Wednesday, December 29, 2010

എന്റെ തന്നെ ശ്മശാനങ്ങൾ

ഒരോരോ കാലത്ത്
ഞങ്ങളുടേതോ
ഞങ്ങളുടേതല്ലാത്തതോ ആയ ഭൂമിയിൽ,
പുഴയുടെ കരയിലും,
വനത്തിനോടും വാനത്തിനോടും ഇണപ്പൊരുത്തമുള്ള
പെരുമലയുടെ മുലച്ചെരുവിലും,
കുന്നിന്റെ അടിവയർച്ചെരുവിലും
എനിയ്ക്ക്
ഓലയോ പുല്ലോ മേഞ്ഞ
വീടുകളുണ്ടായിരുന്നു.

ദേശാടനപ്പക്ഷികളായി
ഞങ്ങൾ നാലുകുട്ടികൾ
അച്ഛനമ്മമാരോടൊപ്പം
ഓരോ ജീവിത ഋതുവിലും
ഒരിടത്തുനിന്ന് മറ്റൊരിടത്തേയ്ക്ക്
പറന്നുകൊണ്ടിരുന്നു...
വെള്ളം, വെളിച്ചം, അന്നം, തൊഴിൽ
അങ്ങനെയെന്തെങ്കിലും തേടി...

പൂത്തുമ്പികളും കുഴിയാനകളും
മേലാകെ കന്മഷിപ്പൊട്ടുകുത്തിയ
ചുവന്ന പ്രാണികളും
വെട്ടിയെടുത്ത വർണ്ണയിലച്ചെടികളും
ചെറുവാഴത്തൈകളും
കൊക്കരക്കോഴികളും
വീടുമാറി
ഞങ്ങളോടൊപ്പം
പുതിയ മുറ്റത്തും
വന്നുകയറിയിരുന്നു.
തൊടിയിലെല്ലാമവറ്റകൾ
മക്കളേ ഞങ്ങളും വന്നിരിക്കുന്നുവെന്ന്
ഒരു ചിറകടിയോ ചൂളം വിളിയോ
ഇലയാട്ടിച്ചിരിയോ കൊണ്ട്
ഞങ്ങളെ കെട്ടിപ്പുണർന്നിരുന്നു

പുഴയുടെ കരയിലോ
പെരുമലയുടെ ചുവട്ടിലോ
കുന്നിന്റെ പള്ളയിലോ
എനിയ്ക്കുണ്ടായിരുന്ന വീട്ടിനുള്ളിൽ
മഴക്കാലത്ത് കണ്ണീരിനോടും വിശപ്പിനോടുമൊപ്പം
മഴവെള്ളവും ഒരുടപ്പിറന്നവളെപ്പോലെ
തളംകെട്ടിക്കിടന്നിരുന്നു

മഞ്ഞുകാലത്ത്
കൂർത്ത മുള്ളകളുള്ള റോസാച്ചെടിത്തണുപ്പ്
തീയും മോഹവും
ഒരുപോലെ കുത്തിക്കെടുത്തിയിരുന്നു.

അന്നൊക്കെ
മരുന്നോ മന്ത്രമോ ഇല്ലാതെ
പനിച്ചു വിറച്ച ഏഴുരാപ്പകലുകളിൽ
മരണം ഒരു മുത്തശ്ശനെപ്പോലെ അടുത്തിരുന്ന്
സന്ത്വനിപ്പിച്ചതും
ഇടിയും മയിൽപ്പീലിമിന്നലും വന്ന്
ദേഹത്ത് തൊട്ടുരുമ്മി
വാനത്തേയ്ക്ക് തന്നെ തിരിച്ചുപോയതും
ഓർമ്മയുണ്ടെനിയ്ക്ക്:
തലയിണയ്ക്കടിയിൽ
ഒരു വെള്ളിക്കട്ടൻ പാമ്പ്
എന്നോടൊപ്പം ഒരു രാത്രി ഉറങ്ങിയെണീറ്റത്...
അനുജനുറങ്ങിക്കിടന്ന തൊട്ടിലിനരുകിൽ
ഒരു ഒരു വിഷപ്പാമ്പ്
അമ്മയില്ലാത്ത നേരത്ത്
കാവലിരുന്നതും ഒക്കെ

അന്ന്
ശത്രുവായൊരാൾ
ഉള്ളിലുണ്ടായിരുന്നു
ഒരു നീണ്ടകുഴലിലൂടെ ഊതിയൂതി
വിശപ്പിനെ ആളിക്കത്തിയ്ക്കുവാൻ

അന്നൊക്കെ
അരികടം വാങ്ങാൻ
അടുത്ത വീടിന്റെ പര്യാമ്പുറത്ത്
അമ്മ ചെന്നു നിൽക്കുമ്പോൾ
എന്റെയുള്ളിൽ ലജ്ജയുടെ കയറിൽത്തൂങ്ങി
ഞാൻ പലവട്ടം മരിച്ചിരുന്നു

എന്റെ പഴയവീടുകൾ
എന്റെ തന്നെ ശ്മശാനങ്ങളാണ്‌

Tuesday, December 28, 2010

പ്രണയം എന്നൊരു വേട്ടക്കാരൻ

അവനറിയാം
ഇര
ഒരു മിടിപ്പു ദൂരത്തിലുണ്ടെന്ന്

പറക്കാനോ
പറക്കുമ്പോലെ
കുതികാലിലൂന്നി പാഞ്ഞുപോകാനോ
അതിനാവതില്ലെന്ന്

കണ്ണിലേയ്ക്കടർന്നു
പതിയ്ക്കുമപ്രതീക്ഷിത വെളിച്ചത്തിൽ
പകച്ചു നിൽക്കും മുയലിനെപ്പോലെ
നിലാവിലേയ്ക്കുറ്റു നോക്കി
ആണി
യി

തൂ
ങ്ങി
പി ട ഞ്ഞ്
പി ട ഞ്ഞ്
അതു
തളർന്ന് കിടക്കുകയാവുമെന്ന്
ഒരമ്പുപോലും
തൊടുക്കേണ്ടതില്ലെന്ന്

ഒരുപിടി
കറുകമാത്രം മതിയാകുമെന്ന്

Friday, December 24, 2010

സോർട്ടക്സ് റൈസ്

പണ്ട്,
അമ്മ
മുറത്തിനുമുൻപിൽ
ഏറെനേരമിരുന്ന്
ഓരോ അരിമണികൾക്കിടയിലും
ശ്രദ്ധയോടെ പരതി
ചെറുചെറു കല്ലുകൾ
പെറുക്കിക്കളഞ്ഞിരുന്നു;
അച്ഛനും മക്കളും
സ്നേഹത്തിന്റെ
നീണ്ട ദിനരാത്രങ്ങളുണ്ടുതീർക്കുമ്പോൾ
ഒരിക്കൽ പോലും
കല്ലുകടിക്കാതിരിയ്ക്കാൻ.

സ്നേഹത്തിന്റെ രണ്ടാം വരവായി
അവളെത്തുമ്പോഴേയ്ക്കും
നിറപറയുടെ സോർട്ടക്സ് റൈസ്
പത്തുകിലോ പായ്ക്കറ്റിൽ
വീട്ടിലെത്തിത്തുടങ്ങിയിരുന്നു

രുചിയും
മണവുമില്ലാതായിപ്പോയ
സ്നേഹത്തിന്റെ കാവൽക്കാരാ,
നീയായിരുന്നോ
ചെറുചെറു കൽമണികളായി
പണ്ട്
അരിമണികൾക്കിടയിൽ
ഒളിച്ചിരുന്നത്?

Sunday, December 19, 2010

ഏതൊരാളുടേയും...

മരിച്ചുകഴിഞ്ഞപ്പോൾ
അയാൾ ഒന്നുരണ്ടുദിവസം
അസ്വസ്ഥനായി
പെട്ടിയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു.
പരിചയമില്ലല്ലോ
ഇങ്ങനെയൊരു ജഡത്വം

പെട്ടിയിൽ
ഉഷ്ണമാപിനി ഉരുകിയൊലിയ്ക്കും രാപ്പകലുകൾ
വാതിലോ ജനലോ ഇല്ലാത്ത അവിദഗ്ദ്ധവാസ്തു ,
വൈദ്യുതിനിലച്ച ഉഷ്ണിതനഗരം
കുറച്ചു വെള്ളം തരൂ...
സോഡ...
കഴിക്കാനെന്തെങ്കിലും...
എന്നിങ്ങനെ ഉള്ളിലുണ്ട്
ഇനിയും പിരിഞ്ഞു പോകാത്ത ഉന്മാദങ്ങൾ

ശവക്കല്ലറകൾ
ഭൂനിരപ്പിനു മുകളിൽ
ഫ്ളാറ്റിലേയ്ക്കോ
മൂന്നാം നിലയിലേയ്ക്കോ മാറ്റണം
സഹിക്കാനാവുന്നില്ല മണ്ണിനടിയിലെ മുഴക്കങ്ങളെ
എന്തെങ്കിലുമൊന്നുരിയാടാൻ ഒരാളുമില്ലല്ലോ..
ഫോൺനമ്പറുകൾ,
മെയിലുകൾ,
ഫെയ്സ്ബുക്കിലെ സ്റ്റാറ്റസ്ബാറിൽ നിന്ന്
ഹൃദയം വഴിഞ്ഞൊഴുകും
പ്രണയപദങ്ങൾ..

കുറച്ചുകൂടിക്കഴിഞ്ഞാൽ
പെട്ടിയിൽ വന്നു മുട്ടും
രാത്രികളിൽ അനാഥ പ്രേതങ്ങൾ,
പണ്ടെന്നോ മരിച്ചവർ.

വഴിതടഞ്ഞ്
വിശന്നിട്ടോ ദാഹിച്ചിട്ടോ
ഒന്നുമ്മ വെച്ചോട്ടേയെന്ന്
കാമത്തിലാളിപ്പടർന്നിട്ടോ
ഒരുവൾ

മൂന്നാം ദിനം
ശവപ്പെട്ടിയിലെ പൂക്കളിൽ നിന്ന്
അവസാനത്തെ ബന്ധുവും
മറവിരോഗത്തിലേയ്ക്ക് വഴുതി രക്ഷപെടും

നാലാം ദിനം
മണ്ണിൽ നിന്ന്
മരിച്ചവരുടെ അച്ചടക്കമില്ലാത്ത പ്രജകൾ
മുഖത്തേയ്ക്ക് പുളഞ്ഞുകേറും
ശത്രുവിന്റെ പെണ്ണുങ്ങളിലേയ്ക്കിരച്ചെത്തും
സൈനികരെപ്പോലെ പുഴുക്കാലടികൾ

വിരലുകൾ പൂവുകൾപോലെ ചീയും
കണ്ണുകൾ ഏറെപ്പഴകിയ മത്സ്യങ്ങളെപോലെയും
പണ്ട് ഉള്ളിലേയ്ക്ക് കയറിപ്പോയ നല്ല ഗന്ധങ്ങൾ
മൂക്ക് ചീയുമ്പോൾ
മുഷിഞ്ഞുമുഷിഞ്ഞ് പുറത്തേയ്ക്കു വരും.
കുടലും മസിലുമഴുകും
മുടിയിഴകളുടെ കടയഴുകും
ജനനേന്ദ്രിയം ജീവൻ വരുന്ന വഴികളെല്ലാമടഞ്ഞ്
ദുസ്സഹഗന്ധമുദ്രിതമാകും.
ഉടലിന്റെ എല്ലാ ദിക്കുകളിൽ നിന്നും
അഴുകിയമണങ്ങൾ മാത്രം
വിരുന്നു മുറിയിലേയ്ക്കൊഴുകിയെത്തും
ഉടൽ അഴുകിയഴുകി ഒരു കടലാകും

കണ്ണിൽ നിന്നൊരു പുഴ പുറപ്പെടും
നാവിൽ നിന്ന്
തൊലിയിൽ നിന്ന്
ചെവിയിൽനിന്ന്
മൂക്കിൽ നിന്ന്
അഴുകിയഴുകിയൊഴുകുന്ന
ഓരോരോ പുഴകൾ പുറപ്പെട്ടുതുടങ്ങും

ദൈവമേ
മരിച്ചവരെ അടക്കേണ്ടത്
എല്ലാ സുഗന്ധദ്രവ്യങ്ങളും കിട്ടുന്ന
സൂപ്പർമാർക്കറ്റിലാകണം
നിന്റെ സൈനികരെക്കൊണ്ട്
ഇങ്ങനെ പീഡിപ്പിക്കുകയുമരുത്
ജീവിതത്തെ മാറ്റിത്തീർത്ത
ദയാപരനേ
മരണത്തേയും.....

Thursday, December 16, 2010

പേരാറെന്നോ പെരിയാറെന്നോ പേരൊന്നുമില്ലാത്ത പുഴ

ഒരേ ഗർജ്ജനമുള്ള കടലിനെ
മടുത്ത്
തിരിച്ചൊഴുകണമെന്നുണ്ട്

അതുകൊണ്ടാണ്‌
ആലോചനകളിൽ മുഴുകി
ഇടയ്ക്കിടയ്ക്ക്
ഒഴുകാൻ മറന്നുപോകുന്നത്
വറ്റി വറ്റി
തീർന്നുപോകുന്നത്

Wednesday, December 15, 2010

ശിശിരം...

ഇതെന്റെ
ഒടുവിലത്തെ
പ്രണയമാണെന്നു തോന്നുന്നു.
ഇനി ഞാൻ
ഒരു ചെറുകാറ്റടിച്ചാൽ
മരണത്തിലേയ്ക്ക്
കൊഴിഞ്ഞു വീഴും...

മൂന്നാമൻ

ഞാനെന്റെ
ഹൃദയത്തിൽ നിറച്ചുവെച്ച
ഒരു പെഗ്ഗ് വികാരങ്ങളിലേയ്ക്ക്
നീ
നിന്റെ സ്നേഹത്തിന്റെ
രണ്ട് (അല്ലെങ്കിൽ മൂന്ന്)
ഐസ് ക്യൂബുകളിടുന്നു

ആരാണിനി
ഇതു പാനം ചെയ്യുകയെന്ന്
സിഗരറ്റ് കുത്തിക്കെടുത്തി
ഒരു മുഷിഞ്ഞ നിഴൽ
കാലടികൾക്കു ചുവട്ടിലേയ്ക്ക്
ഇഴഞ്ഞെത്തുന്നു

Monday, December 13, 2010

ആശ്വാസം

കവിതയുടെ
ഇടതൂർന്ന വനാന്തരത്തിലൂടെ
നടക്കുമ്പോൾ
കൂടെ ആരുമില്ലെന്ന ഭയപ്പെരുക്കങ്ങളിൽ
തള്ളിവന്നൂ
നിശ്ശബ്ദതയുടെ ഒരാഴക്കയം

ഉള്ളിലെ ശ്വാസം മുഴുവൻ
വീണുമുങ്ങുന്ന ജലാശയത്തിൽ കിടന്നാണ്‌,
അതിവിദൂരതയിൽ നിന്ന്
ഒരു മഞ്ഞവേരുപോലെ
കൈകളെച്ചുറ്റിവരിഞ്ഞ്
നിന്റെ വിളിയോ പറച്ചിലോ കേട്ടത്
വാക്കുകൾ വറ്റിച്ചെടുത്ത
നിന്റെ ആശ്വാസ ജലശ്ളോകങ്ങളിൽ
അലിഞ്ഞുപോയി
ഏകാന്തവനാന്തരം

ഞാനൊറ്റയ്ക്കു നിൽക്കുമ്പോൾ
ഒരു പച്ചിലക്കുടമരമായി,
മേലേ മേഘനിഴലായി
നീ

Friday, December 10, 2010

ലിപികൾ പുഴകളാണ്‌

ലിപികൾ
പുഴകളാണ്‌,
വളഞ്ഞും പുളഞ്ഞും
മുറിഞ്ഞുമൊഴുകുന്നവ

ചിലനേരങ്ങളിൽ
നിറഞ്ഞൊഴുകും
അർത്ഥഗർഭമായി

അടിയൊഴുക്കിലൊളിപ്പിയ്ക്കും
ഗൂഢപ്രണയങ്ങൾ

നാമതിൽ
അണകെട്ടിനിർത്തും
വികാരപ്രവാഹങ്ങളെ

മുങ്ങിനിവർന്ന്
മടിയും മടുപ്പും
മുഷിവുകളുമലക്കിയുണക്കും

കുളിച്ചുകയറിവരും
ഈറനായി
ഒരു പുതുജീവിതം

ചിലപ്പോൾ
അവയിലൂടെ ഒഴുകിവരും
പണ്ട്
പ്രതീക്ഷയുടെ
സ്നാനഘട്ടങ്ങളിലെവിടെയോ വെച്ച്
മുങ്ങിമരിച്ച കുഞ്ഞുങ്ങളുടെ ജഡം

വനപർവ്വതങ്ങളിൽ തലതല്ലിമരിച്ച
ആർക്കും മനസ്സിലാകാതെപോയ
ഒരു ഭ്രാന്തൻ മഴയുടെ
ശവഘോഷയാത്ര

ഒരുപാടു പേരുടെ
അഴിഞ്ഞുവീണ
നഗ്നതകൾ

ലിപികൾ
പുഴകളാണ്‌,
അതിലൂടെ
ആരെങ്കിലും ഒഴുക്കി വിട്ടേക്കാം
പേരെഴുതിയ ഒരു കളിയോടം

വേരുപറിഞ്ഞൊഴുകിവരാം
ചില വന്മരങ്ങൾ

സ്നേഹിതേ,
പ്രണയിനീ...
എന്റെ ലിപിമാലയാണു നീ
വളഞ്ഞും പുളഞ്ഞും
ചിലപ്പോൾ
മുറിഞ്ഞുമൊഴുകുന്ന പുഴ

ആവതില്ലെനിയ്ക്ക്
നിന്നിലൂടല്ലാതെ മറുകരയെത്തുവാൻ

വരളാതിരിക്കട്ടെ
നിൻ ചുണ്ടുകൾ,
അതിഗ്രീഷ്മവേദനകളിൽ
വറ്റിവറ്റി
ഒഴുകാൻ മറന്ന്.

Monday, December 6, 2010

ഫാഷൻ

കണ്ണ്
ഒരു സൂചിയും
നോട്ടം
നേർത്തൊരു നൂലുമാണ്‌

അവളുടെ ഉടൽ
പാകത്തിനു വെട്ടിവെച്ച
പുത്തൻ തുണിയും

കണ്ടുകണ്ട്
ഞാനവളെ നെയ്തെടുക്കുന്നു

മാർക്കറ്റിലെത്തുമ്പോൾ
അവൾക്കുവേണ്ടി
അക്ഷമയുടെ ഒരു വലിയ ക്യൂ
പ്രത്യക്ഷപ്പെടുന്നുണ്ട്,
മാർക്വിസിന്റെ പുസ്തകത്തിനും
രജനീകാന്തിന്റെ
തിരയാട്ടജാലത്തിനും
വേണ്ടിയെന്ന പോലെ
അതിലേറെ സഹനപൂർവം.

മഞ്ഞിലും മഴയിലും
അവളെച്ചേർത്തു തുന്നിക്കൂട്ടിയ
ചൂടുടുപ്പുകൾക്കു വേണ്ടി
എണ്ണമറ്റ നഗരങ്ങൾ
വരിവരിയായി നിൽക്കുന്നു,
മറ്റൊന്നിലും
കാഴ്ച കലർന്നുപോകാതെ

Saturday, December 4, 2010

ജലരൂപങ്ങൾ

ശീതകാലങ്ങളിൽ
ഖരജലം,
തണുത്തുറഞ്ഞ്
ഉളളിലുള്ളിലേയ്ക്ക് ചിറകുകളൊതുക്കി
ഒരു നനഞ്ഞ കിളിയായി.

ഹിമയുഗത്തിൽ
വിത്തുകളെല്ലാം
ഉള്ളിൽ പൊതിഞ്ഞു വെച്ചതുപോലെ
സ്വപ്നങ്ങളെയെല്ലാം
തന്മാത്രകൾക്കുള്ളിലൊളിപ്പിച്ചൊളിപ്പിച്ചു വെച്ച
ജലത്വം

ഉഷ്ണവേനലിൽ
ദാഹനീരാവിയായി
കഠിന തന്മാത്രകൾ തമ്മിൽ
കൈപ്പടങ്ങൾ വിടുവിച്ച്,
വേർപെട്ടു പോകുന്നതിന്റെ
അനിശ്ചിത രൂപാന്തരങ്ങളിൽപെട്ടുഴറി,
ആരുമറിയാതെ
അന്തരീക്ഷപഥങ്ങളിലലഞ്ഞലഞ്ഞ്...

മിതശീതോഷ്ണദിനങ്ങളിൽ
ആർദ്രതയുടെ ഒരിടനാഴിക്കാറ്റിലും
സ്നാനത്തിന്റെ കുളിരിലും
മുഖത്തേയ്ക്കു കുടഞ്ഞിടുന്ന ഉന്മേഷത്തിലും
മനസ്സിന്റെ
വരണ്ട കിണറ്റിലേയ്ക്ക് കിനിഞ്ഞിറങ്ങുന്ന
ചുടുനീരുറവയിലും,
ജലരൂപങ്ങൾക്കുണ്ട്
പലതരം
പ്രണയകേളികൾ

ജലം,
പ്രണയമെന്ന്
മറ്റൊരു പേരുള്ളവൾ