അമ്മേ ദേ വന്ന് നോക്ക്
അപ്പന്റെ ജഡം ഫേസ്ബുക്കില്
മോന്റെ നിലവിളിയും
കരിയാൻ വെമ്പി നിൽക്കുന്ന മുട്ടയപ്പത്തിന്റെ മണവും
ഇടകലർന്ന നല്ല പരുപരുത്ത നട്ടുച്ച നേരത്ത്
സൗദാമിനി
തപ്പിത്തടഞ്ഞ്
കൈതുടച്ച്
ലാപ്പ് ടോപ്പിന്റെ മുന്നിലെത്തുന്നു
ശരിയാണല്ലോ
സൂക്ഷിച്ചു നോക്കുന്നു സൗദാമിനി
കണ്ണ് വട്ടം പിടിച്ച് പിന്നെയും നോക്കുന്നു സൗദാമിനി
നീണ്ട് മലർന്ന്
കണ്ണ് തുറിച്ച്
കൈയ്യും കാലും ചതഞ്ഞരഞ്ഞ്
അങ്ങോരുടെ തന്നെ ജഡം.
പെട്ടെന്നൊരു മഞ്ഞുകാലം
നെറുകന്തല വരെ പെരുത്തു കേറി
സൗദാമിനി അയ്യോ അമ്മേ നാട്ടുകാരേയെന്ന്
പരമാവധി ഉച്ചത്തിൽ
ലൗഡ് സ്പീക്കറിനെ അനുസ്മരിപ്പിക്കുന്ന വോളിയത്തിൽ
സഹായത്തിനു വിളിക്കുന്നു
ശരിയാണല്ലോ
കൈകാലുകളറ്റ്
ചിറികോടി
രക്തമെല്ലാം തറയിലേയ്ക്കൊഴുകിപ്പരന്ന്
വണ്ടി കേറിയ പോലെ കിടപ്പിലാണല്ലോ
കുഞ്ഞപ്പൻ.
കുഞ്ഞപ്പനിതെന്നാ പറ്റിയെന്ന്
മൂക്കത്ത് വിരലുവെയ്ക്കുന്നുണ്ട് , നാട്ടുകാര്
മുട്ടയപ്പം കരിയുന്നുണ്ട്
അടുക്കള പുകയുന്നുണ്ട്
എനിയ്ക്കൊന്നുമറിയാമ്മേലേന്ന്
സൗദാമിനി കരയുന്നുണ്ട്
ഞെഞ്ചത്തടിച്ച്
കരള് തല്ലിച്ചതയ്ക്കുന്നുണ്ട്
ഒന്നുമറിയാണ്ട്
മക്കളും കൂടെ കരയുന്നൊണ്ട്
ദേ ഇപ്പ വരാന്നു പറഞ്ഞോണ്ടെറങ്ങിയതാ,
നേരം പെരപെരാന്നു വെളുത്തപ്പോ.
കാണാണ്ടായപ്പം ഞാങ്കരുതി
അങ്ങാടീലെങ്ങാനും പോയതാന്ന്
കെ എസ് എഫീലു ചിട്ടിപ്പണം കെട്ടാൻ പോയതാന്ന്
മോൾടെ ടീച്ചറെക്കാണാൻ പോയതാന്ന്
മോണിങ്ങ് ഷോയും കഴിഞ്ഞ്
ഉച്ചയൂണിനു മുമ്പിങ്ങെത്തുമെന്ന്
ചതിച്ചല്ലോ ഭഗവതീ
കെടപ്പ് കണ്ടില്ലേ…
പെണ്ണുങ്ങൾ വന്ന്
ഉള്ളിലേക്ക്
തണുത്തവാക്കുകൾ ഒഴിച്ചു കൊടുക്കുന്നുണ്ട്
സങ്കടം മൂക്കുചീറ്റിക്കളയുന്നുണ്ട്
കോന്തലകൊണ്ട് കണ്ണീരൊപ്പി നീക്കുന്നുണ്ട്
കണ്ണിലിപ്പോൾ കരിന്തിരി പുകയുന്നുണ്ട്
വന്ന വന്ന
പുരുഷന്മാർ
ഫേസ് ബുക്കിന്റെ മുൻപിൽ ശവത്തിനു കാവലാണ്
ഈച്ചയാട്ടണമെന്ന് കരുതുന്നുണ്ട്
സാമ്പ്രാണി കത്തിയ്ക്കണമെന്നു വിചാരിക്കുന്നുണ്ട്.
പന്തലിടണമെന്നുംനാലുപാടുമോടണമെന്നും
ആലോചിക്കുന്നുണ്ട്
പലരും കൂടിയാലോചിക്കുന്നുണ്ട്.
മിഴിച്ചു നിക്കാണ്ട്
ആരേലുമൊന്ന് കേറി നോക്ക്
മക്കടപ്പന് എന്നാ പെണഞ്ഞെന്ന്.
നാരായണൻ ചേട്ടാ
നിങ്ങളൊന്നകത്ത് കേറി നോക്ക്
മക്കടപ്പന് എന്നാ പെണഞ്ഞെന്ന്
സൗദാമിനി
ഞങ്ങളെന്നാ ചെയ്യാനാ
ഇതിനകത്തോട്ടെങ്ങനെ കേറാനാ
അവന്റെ മൊബൈലാണെങ്കിൽ സ്വിച്ചോഫാ
ഈ കുന്ത്രാണ്ടത്തിലിങ്ങനെ കെടന്നാ
ഞങ്ങളെന്നാ ചെയ്യാനാ?
എല്ലാരും കൈമലർത്തി
ഫെയ്സ് ബുക്കിൽക്കിടന്ന ജഡം
നേരത്തോട് നേരമാകാനുള്ള ദൂരം പാതി പിന്നിട്ടു
മക്കടപ്പന്റെ ജഡം
ആരും തൊടാതെ
ഈച്ചയാർത്ത്
ഫേസ് ബുക്കിൽ തന്നെ കിടപ്പുണ്ട്
ആംബുലൻസ് വരുന്നതും കാത്ത്.