മിച്ച
സ്മാരകങ്ങള്‍

അവരുടെ
ചിരിയാണെണിക്ക്‌
നിന്റെ ഓര്‍മ്മകളുടെ
ഉച്ചഭക്ഷണം

ഇവിടെ
ഈ നാലുമണിപ്പകലിന്റെ
സൂര്യഘടികാര നിഴലുകള്‍
വഴുതിവഴുതി വീഴും പാര്‍ക്കില്‍
ഓര്‍മ്മകള്‍
മൂടി മാറ്റി രുചിച്ചിരിക്കുമ്പോള്‍
നീ
ഇല കൊഴിക്കുന്ന
ഒരു സുന്ദരമരം

നിന്റെ നിഴലോ
മണമോ തുമ്മലോ
വിദൂരമുരള്‍ച്ചയോ
കുറുകും
വാക്കുകള്‍ കോര്‍ത്തിട്ട
ചെറുമാലതന്‍ കിലുക്കമോ
എങ്ങെങ്ങുമില്ല

മേഘങ്ങള്‍ക്കപ്പുറത്തുനിന്നു പോലും
നിന്റെ മുഖം
എത്തിനോക്കുന്നില്ല

പകല്‍ക്കരയില്‍
രാവിന്റെ കടലിലേക്ക്‌ നോക്കി
ഞാന്‍ വീര്‍പ്പിടുകയാണ്‌
നിന്റെ കപ്പലിന്റെ വെളിച്ചം
ചക്രവാളത്തിലെങ്ങാനുമുയരുന്നുവോ

അല്ലെങ്കിലും
പ്രിയേ
മരിച്ചു കഴിഞ്ഞവര്‍ക്ക്‌
ആരോടാണ്‌ പിണക്കം

വീട്ടുകാരി

അവള്‍
എത്ര ബലം പിടിച്ചിട്ടും
സാധനങ്ങളുടെ വിലനിലവാരം,
ഉച്ചയില്‍ നിന്ന്
പ്രഭാതത്തിലേക്കുള്ള
മടക്കയാത്ര പോലെ,
ഒരിക്കലും
താഴുന്നില്ല

ഊതിയിട്ടുമൂതിയിട്ടും
അടുപ്പിലെ തീ കത്തുന്നില്ല
എത്രവെള്ളം കുടിച്ചിട്ടും
ഉള്ളിലെത്തീ അണയുന്നുമില്ല.

അവള്‍
ചിറ കെട്ടിയാലും
ഉള്ളിലെ ആധിപ്രളയം
ഒടുങ്ങുന്നുമില്ല.

എത്ര
ബലിഷ്ഠമായ
അടിത്തറകെട്ടിയിട്ടും
ഹൃദയത്തിനുള്ളിലെ
വലിയ ഭൂകമ്പങ്ങളില്‍പ്പെട്ട്‌
അവളുടെ
ഒരു കിനാവും
തകര്‍ന്നു വീഴാതിരിക്കുന്നില്ല

Tuesday, January 19, 2010

രക്തസാക്ഷിക്ക്‌

പിതാവേ
ഇടത്തുനിന്നും
വലത്തുനിന്നും
ദിനപ്പത്രങ്ങളുടെ
കൂര്‍ത്തതൊപ്പിയിട്ട്‌
മുഖം മറച്ച കോമാളികള്‍
നിന്നെ വെട്ടിവീഴ്ത്തുമ്പോള്‍
അകത്തും പുറത്തും
നിന്റെ രക്തത്തിനും
മാംസത്തിനും വേണ്ടി
പന്ത്രണ്ട്‌ ശിഷ്യന്‍മാര്‍
കാത്തിരിപ്പുണ്ട്‌
നീ ചതവില്ലാത്ത
എല്ലുറപ്പിന്റെ ചരിത്രം,
വീരാപദാനങ്ങളുടെ പുരാണം,
സമര മരുഭൂമിയിലെ
തളരാത്ത ഒട്ടകം

പിതാവേ
ചരിത്രത്തിന്റെ
തിരശ്ശീലക്കു മുന്‍പില്‍
തെളിയുന്നത്‌
നീ വാങ്ങിത്തന്ന
പെന്‍ഷന്റെ കട്ടിക്കണ്ണട
കൂട്ടിക്കിട്ടിയ കൂലിയില്‍നിന്ന്‌
ഒരു വസന്തം പോലെ
കുഞ്ഞുടുപ്പും കളിചിരികളും
പഴയതെങ്കിലും
നന്നായോടുന്ന
ബൈസിക്കിള്‍
ഒരു തുണ്ട്‌ ഭൂമിയോളം പോന്ന
ആത്മാഭിമാനം
ഭൂതകാലത്തെ ചവിട്ടിമെതിച്ച
സ്വാതന്ത്ര്യത്തിന്റെ
ശക്തിപ്രകടനം
കോരനും നീലിയുമൊക്കെ
നിതിനും നീതുവുമായി മാറിയ
നാമമാന്ത്രികം
അങ്ങനെ
ചെറുതും വലുതുമായ
ആത്മാക്കളുടെ
നൂറുനൂറു കൊടിയേറ്റങ്ങള്‍

നീ തന്നതെല്ലാം
തിരിച്ചെടുക്കുകയാണവര്‍
അവശേഷിക്കുന്നത്‌
പഴയ നഗ്നത,
ചാട്ടവാറേറ്റ പാടുകള്‍
മുറ്റത്തു കുഴിച്ച കുഴിയില്‍
ഒരിലവട്ടത്തിലെ കുമ്പിളില്‍
കണ്ണീരിന്റെ വറ്റുകള്‍.

Saturday, January 16, 2010

ദാഹശമനി

അസൂയക്കാരനായ
വിരുന്നുകാരാ
കസാലയുടെ മൃദുമേനിയിലിരിക്കൂ
(കുഷ്യന്‌
സുന്ദരികളുടെ
ഉടല്‍ പോലെ
ഇത്ര മാര്‍ദ്ദവം വേണ്ട-എങ്കിലും)
വടിവൊത്ത കൈകളില്‍
കൈ ചേര്‍ത്ത്‌
കസാലചാരി
ശാന്തസാന്ദ്രമായ്‌ വിശ്രമിക്കൂ

പുറത്ത്‌
വെറുപ്പിന്റെയും
സന്ദേഹങ്ങളുടേയും
ഉച്ചവിരുന്നിനു പോകുന്ന കാലടികള്‍
നഗരത്തില്‍ നിന്ന്
വീട്ടിനുള്ളിലേക്ക്‌
ഉഷ്ണക്കാറ്റിന്റെ
ഒരതിവേഗപ്പാത

മേശമേല്‍
നിനക്കുള്ള പാനീയം
(ആവിയും ഇളം ചൂടും പറക്കുന്ന!)
ചുവന്ന മുന്തിരിച്ചാറു പോലുള്ള
മധുരപാനീയം

സ്ഫടികചഷകത്തിന്റെ
ഉള്ളിലേക്കുള്ള
കണ്ണിന്റെ
ഗതികെട്ട
പരക്കം പാച്ചിലൊന്നും വേണ്ടാ
സാവധാനം കുടിക്കുക
തണുക്കട്ടെയുള്ളം

ഞരമ്പു കീറീ
ഇപ്പോള്‍ തുള്ളി തുള്ളിയായി
ചോര്‍ത്തിയെടുത്തതേയുള്ളു

വെറുപ്പിന്റെ
കഠിനമാമീ
ഉച്ചവെയില്‍ക്കാറ്റിന്‍ വിരുന്നില്‍
ഞാന്‍ പകര്‍ന്നു തരുന്ന
മറ്റെന്തു ദാഹശമനിയാണ്‌
നിനക്കു മതിയാവുക.

Monday, January 11, 2010

കള്ളുകുടിയന്‍

ഒരു
സ്വതന്ത്ര
റിപ്പബ്ളിക്കാണയാള്‍ ,
ആര്‍ക്കും
പരമാധികാരം
പണയപ്പെടുത്താത്ത
മഹാരാജ്യം.


ഒരു
കരാറിലും
അയാള്‍  
ഒപ്പിടുന്നില്ല
ഒരു തെരഞ്ഞെടുപ്പിലും
കുമ്പിടുന്നില്ല
ഒരു വട്ടമേശക്കരുകിലും
നടുവളക്കുന്നില്ല.

വസ്ത്രശാലകള്‍ക്കൊന്നും
അയാളെ പരസ്യമായി
വീഴ്ത്താനാവില്ല,
സ്വയം വീഴുന്നതിന്റെ
ആനന്ദത്തില്‍ മയങ്ങി
നിറഞ്ഞുതുളുമ്പുന്ന
കള്ളുകുടങ്ങളെ
സ്വപ്നം കാണുകയാണയാള്‍.


അതുകൊണ്ട്‌
സ്വപ്നത്തില്‍ നിന്ന്
അയാള്‍ ഒരിക്കലും
ബോംബ്‌ പൊട്ടിയ ഒച്ച കേട്ട്‌
ഞെട്ടിയുണരുന്നില്ല,

സമാധാനത്തിനുവേണ്ടി
അയാള്‍
ഒരു യുദ്ധവും
അവസാനിപ്പിക്കുന്നില്ല

Friday, January 8, 2010

പതിവ്രത

വെള്ളമില്ലാത്ത
കരിങ്കല്‍ നെഞ്ചില്‍
ഒരു മകര മത്സ്യം പോലെ
ശ്വാസം കിട്ടാതെ
പിടയുകയായിരുന്നു ഞാന്‍

അതു കൊണ്ടാണ്‌
കീചകനെങ്കില്‍ കീചകനെന്നു
കരുതിയത്‌


പണ്ട്‌
സ്കൂളിന്റെ
ഉയരമുള്ള പടവുകള്‍ കയറുമ്പോള്‍
ചോട്ടില്‍ നിന്ന്
കീചകാ
നീ എന്റെ കൊച്ചുപാവാടയുടെ
അടിയിലൂടെ മേലോട്ട്‌ നോക്കിയത്‌
ഓര്‍മ്മയുണ്ടെനിക്ക്‌ ,
തെമ്മാടി
വൃത്തികെട്ടവന്‍
അമ്മയും പെങ്ങളുമില്ലാത്തവനെന്ന്
പല തെറികള്‍
നിന്റെ കണ്ണ്  പൊട്ടിച്ചതും.

കോളേജിലേക്കുള്ള യാത്രയില്‍
അരികു സീറ്റിലിരിക്കുമ്പോള്‍
ബസിന്റെ കമ്പിയില്‍
എന്റെ ദാവണിക്കുള്ളിലേക്ക്‌ നീ
വാവലിനെപ്പോലെ
ദാഹത്തോടെ
തൂങ്ങിക്കിടന്നതും
എനിക്കോര്‍മ്മയുണ്ട്‌.


അന്നു നിന്റെ
ദുശ്ശാസനവേഷം കണ്ട്‌
എന്റെ ഹൃദയത്തില്‍
എന്തൊരു മനം പുരട്ടലും
നാവിന്‍മേല്‍ എന്തൊരു
ചൊറിയുന്ന
പുലയാട്ടുമായിരുന്നു

ഓര്‍മ്മകളോര്‍ക്കുമ്പോള്‍
നാണവും മാനവും കെട്ടുപോകുന്നു


കീചകാ
നീ വിളിച്ചതുകൊണ്ടല്ല
ഈ പാതിരാപ്പന്തലിനു ചോട്ടിലെ
കളിയരങ്ങില്‍
വീഞ്ഞും മുന്തിരിക്കുലകളുമായി
ഗാത്രവും പാത്രവും വിറയ്ക്കാത്ത
സൈരന്ധ്രിയായ്‌,
വിയര്‍ക്കാതെ
വ്രീളയായ്‌   
ഞാന്‍ വന്നു നില്‍ക്കുന്നത്‌.
എന്നെക്കാക്കുവാന്‍
പതികളഞ്ചില്ല കീചകാ


ഇന്നിതാ
മൂന്നുകുട്ടികളുടെ അമ്മ
നാല്‍പതിന്റെ വറ്റിയ കണ്‍ തടങ്ങള്‍
എത്ര പെട്ടന്നാണ്‌
സ്ത്രീകള്‍ നരച്ച പാവകളാകുന്നത്‌
എത്ര വട്ടം കണ്ണാടിയുടെ മുന്‍പില്‍
ഭാവം വരുത്തിയും
മാറ്റിയും നിന്നിട്ടുണ്ട്‌
രാവിലെ
ഉച്ചക്ക്‌
സന്ധ്യക്ക്‌
ആരും കാണാ പാതിരാമുറികളില്‍.

അദ്ദേഹം സദാ ചെറുപ്പമാണ്‌,
യയാതി !
എന്നോടു മാത്രം
വിരക്തിയുടെ ശീതശൈലം പോലെ
ഒരേ ഉറമഞ്ഞുപോലെ
ഒരൊറ്റ കൃഷ്ണശിലപോലെ
മടുപ്പിക്കുന്ന ഒരേ  നിദ്രതന്നെ

കിടന്നാല്‍ പുലര്‍ച്ചക്കേ ഉണരൂ
അതിനുമുന്‍പേ
തിരിച്ചെത്തണം
രാവിലെച്ചായ കിട്ടാതെ വന്നാല്‍
ദേഷ്യമാണ്‌
ഒരു കുട്ടത്തെറിയുമായ്‌
ഉറക്കം ചവിട്ടിക്കെടുത്തി
അദ്ദേഹം കടന്നു പോകും
പിന്നെ
എന്റെ കുട്ടികള്‍ക്കാരാണ്‌?

അതു കൊണ്ടാണ്‌
കീചകനെങ്കില്‍ കീചകനെന്നു
കരുതി
ഈ പാതിരാപ്പന്തലിനു ചോട്ടിലെ
കളിയരങ്ങില്‍
വീഞ്ഞും മുന്തിരിക്കുലകളുമായി
ഗാത്രവും പാത്രവും വിറയ്ക്കാത്ത
സൈരന്ധ്രിയായ്‌,
വിയര്‍ക്കാതെ
വ്രീളയായ്‌
ഞാന്‍ വന്നു നില്‍ക്കുന്നത്‌.