Sunday, July 18, 2010

ആത്മാവിന്റെ ലക്ഷണങ്ങൾ

രാവിലെച്ചായ കുടിച്ച്
പത്രവായനയും കഴിഞ്ഞ്
കണ്ണാടിയുടെ മുൻപിൽ
മീശകറുപ്പിക്കുമ്പോഴും
ദേഹം എണ്ണയിട്ടുഴിയുമ്പോഴും
തീൻ മേശക്കരുകിലെത്തി
വിശക്കുന്നെന്നു
പറയുമ്പോഴും
തീർത്താലും തീരാത്ത
പരാതിയാണവൾക്ക്

'ശരീരം ശരീരം
എന്നൊരു വിചാരമേയുള്ളു
ആത്മാവിനെപ്പറ്റി ഒരു ചിന്തയുമില്ല'

പളുങ്ക് പാത്രത്തിൽ
ഉടൽ പോലെ വടിവൊത്ത
രണ്ടിഡ്ഡലികൾ വെച്ച്
സാമ്പാറും ചട്ട്ണിയുമൊഴിക്കുമ്പോൾ
അവൾ
പച്ചമുളകൊരിത്തിരി
കൊത്തിയരിഞ്ഞിട്ടപോലെ
പറഞ്ഞു.

'എണ്ണതേച്ചും രോമം കറുപ്പിച്ചും
ഉണ്ണികളെപ്പോലെ
പരിപാലിക്കുന്ന ശരീരം
കണ്ണിലും കണ്ണാടിയിലുമേയുള്ളു.
മരിച്ചാൽ
ഇതൊക്കെ അഴുകി
മണ്ണും പൊടിയുമാകും
ആത്മാവ് മാത്രമാണ്‌ സത്യം ,
അതോർത്തോളൂ'

എവിടുന്നു പഠിച്ചു
നീയീ തത്വശാസ്ത്രമെന്ന്
ഞാൻ സ്വാദിന്റെ ഓരോ വിരലും
മാറിമാറിയീമ്പി
ഏമ്പക്കം വിട്ടെഴുന്നേറ്റു

കൈകഴുകി വരുമ്പോൾ
കുടിക്കാനുള്ള പാലും
തുടയ്ക്കാനുള്ള തോർത്തും നീട്ടി
അവൾ
ഒട്ടൊരു ശൃംഗാരം വരുത്തിച്ചോദിച്ചു

എന്നാലുമെന്റെ പൊന്നേ
ഒരു കാര്യം ചോദിച്ചാൽ
സത്യം പറയുമോ?
നിങ്ങളെന്നെങ്കിലും
ആത്മാവിനെപ്പറ്റി
ശരിക്കും ആലോചിച്ചിട്ടുണ്ടോ?
കരിയിലും പുകയിലും മൂടി
മുറ്റമായമുറ്റത്തൊക്കെ ഓടി
അടുക്കളയിലും കുളിമുറിയിലും
കിടപ്പറയിലുമെല്ലാം പരന്ന
സർവ്വവ്യാപിയായ
ആത്മാവിനെപ്പറ്റി

നീയെന്താ
വായിച്ചാൽ മനസ്സിലാകാത്ത
കവിത പോലെ
ഇങ്ങനെ പുലമ്പുന്നതെന്ന്
ഞാനൊരു പുരുഷ വേഷമാടിയപ്പോൾ
അവൾ ധൃതിപിടിച്ച്
അടുക്കളയിലേയ്ക്കു തന്നെ
മറഞ്ഞ്
അരൂപിയായി

അല്ലെങ്കിലും
ഈ വേദാന്തമൊക്കെ
നമ്മൾ ഗൃഹസ്ഥന്മാർക്ക്
പറഞ്ഞിട്ടുള്ളതാണോ.

Saturday, July 17, 2010

ശിലാശാസനം

മൃഗമേ
അടിയന്തിരമായി ചിലതുണ്ട്
നീ അറിയേണ്ടത്:

നിലവിളിക്കരുത്

ഇരകൾക്ക്
പാടില്ല,
നഖങ്ങൾ
നീട്ടിവളർത്തുവാൻ

അരുത് ദംഷ്ട്രകളും

അറിഞ്ഞിരിക്കണം,
വ്യായാമം ചെയ്ത്
കൈകാലുകൾ
ഉരുട്ടിയുറപ്പിച്ചെടുക്കുന്നത്
മുള്ളാണിയിൽ തൂങ്ങി
നൂറുപിഴ മൂളേണ്ട
ഭയങ്കരപാപമാണെന്ന്

പട്ടിണി കിടന്ന്
എല്ലും തോലുമാവാതെ
നോക്കണം

ആഹാരമാകയാൽ
മാംസളമായിരിക്കണം
എപ്പോഴുമുടൽ വടിവുകൾ

ഉത്തരവൊരെണ്ണം
കൂടിയുണ്ട് അവസാനമായി

ഇരകളൊരിയ്ക്കലും
വേട്ടയ്ക്കിറങ്ങരുത്

Saturday, July 10, 2010

കൊതി

ഉച്ചയ്ക്ക്
ഹൗസിങ്ങ് കോളനിയിലെ
വീടിന്റെ
ബാൽക്കണിയിലിരിക്കുമ്പോൾ
ഞാനൊരു
ഡൈനിങ്ങ് ടേബിളായി മാറും,
ചിലപ്പോൾ


അവിടെയിരുന്നാൽ
അടുത്തവീട്ടിലെ
ജനൽ വഴി
കൈ നീട്ടും
ചുവപ്പുവളകളിട്ട
പുതുപ്പെണ്ണിനെപ്പോലെ
നെയ്മീൻ കറിമണം


മറ്റൊരു
മട്ടുപ്പാവിൽ നിന്ന്
ഒളികണ്ണുകൊണ്ടൊരു
ചൂണ്ടയിടും
പട്ടുചേലചുറ്റിയോ
ദാവണിയിട്ടോ
നല്ല കായത്തിന്റെയും
മുരിങ്ങക്കായുടേയും മണമുള്ള
സാമ്പാർ.

വേറൊരു
ലിവിങ്ങ് റൂമിന്റെ
വിടവിലൂടെ
അരിച്ചരിച്ച് പുറത്തേക്കൊഴുകും
തട്ടമിട്ടു വിയർത്ത
ബിരിയാണി ഗന്ധം


ഇനിയൊരു
കിളിവാതിലിലൂടെ
ചെടികളേയും
മരങ്ങളേയും തഴുകി
പെട്ടെന്നു പറന്നെത്തും
കുരുമുളകും
കറുവാപട്ടയും
വെള്ളൂള്ളിയും
നന്നായരഞ്ഞു ചേർന്ന,
കുരിശുമാലയിട്ട്
കുമ്പസാരിച്ചോളാമെന്നു
പ്രലോഭിപ്പിക്കുന്ന,
ഇറച്ചി വറുക്കുന്ന മണം


പിന്നെയുള്ള
എല്ലാ വീടുകളിൽ നിന്നും
ഫ്രിഡ്ജിന്റെ വാതിൽതുറന്നു
മേശപ്പുറത്തേക്കു വരും
എന്റെ വീട്ടിലെ
ചോറിന്റേയും കറിയുടേയും
തണുത്തുപഴകിയ
ഗന്ധങ്ങൾ

Tuesday, July 6, 2010

നീലക്കണ്ണുള്ള പൂച്ച

എത്ര ചവിട്ടിക്കൂട്ടിയിട്ടും
ചുരുട്ടിയെറിഞ്ഞിട്ടും
പുറത്തുപോകാതെ
ഉള്ളിലൊരു പൂച്ചയുണ്ട്
വല്ലാതെ
ശ്വാസം മുട്ടിച്ച്
ശ്വാസം മുട്ടിച്ച്.....

പണ്ട്
സ്കൂളിൽ നിന്നുള്ള
പാതയോരത്ത്
മ്യാവൂ മ്യാവൂ എന്നൊരു
ക്ഷണക്കത്തുമായി
അരുമയായി നില്ക്കുമായിരുന്നു.

വഴിയോരത്തെ
ടാപ്പിൽ നിന്ന്
വെള്ളം കുടിക്കുമ്പോൾ
സ്നേഹത്തിന്റെ നനവു കൊണ്ട്
കാലുരണ്ടും
നക്കിത്തുടയ്ക്കുമായിരുന്നു.

എന്നിരുന്നാലും
പൂച്ചകളെ
എനിക്കിഷ്ടമായിരുന്നില്ല;
അതിന്റെ പതുമ്മിപ്പതുമ്മിയുള്ള വരവും
വല്ലാത്ത അരുമഭാവവും
സ്ത്രീകളുടേതുപോലുള്ള
കൊഞ്ചിക്കുഴഞ്ഞുള്ള കീഴടങ്ങലും
പ്രലോഭിപ്പിക്കുന്ന
വിളയാട്ടങ്ങളും
ഒന്നും

ദേഹത്തുകയറാൻ
വരുമ്പോഴൊക്കെ
ഞാനതിനെ ചുരുട്ടിയെടുത്ത്
ദൂരേയ്ക്കെറിഞ്ഞിട്ടുണ്ട്
അപ്പോഴൊക്കെ
അതിന്റെ നീലക്കണ്ണുകളിൽ
പൂർവജന്മത്തിലെ
ഒരിക്കലും അനുഭവിച്ചുതീരാത്ത
പ്രണയദാഹം
ഓളം വെട്ടിയിരുന്നു.

കാമുകൻ ചതിച്ചുകൊന്ന
ഒരിംഗ്ളീഷ് മദാമ്മയുടെ
ശ്വാസം മുട്ടിക്കുന്ന
ആഴമുണ്ടായിരുന്നു.

എങ്കിലും പൂച്ചകളെ
എനിക്കുവെറുപ്പായിരുന്നു,
പരിഭവത്തിന്റെ ചായം പൂശിയാലും
പൊടുന്നനെ
ആക്രാമകമായി
നീണ്ടുവരുന്ന
പല്ലും നഖങ്ങളും കാരണം,
മീൻമണമോ പാൽമണമോ ഉള്ള
മീശകാരണം

വേശ്വേടത്തിയുടെ
കല്യാണത്തിന്‌
ഉരുളിനിറയെ
വെച്ചുണ്ടാക്കിയപായസത്തിൽച്ചാടി
കല്യാണമാകെ
അലങ്കോലമാക്കിയപ്പോൾ
ചെല്ലപ്പേട്ടൻ
അതിനെ അപ്പോത്തന്നെ
ചാക്കിലിട്ട് കല്ലുകെട്ടി
കുറച്ചകലെയുള്ള
പൊട്ടക്കിണറ്റിലിട്ടു.

വെള്ളത്തിലേക്ക്
വീഴുന്ന വീഴ്ചയിൽ
മ്യാവൂ മ്യാവൂ എന്ന്
കണ്ടുനിന്നവരുടെ കരളിലള്ളിപ്പിടിച്ചു.

അവിടെക്കിടന്ന്
ശ്വാസം മുട്ടി ശ്വാസം മുട്ടി
സ്നേഹത്തിന്റെ നാവുകൊണ്ട്
വെള്ളത്തിന്റെ കാലുകൾ
നക്കിത്തുടച്ചിരിക്കണം.

കല്യാണപ്പുലർച്ചക്ക്
വേശൂനെക്കാണാനില്ല
വേശൂനെക്കാണാനില്ല
എന്ന് കൈകാലുകൾ ഞെട്ടിയുണർന്ന്
മാനത്തും മരത്തിലും
കുണ്ടിലും കുളത്തിലും
ബഹളമയമായി
ചടപടാന്ന് ചാടിനടക്കുമ്പോൾ

വാടിയ പ്രകാശത്തിനു താഴെ
പൊട്ടക്കിണറിനു ചുറ്റും
കണ്ണീരുവീണ്‌ പടർന്ന
മഷിവട്ടം പോലെ
അനേകമാളുകൾ
തിങ്ങിക്കൂടി
നില്പുണ്ടായിരുന്നു

നീലക്കണ്ണുള്ള
ആ പൂച്ചയെ
ഞാനെത്രവട്ടം
കണ്ടിട്ടുള്ളതാണ്‌
വേശ്വേടത്തിയുടെ മടിയിൽ

ഇരുൾമുടികൾ വീണ
ആഴത്തിന്റെ
മടിത്തട്ടിലെവിടെയെങ്കിലുമൂണ്ടോ
ആ നീലക്കണ്ണുള്ള പൂച്ച?

Monday, July 5, 2010

ഹൃദയത്തെപ്പറ്റിയുള്ള പരാതികൾ

ഒളിപ്പിച്ചു
വെയ്ക്കുന്നതൊന്നും
പിന്നെനോക്കിയാൽ കാണില്ല,
ഏതോ ഒരു കള്ളൻ
ഹൃദയത്തിനുള്ളിലുമുണ്ട്‌

അടങ്ങടങ്ങെന്ന്
എത്രവട്ടം പറഞ്ഞിട്ടും
വിജയങ്ങളിൽ
അനുസരണയില്ലാതെ
രക്തത്തിന്റെ തിരമാലകളിലേറി
നീ തുള്ളിയിട്ടും
തുളുമ്പിയിട്ടുമുണ്ട്

അപജയങ്ങളിൽ
ചില അറകളടച്ച്
മൗനത്തിന്റെ
ദീർഘപാതാളങ്ങളിലേക്ക്
വഴുതി വീണിട്ടുമുണ്ട്

എങ്കിലും
ഒളിപ്പിച്ചു വെച്ചതൊന്നും
കാണാതാകുമ്പോൾ
ഞാൻ ശരിക്കും
നിന്നെത്തന്നെ സംശയിക്കുന്നു

ചിലതെല്ലാം
നിനക്ക്
അറകളിലങ്ങുമിങ്ങും
ചിതറിയിടാമായിരുന്നു:

സ്നേഹത്തിന്റെ
അരിഭക്ഷണശകലങ്ങൾ,
ശൂന്യതയുടെ ആഴങ്ങളിൽ നിന്ന്
ജീവിതത്തിന്റെ കരയിലേക്ക്
വലിച്ചു കയറ്റിയ
ബലിഷ്ഠമായ
കൈപ്പത്തികളിയിലെ
സൗഹൃദരേഖകൾ,

കണ്ണുനിറഞ്ഞ് വാങ്ങിയ
നിത്യമായ വീടാക്കടങ്ങൾ,

കുഞ്ഞുകൂട്ടുകാരിയുടെ
ചുവന്ന റിബ്ബണും
പൊട്ടിയ
പച്ചനിറമുള്ള കുപ്പിവളകളും,

പിറക്കാതെ പോയ
പെങ്ങൾക്കു വേണ്ടി
മനസ്സിൽ തുന്നിത്തുന്നിയിട്ട
നിറം മങ്ങാത്ത കുഞ്ഞുടുപ്പുകൾ,

അമ്മയുടെ
വിയർപ്പും കരിമണവുമുള്ള
ഒരുമ്മ,

അച്ഛന്റെ
നിശ്ശബ്ദശാസനകൾ,

അനുജന്റെ ഹൃദയത്തിൽ
പച്ചകുത്തിക്കൊടുത്ത
മരിക്കരുതാത്ത സ്വപ്നങ്ങൾ,

അവളുടെ ചുണ്ടിൽനിന്ന്
ആരുമറിയാതെ കവർന്നെടുത്ത
പ്രണയമധുരങ്ങൾ,

ഒടുവിൽ
വിശപ്പിലും ദാഹത്തിലും
ദഹിപ്പിക്കുന്ന അപകർഷതയിലും
ഉള്ളുപൊള്ളിക്കലങ്ങിയ
തിങ്കൾ മുതൽ തിങ്കൾ വരെയുള്ള
ദിനരാത്രങ്ങൾ

ഒരു തെളിവും ബാക്കി വെയ്ക്കാതെ
എവിടെയാണവയെല്ലാം
നീ കുഴിച്ചു മൂടിയത്?

ഒളിപ്പിച്ചു വെച്ചതെല്ലാമിങ്ങനെ
കാണാതാകുമ്പോൾ
ഹൃദയമേ
ഞാൻ ശരിക്കും
നിന്നെത്തന്നെ സംശയിക്കുന്നു

ആരാണ്‌ നിന്നെ
എനിക്കെതിരെ തിരിച്ചുവിട്ടിരിക്കുന്നത്?

Friday, June 25, 2010

ഞാനെന്നൊരുത്തൻ

പോകുന്നവരേ
ഒന്നു ശ്രദ്ധിക്കണേ,
ഞാനെന്നൊരുത്തനെ
വഴിയിലെവിടെയെങ്കിലും
കണ്ടാൽ
അവനെയും കാത്ത്
ഒരുവനിവിടെയിരുന്ന്
വല്ലാതെ മുഷിയുന്നുണ്ടെന്ന്
ഒന്നു പറഞ്ഞറിയിക്കണേ

ചന്തയിലാണെങ്കിൽ
ഗുണ്ടകളോടൊപ്പം
വാതു വെയ്ക്കുകയോ
വാളെടുക്കുകയോ
ആവണം

നേതാക്കളോടൊപ്പമാണെങ്കിൽ
പുച്ഛത്തോടെ
കാലിന്മേൽ കാലേറ്റി
ഇരിക്കുന്നുണ്ടാവും.

ബുദ്ധിജീവികൾക്കിടയിലാണെങ്കിൽ
ഉച്ചത്തിലുച്ചത്തിൽ
സംസാരിക്കും

കവികളോടൊപ്പമാണെങ്കിലോ
മൗനം പൂണ്ട്
ഗൗരവത്തിന്റെ നിഴൽ കൊണ്ടൊരു
മറയിട്ട്
ഗൂഢത നടിച്ച്
നിൽക്കും

കൂട്ടുകാർക്കിടയിലാണെങ്കിൽ
ആരെയെങ്കിലും
പരിഹസിച്ച്
ചിരിക്കുകയാവും

ചിലപ്പോൾ
പ്രിയതമയോടൊപ്പം
ആണൊരുത്തനാണെന്ന മട്ടിൽ
ഞെളിഞ്ഞ് നിവർന്ന്
നടക്കുകയാവും

മറ്റൊരുത്തിയോടൊപ്പമാണെങ്കിൽ
പാലിലിട്ടപഞ്ചസാരയായി
അവളിൽ തന്നെ
അലിഞ്ഞുപോയിട്ടുണ്ടാവും

അതുകൊണ്ട്
പോകുന്നവരേ
ഒന്നു ശ്രദ്ധിക്കണേ

അവന്റെ ചെകിട്ടത്ത്
ഒന്നു കൊടുത്തിട്ട്
ഇവിടെയൊരാൾ
ഇപ്പോ വരാമെന്നു പറഞ്ഞുപോയ
അവനെയും കാത്തിരിക്കാൻ തുടങ്ങിയിട്ട്
മണിക്കൂറ്‌ കുറേയായെന്ന്
ഒന്നു പറഞ്ഞറിയിക്കണേ

Saturday, June 19, 2010

ചായമിടാത്ത മനസ്

ഒരു മുന്നറിയിപ്പുമില്ലാതെ
പെട്ടെന്നു തകർന്നടിയുന്ന
പുരാതന
നഗരം
പോലെയാണ്‌
ഭ്രാന്ത്

സമയം നഷ്ടപ്പെട്ട
തകർന്ന ഘടികാരമായും
ചിലപ്പോളത്
ഇളകി
ഉള്ളിലേക്കു മറിഞ്ഞു വീഴും

കനത്ത
മഴച്ചുരുളുകൾക്കപ്പുറത്തുനിന്ന്
മരങ്ങൾക്കിടയിലൂടെ
ദ്രുതം ദ്രുതമെന്ന്
കാലിട്ടടിക്കുന്ന കാറ്റുപോലെ
അത്
നെറ്റിയിലെ
അദൃശ്യമായ സുഷിരത്തിലൂടെ
തണുപ്പിന്റെ
കൂർത്ത സൂചികളൂമായി
ഉള്ളിലേക്കടിച്ചു കയറും

ശിരസിന്റെ പിൻമടക്കുകളിൽ
കനത്ത ബൂട്ടിട്ട് ചവിട്ടും,
ആത്മനിന്ദയുടെ
പൊലീസുകാർ.

നിലവിളിക്കുമ്പോൾ
ഇരുമ്പുപാളികളിട്ടടച്ച മുറി
നടുങ്ങുന്നതും
ചുമരുകൾ ശ്വാസം കിട്ടാതെ
സ്തംഭിക്കുന്നതും
തറയോടുകളുടെ ശിരസ്സുകൾ
പൊളിയുന്നതും
അറിയാമെനിയ്ക്ക്.

പിന്നെ
ഭ്രാന്ത് പുഴുക്കളെപ്പോലെയാകും
ചില നേരങ്ങളിൽ;
എത്ര ഇഴഞ്ഞാലും
അതൊരിടത്തും
എത്തിച്ചേരുകയില്ല.

അകംപുറം മറിച്ചിട്ട
ഒരറവുമാടിന്റെ
ഉരിഞ്ഞെടുത്ത തൊലി പോലെ
ചോരയിറ്റുന്നഭ്രാന്ത്
എന്നെ മുറിയുടെ
ഒരു മൂലയിലെവിടെയെങ്കിലും
ചുരുട്ടിക്കൂട്ടിയിടും

അപ്പോഴൊക്കെ വിചാരിച്ചിട്ടുണ്ട്:

ഞാൻ എന്നെത്തന്നെ
വിചാരണചെയ്യുന്ന
കണ്ണാടിയുടെ
കോടതിക്കുള്ളിൽ കടന്ന്
പൊട്ടിത്തെറിക്കുന്ന
ഒരു ചാവേറാവണമെന്ന്

എന്നെത്തന്നെ
രണ്ടോ നാലോ ആയി
ഛേദിച്ചിട്ടൊരു
വിരുന്നുമേശ ഒരുക്കണമെന്ന്

എങ്ങനെയെങ്കിലും
അവളുടെ ഹൃദയത്തിനുള്ളിൽ കടന്ന്
സ്നേഹത്തിന്റെ
എല്ലാ രഹസ്യരേഖകളും
മോഷ്ടിക്കണമെന്ന്

വഞ്ചനയുടെ
എല്ലാമുറിവുകളും തുറന്നു വെച്ച്
ഈച്ചകൾക്കുള്ള ആഹാരമാകണമെന്ന്