Thursday, April 4, 2013

നിഴൽ നായ


കുറുപ്പു ചേട്ടന്റെ നായ
നന്നേ പുലർച്ചയ്ക്ക്
നാട്ടിലേക്കിറങ്ങും
ആലപ്പുഴവരെ നടക്കും
പുന്നപ്ര വയലാറൊക്കെ പോകുന്ന പോക്കിൽ പിന്നിടും
നടന്നു മടുക്കുമ്പോൾ
ബോട്ട് ജെട്ടി വഴി മാർക്കറ്റിലേക്കിറങ്ങും

മീൻ വെള്ളമൊഴുക്കിവിടുന്ന കാനയിലൊക്കെ
മണത്തു നോക്കും
എന്തു ദുർഗന്ധമാണിവിടെയൊക്കെയെന്നു
മുറുമുറുക്കും

ഉച്ചയാവുമ്പോഴേയ്ക്കും
പുറപ്പെട്ടിടത്തു തന്നെ തിരിച്ചെത്തും
തീറ്റയൊക്കെ കഴിഞ്ഞ് അലസമായി ഒരു കിടപ്പുണ്ട്

നാവ് പുറത്തേയ്ക്കിട്ട്ഇടയ്ക്ക്
സ്വപ്നങ്ങളെ  നൊട്ടി നുണഞ്ഞുകൊണ്ടിരിക്കും

അറവുകാരന്റെ തൂക്കുമേലാപ്പിൽ നിന്ന്
രക്തത്തുള്ളികൾ നാവിലേക്കിറ്റു വീഴുന്നതും
പകൽക്കിനാവ് കാണും

കുറച്ചു റീലുകളിലെങ്കിലും
അറവുകാരനെ കുരച്ചോടിക്കാൻ കഴിയുന്ന
സിനിമാ നായകനാകുന്നത്
സങ്കല്പിച്ചു കിടക്കും

നേരമിരുട്ടുമ്പോൾ,
മാറ്റിനി കഴിഞ്ഞ്
പതുങ്ങിപ്പതുങ്ങി,
തലയിലൊരമ്പിളിക്കല കുത്തി
കടൽ വേലിയേറി വരുന്നതറിയും
തിര മദാലസയായി മറിഞ്ഞ് മറിഞ്ഞ് ശബ്ദമുണ്ടാക്കും
കള്ളന്മാർ കോഴിയെ കട്ടുകൊണ്ടു പോകും
പാറുവമ്മയെ തേടിവരുന്ന ഒരു കള്ളക്കാറ്റ്
വാതിൽ മറ തുറക്കും

മിണ്ടില്ല,
എല്ലാമറിയാമെങ്കിലും
അനങ്ങാതെ കിടക്കും

പാതിരാവാകുമ്പോൾ  കടലിറങ്ങും
തിരകൾ പരമ ശാന്തരാകും
അപ്പോൾ തുടങ്ങും
മുറ്റത്തേയ്ക്കിറങ്ങി നിന്ന് കുര:
നിർത്താതെ നിർത്താതെ നിർത്താതെ

ഈ നായയ്ക്കിതെന്തിന്റെ കേടാണെന്ന്
കെട്ടുവള്ളം തുഴയുന്ന പാതിരാത്തുഴക്കാർ
പരിഹാസത്തിന്റെ
ഉപ്പുനീറ്റുന്ന ഒരു ചിരിച്ചാലിലൂടെ
അകന്നകന്നു പോകും...

അപ്പോൾ
കുറുപ്പു ചേട്ടന്റെ നിഴൽ നായ
ഇരുട്ടത്തു നിൽക്കുന്ന
കുറുപ്പുചേട്ടനെ
സങ്കടത്തോടെ നോക്കും...

22 comments:

  1. നിഴൽ നായകൾ വെറുതേ കുരച്ചുകൊണ്ടേ ഇരിക്കുന്നു

    ReplyDelete
  2. അസാമാന്യനിരീക്ഷണവും
    അതിസമ്പന്നമായ ഭാവനയും
    കുറിയ്ക്കുകൊള്ളുന്ന കുറുവാക്കുകളുമായെത്തുന്ന ഈ കവിതകള്‍ കണ്ടിട്ട് കുറെ നാളായല്ലോ എന്ന് ഞാന്‍ ആലോചിയ്ക്കാതിരുന്നില്ല.


    അപ്പോൾ
    കുറുപ്പു ചേട്ടന്റെ നിഴൽ നായ
    ഇരുട്ടത്തു നിൽക്കുന്ന
    കുറുപ്പുചേട്ടനെ
    സങ്കടത്തോടെ നോക്കും...

    ReplyDelete
    Replies
    1. ആജിത് ജി
      വാക്കുകൾക്ക് ഭയങ്കര ഭാരം
      താങ്ങാൻ പറ്റുന്നില്ല :-)

      Delete
  3. ഞാന്‍ വായിക്കാത്രിഉന്ന എല്ലാ കവിതകളും വായിച്ച് തീര്‍ത്തു. വാക്കുകള്‍ ഉള്ളില്‍ കിടന്നു പൊറുതികെടുത്തുന്നതുകൊണ്ട് ഇപ്പോള്‍ ഒന്നും എഴുതാന്‍ വയ്യ.

    അനിലന്‍ നല്ലൊരു കവിയാണ്.... ഈ വരികള്‍ വായിക്കാനാവുന്നതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്...

    ReplyDelete
  4. ഈ ബ്ലോഗ്ഗില്‍ ആദ്യമാണ് ..
    സുന്ദരമായ കവിതകള്‍ ...
    വരികള്‍ ഗംഭീരം...
    ഇനിയും വരാം

    ReplyDelete
  5. കുറുപ്പ് ചേട്ടന്‍റെ ഒരു ദുര്യോഗം ...!

    ReplyDelete
  6. പണ്ടേ പോലെ ഫലിക്കാത്ത ശൗര്യം..!!
    ഒരു കാവ്യ ചിത്രം തന്നെ..!!

    ശുഭാശംസകൾ....

    ReplyDelete
  7. Replies
    1. ശ്രദ്ധിച്ചു.. ആദ്യമായി കാണുകയാണ് വാരിക...
      നന്നായിട്ടുണ്ട് കുറിപ്പുകൾ
      (എന്റെ കവിതയെപറ്റിയുള്ള പരാമർശത്തിലും സന്തോഷം)

      Delete
  8. നായ്ക്കൾ കുരയ്ക്കട്ടെ..സാർത്ഥവാഹകസംഘം എവിടേയ്ക്കു പോകാൻ ? അവരിങ്ങനെ ചുറ്റി പറ്റി നടക്കുക തന്നെ..

    ReplyDelete
  9. അര്‍ത്ഥമുള്ള വരികള്‍
    ഐശ്വര്യംനിറഞ്ഞ വിഷുആശംസകള്‍

    ReplyDelete
    Replies
    1. നന്ദി...
      താങ്കൾക്കും വിഷു ആശംസകൾ
      :-)

      Delete