Wednesday, August 8, 2012

ഒളിച്ചുകളി


ഓരോന്നു
സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ
പെട്ടെന്ന്
ഒരൊളിച്ചുകളിയാണ്

പിന്നെ,
നീയെവിടെ?
നീയെവിടെ?
എന്നൊരാന്തലാധിയായി..

മുക്കിലും മൂലയിലും
തെരച്ചിലോടു തെരച്ചിലായി
മൂടുപോയ കുട്ടയ്ക്കടിയിലും
ദ്രവിച്ച ഓലമറകൾക്കിടയിലും
പഴയ, വരണ്ടുണങ്ങി മഞ്ഞച്ച
പുല്ലിൻ കെട്ടിനിടയിലും
പുല്ലാനിപ്പടർപ്പിലും,
മഞ്ഞക്കിളി
മാമ്പഴച്ചാറുകൊണ്ടടയാളമിട്ട
മാവിൻ കൊമ്പിലും
മുളകൊണ്ടു കെട്ടിയുണ്ടാക്കിയ
തട്ടുമ്പുറത്തും
തിരച്ചിലോട് തിരച്ചിലാണ് .
കാണാതായി ഞാൻ കരച്ചിലോളമെത്തും

ആങ്ഹാ!
ഇവിടെയുണ്ടായിരുന്നോ നീയെന്ന്
സോഫയിൽ ചാരിക്കിടന്നുകൊണ്ടു്
നീ പെട്ടെന്ന് പ്രത്യക്ഷമാവും

പിന്നെ നമ്മൾ
ഒന്നും സംഭവിക്കാത്ത പോലെ
പഴയപടി സംഭാഷണം തുടരും
വാങ്ങുവാൻ പോകുന്നപുതിയ കാറിനെപറ്റി,
പെട്രോളിന്റെ വിലക്കയറ്റത്തെപ്പറ്റി  നീ;
കൊച്ചിയിലെ ഗതാഗതക്കുരുക്കിലൂടെ
റോഡു മുറിച്ചു കടക്കുന്നതിന്റെ
സാഹസത്തെ പറ്റി ഞാൻ

പണ്ടും
നാമങ്ങനെ
വിശേഷങ്ങൾ പറഞ്ഞിരുന്നല്ലോ,
ഒളിച്ചുകളിയ്ക്കു ശേഷം
വീട്ടിലേയ്ക്കു മടങ്ങുമ്പോൾ
പട്ടാളക്കാരൻ മാമൻ കൊണ്ടുവന്ന
ഹൽവയെപറ്റി നീയും
നനഞ്ഞ പുസ്തകത്തിൽ നിന്നൊലിച്ചുപോയ
ഉള്ളടക്കത്തെപ്പറ്റി
ഞാനും

Sunday, August 5, 2012

രണ്ടുപേർ

1 വേശ്യ

ശരീരത്തെ
കെട്ടഴിച്ചുവിട്ടിട്ട്
അലസമായിക്കിടക്കും

ശരീരം
പുല്ലുതിന്നുതടിച്ച്
തടാകത്തിൽ പോയി വെള്ളം കുടിച്ച്
മടങ്ങിവന്ന്
മരച്ചുവട്ടിൽക്കിടന്ന്
തിന്നപുല്ലിനെ
തളിരുപോലുള്ള വള്ളിച്ചെടികളെ
അവയിൽ പെയ്ത മഴകളെ
മഴയിലൂടെ പറന്നുപോയകിളികളെ
കിളികൾ പാടിയ പാട്ടിനെ
പാട്ട് ചിറകൊതുക്കിക്കടന്നുപോയ
തണുത്ത ചില്ലകളെ
ചില്ലകളെ ഉരുമ്മാതെ കടന്നു പോയ മിന്നലുകളെ
മിന്നലിൽ തെളിഞ്ഞ വഴികളെ
വഴികളിൽക്കണ്ട കാഴ്ചകളെ
കാഴ്ചയിൽ മയങ്ങി വഴിതെറ്റിപ്പോയ ശരീരങ്ങളെ
ശരീരങ്ങളിൽക്കുരുങ്ങിയാടും മനസുകളെ
ഒന്നൊന്നായോർത്തെടുക്കും
അയവിറക്കും.

2 പ്രണയിനി

മനസിനെ
കൂട്ടിൽ നിന്നിറക്കിവിടും

മനസ്
മരങ്ങൾ കടന്ന്
ചില്ലകൾക്കുമിലകൾക്കും പൂക്കൾക്കുമിടയിലൂടെ
രഹസ്യങ്ങളെഴുതിയിട്ട
ഇടവഴികൾ പറന്ന് പിന്നിട്ട്
പല ഋതുക്കളിൽ ദിശതെറ്റി മേഞ്ഞ്
പലതരം കനികളിൽ കൊത്തി മതിമറന്ന്
കുറെയേറെ വിത്തുകൾ വിഴുങ്ങി
മടങ്ങിവരും

വിചാരങ്ങളിൽ
തന്നിൽ പിറക്കാനിരിക്കുന്ന
കാലദേശങ്ങളുടെ ചിത്രം വരയ്ക്കും.

തന്നിൽ നിന്ന് കുതിരകളും
ഗജാശ്വരഥങ്ങളുമുള്ള രാജപരമ്പരകൾ വരുമെന്ന
സന്ദേശം  ഓർത്തെടുക്കും

അതോർത്തോർത്ത്
പറന്നു നടന്ന വഴിയകിലെവിടെയോ
കണ്ട പരിചിതമണങ്ങളുള്ള
മരക്കൊമ്പുകളിലൊന്നിലേക്ക്
കൂടു വെയ്ക്കാൻ
മടങ്ങും
വൈകിയല്ലോ എന്ന്
ഉള്ളിലൊരു പരിഭ്രമം പിടയും


കുഞ്ഞുകിളികൾക്കുള്ള ചൂടുകൊണ്ട്
ഏതു പകലിനേയും കൊത്തിപ്പിളർക്കും
സ്വപ്നങ്ങളവൾക്ക് 
വാഴനാരുകൊണ്ടുള്ള ഒരു കൂടാകും
നിദ്രയിലവൾ ശരീരങ്ങളെ പെറ്റുകൂട്ടും
പിന്നെ മനസുകളെ ഓർത്തെടുക്കാനേ കഴിയാത്ത
കാലങ്ങളിലേക്ക്
എല്ലാ ശരീരങ്ങളേയും
 ഉപേക്ഷിച്ചു കളയും

ഒടുവിൽ
മാംസനിബദ്ധമല്ല രാഗമെന്ന്
അവളും
(പഴയൊരു കവിയായ്)
രാത്രികാലങ്ങളിൽ മാത്രം
സന്ന്യസിക്കാൻ തുടങ്ങും

Friday, August 3, 2012

ആഗോളഭീമൻ

ഉച്ചമയക്കം കഴിഞ്ഞ്
കുട്ടി കണ്ണുതുറക്കുമ്പോഴുണ്ട്
അത്ഭുതം
വിചിത്രമൊരു സസ്യം പോൽ
മുളച്ചുപൊന്തി നിൽക്കുന്നു

വളപ്പിലെ കളിക്കളം
അപ്രത്യക്ഷമായിരിക്കുന്നു

കുട്ടി
കണ്ണുചിമ്മി കണ്ണുചിമ്മി
അത്ഭുതമെന്ന വിചിത്ര സസ്യത്തെ
നോക്കിനോക്കി നിന്നു

അപ്പോൾ കണ്ടു
മുറ്റത്തെ മൂവാണ്ടൻ മാവുകൾ മുറിച്ചിട്ട്
അതിന്മേലിരുന്ന
മസിൽപ്പവറുള്ള ഒരാഗോളഭീമൻ
ബീഡി പുകയ്ക്കുന്നു
ആകാശത്തേയ്ക്ക്
പുക ഊതിയൂതി നിറയ്ക്കുന്നു

പോസ്റ്റ് മോർട്ടം ടേബിളിലെന്ന പോലെ
ഒടിഞ്ഞുമടങ്ങി
ലോറിയിൽക്കിടക്കുന്നു
ഒരു മൈതാനവും കുന്നിൻ പുറവും

ആരോ വരച്ചിട്ട പുതിയ ഭൂപടത്തിൽ
അംബര ചുംബികൾക്ക് മുകളിൽ
മഞ്ഞപ്പന്തു പോലൊരു
സുര്യനുണ്ട്.

മേഘങ്ങളോടൊപ്പം
ദൈവം കളിക്കാൻ വരുന്നതും നോക്കി
കുട്ടി ബാൽക്കണിയിൽ
ഏകാകിയായി നിന്നു

Saturday, July 28, 2012

പാതി(രാ) ജീവിതങ്ങൾ



അധികമാരുമില്ലാത്ത
അരണ്ട ബാറുപോലുണ്ടതിശീതമായ്
പാതിരാത്രി
(നിശീഥിനിയെന്ന് പഴയകവികൾ)

മേഘവസ്ത്രസുതാര്യതയ്ക്കുള്ളിൽ
മുലയുലച്ചാടുകയാണ്
മദാലസ  നീല നഗ്നചന്ദ്രിക

ഒരു പെഗ്ഗ് ഹണീബിയിലേയ്ക്ക്
വഴുതിവീണുപോകുന്നുണ്ട്
ഐസ്ക്യൂബു പോലൊരു കൊള്ളിമീൻ

പാതയോരങ്ങളിൽ 
പ്രവാചകരെ വഴിതെറ്റിക്കുന്ന
പിഴച്ച നക്ഷത്രങ്ങൾ

മത്തുപിടിച്ചിട്ടാവണം
കിഴവൻ മരങ്ങൾ നിന്നിടത്തു നിന്നാടുന്നു
കാറ്റ്  തോളിൽ കൈയ്യിട്ട്
മരങ്ങളെ  വീഴാതെ ചുറ്റിപ്പിടിക്കുന്നു

തെരുവിനപ്പുറത്ത്
പെറുതികെട്ട പെണ്ണിനെപ്പോലൊരു
പട്ടിയുണ്ട്, കലിമൂത്ത്
നിർത്താതെ കുരച്ചുകൊണ്ടിരിക്കുന്നു
വിജനതയിൽ
ആരോടെന്നില്ലാതെ
ആർക്കുവേണ്ടിയുമല്ലാതെ..

വല്ലാത്തൊരലർച്ചയിൽ
മദ്യപൻ
കഥകളിക്കാരനായ്
വിചിത്രമാം പദങ്ങളാടുന്നു,
ചുവടു തെറ്റി വീഴുന്നു,
ചുറ്റിലും ഹാസ്യമുൽഭവിക്കുന്നു,
പല്ലുകൾ പരിഹാസപൂർവം നുറുങ്ങിച്ചിരിക്കുന്നു.

വേച്ചു വേച്ചിഴയും നിഴലിൻ 
വിറയാർന്ന  വിരലുകൾ
വീട്ടുചുമരിന്മേൽ
സ്വിച്ചിന്മേൽ
തബല വായിക്കുന്നു…

അപരിചിത വിരല്പർശമേറ്റ പെണ്ണിനേപ്പോൽ
ബൾബുകൾ ഞെട്ടിയുണരുന്നു
ഇരുൾ
ഭയപ്പെട്ട്
തുണിവാരിയെടുത്ത്
പിന്നാമ്പുറത്തേയ്ക്കോടി മറയുന്നു

ഉള്ളിൽ നിന്നൊരു വെളിച്ചം
പിറുപിറുത്തുകൊണ്ട്
മുടിയും മുലയും കെട്ടിവെച്ചെഴുന്നേൽക്കുന്നു
ഒരു ശാപഗന്ധത്തോടെ
വാതില്പാളികൾ
രണ്ടായ് പിളർന്ന്
ഒരുവൾ മരം പോലെ
പുറത്തേയ്ക്ക് തലനീട്ടി നിൽക്കുന്നു
അവളുടെ ഇലകളിൽ
മർമ്മരം ചുഴലിചുറ്റിത്തിരിയുന്നു
അവളുടെ കണ്ണുകളിൽ
ഒരു പാതിരാ (കോപ)സൂര്യൻ ജ്വലിക്കുന്നു

ഇനിയാണ്
അതിവിലോല ലോലമായ്
അവളുടേയും പുനരവന്റെയും
പാതി(രാ) ജീവിതം

സോളമൻ പറയാതിരുന്നത്....

വിളഞ്ഞ്
മണം പരന്ന മുന്തിരിത്തോട്ടം
വിളവെടുപ്പിനായി കാത്തുകിടക്കുമ്പോൾ
പക്ഷികൾ
അകത്തുള്ള വിത്തുകൾ
ദേശാന്തരങ്ങളിലേക്ക് കൊണ്ടുപോകുവാൻ
ധൃതിപ്പെട്ട്,
കൊക്കുവിടർത്തി
ചെരിഞ്ഞിരിക്കുന്നു...   
വീഞ്ഞ് നിറച്ച കനത്ത ജാറുകൾ
നാവുകളിലേയ്ക്ക്,
സിരകളിലൂടെ ശിരസുകളിലേക്ക്
പതഞ്ഞൊഴുകുവാൻ   വെമ്പി നിൽക്കുന്നു
പുഴകൾ മേഘങ്ങളെ പിഴിഞ്ഞെടുത്ത്
സമുദ്രത്തിലേക്ക് ഉല്ലാസപൂർവം മദിച്ചൊഴുകുന്നു
ഒരുവൾ അസ്വസ്ഥതയോടെ തന്റെ ഇരട്ടപെറ്റ മാൻ കുട്ടികൾക്ക്
പുൽമേടുകളിലേക്കുള്ള വഴി പറഞ്ഞുകൊടുന്നു
ആദമിനു വേണ്ടി ഒരു തോട്ടം തുറന്നുകൊടുക്കുന്നു
തണുപ്പത്ത് ഒരു കമ്പിളി സമ്മാനിക്കുന്നു
മുന്തിരിവള്ളികളിൽ കൂടി കാറ്റ് ആകാശത്തു നിന്ന്
താഴേയ്ക്ക് തൂങ്ങിയാടുന്നു
ഊഷ്മളത പരസ്പരം കൈയ്യുരച്ച്
തീകായുന്നു
നെറ്റിയിൽ വിയർപ്പുള്ള വെയിൽ
മുന്തിരിവള്ളികൾക്കിടയിൽ വീണ്
തളർന്നു മയങ്ങുന്നു

Saturday, April 7, 2012

ദ ഗോഡ് ദാറ്റ് ഫെയിൽഡ്

സൃഷ്ടിശ്രമങ്ങളെല്ലാം
പാഴായ ശേഷം
അനന്തവും
അസഹ്യവുമായ
ഏകാന്തതയിലിരുന്ന്
ദൈവം വെറുതേ ഒച്ച വെച്ചു

തന്റെ തന്നെ പ്രതിധ്വനിയുടെ പ്രളയം കണ്ട്
ദൈവം ഭയന്നുവിറച്ചു
ആകാശത്തേയും നക്ഷത്രങ്ങളേയും
തട്ടിത്തെറിപ്പിച്ച്
ഓടുന്നതിനിടയിൽ
അദ്ദേഹം ഭൂമിയിൽ തട്ടി വീണു

ചുറ്റിലും നിന്ന് 
തുറിച്ചു നോക്കുന്ന
മനുഷ്യന്മാർ പൊട്ടിച്ചിരിച്ചു.

ഭൂമിയിൽ
അതോടെ
നീണ്ടു നിൽക്കുന്ന
ഉൽസവങ്ങൾ തുടങ്ങി....

ഒരാല് മുളച്ചത്

വേണ്ടാത്ത സ്ഥലത്താണ്
മുളച്ചത്
ഇത്തിരിയേറെ വളർന്നപ്പോഴാണറിഞ്ഞത്
ഇത്രയും വളർന്നെന്ന്

വെട്ടണമെന്നോർത്തതാണ്
അവനവനു തന്നെ ഒരു തണലാകട്ടേന്ന് കരുതി
വെട്ടാതിരുന്നതാ

ഇതിപ്പോ
ഇത്രേം പുകിലാകുമെന്ന് നിനച്ചതേയില്ല
നാട്ടുകാരെല്ലാം ഇതിന്റെചോട്ടിൽത്തന്നെ
കൂടുമെന്നറിഞ്ഞില്ല
വേലികെട്ടുമെന്നും
ശിലവെയ്ക്കുമെന്നും
പൂജിക്കുമെന്നും
സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല

ഇതെന്റെ
മണ്ണിലാണെന്നു പറഞ്ഞുചെന്നപ്പോളാണ്
നാണം കെട്ടവനേയെന്ന്
കണ്ണുപൊട്ടിക്കുന്ന
ഒരാട്ട് കേട്ടത്....

വേണ്ടാത്ത സ്ഥലത്താണത്
മുളച്ചത്....