Saturday, May 2, 2015

ഭാഗ്യവാൻ



വളരെ സ്വസ്ഥനാണ്
ഭാഗ്യവാനും
ഗാസയെപറ്റിയുള്ള ചില വാർത്തകളിൽ
കുഞ്ഞുങ്ങൾ കശാപ്പുചെയ്യപ്പെടുന്നുണ്ട്
ബാഗ്ദാദിലും
ബസ്രയിലും
നിഷ്കളങ്കതയുടെ കഴുത്ത്
ചലച്ചിത്രത്തിലെന്ന മട്ടിൽ
അറത്തുമാറ്റപ്പെടുന്നുണ്ട്
സിറിയയിൽ
മൃത്യുവിന്റെ നാടകം,
തുർക്കികൾക്ക്
കിഴക്കെന്നും പടിഞ്ഞാറെന്നുമുള്ള പേടികൊണ്ട്
പരിഭ്രമിക്കാനേ നേരമുള്ളു
ഈജിപ്തിൽ ചത്വരങ്ങളെ ഇളക്കി മറിക്കുന്ന
മനുഷ്യഭൂകമ്പങ്ങളുണ്ട്
ഒരൊറ്റ ബോംബ് കൊണ്ട്
ആയിരങ്ങളെ
മരണത്തിന്റെ വിശുദ്ധ പാർലമെന്റിലേക്ക്
തെരഞ്ഞെടുക്കുന്ന ജനാധിപത്യവാദികളുണ്ട്
എന്നിട്ടും സ്വസ്ഥനാണ്
ഭാഗ്യവാനും.

എല്ലാം ശ്രദ്ധിക്കും
ചർച്ചയിൽ പങ്കെടുക്കും
പുതിയ വാർത്തകൾ വല്ലതുമുണ്ടോ?
അതറിഞ്ഞിട്ടുവേണം
മരിച്ച അബൂബക്കറെ കാണാൻ പോകാൻ
സുഹൃത്തായിരുന്നു
നല്ലവനായിരുന്നു
ക്യാൻസറായിരുന്നു
മയ്യത്തെടുത്തിട്ട് വേണം
സേവ്യറച്ചായനെ ഒന്നു പോയിക്കാണാൻ
അത്യാസന്ന നിലയിലാണ്
കിടപ്പിലാണ്
കണ്ടിട്ട്  കാലമേറെയായി
ഡയാലിസിസൊന്നും
ഫലിക്കാതെയായി
ഇനി കാണാനൊന്നും ഒത്തെന്നു വരില്ല
ഇന്നലേയും
മിനിഞ്ഞാന്നും
അങ്ങനെ ഓരോരോ തിരക്കിലായിരുന്നു
പള്ളിമുറ്റം
സെമിത്തേരി
ആശുപത്രി
ആംബുലൻസ്
തിരക്കില്ലാത്ത ഒരു ദിവസം പോലും ജീവിതത്തിലില്ല

എങ്കിലും ഭാഗ്യവാനാണ്
കണ്ണടച്ച് കിടന്നാൽ
നേരം വെളുക്കുന്നതറിയില്ല
അലാറം തേങ്ങിയാലും
ഹൃദയം ഞെട്ടിപ്പിടഞ്ഞെഴുന്നേൽക്കില്ല
തലച്ചോറിൽ ഒരു കോഴിയും പുലർച്ചക്കെണീറ്റ്
കൂകി ശല്യമുണ്ടാക്കില്ല.
          സ്വസ്ഥനാണ്
          ഭാഗ്യവാനും.
                  

4 comments:

  1. .കവിതയിലെ നിസ്സംഗസാക്ഷ്യവും,അനുതാപവും മനസിൽ തട്ടുന്നുണ്ട്.വിരക്തി ഇത്രക്ക് സ്വാസ്ഥ്യം തരും എന്നറിയില്ലായിരുന്നു.



    കവിതാസരിത്തിലേക്കുള്ള അനിലൻ മാഷിന്റെ ഗോവണി മൗനത്തിലാണ്ടോ എന്ന് സന്ദേഹപ്പെട്ടു.

    ReplyDelete
  2. അങ്ങനെയൊക്കെയാണ്. നമ്മുടെ പറമ്പിന്റെ അതിരിലേക്ക് വരാത്തിടത്തോളം കാലം സ്വസ്ഥം

    ReplyDelete
  3. ഹൃദ്യമായി എഴുതി

    ReplyDelete
  4. ഭാഗ്യവാൻ തന്നെ. ചിതലരിച്ചു സ്വയം നഷ്ട്ടപ്പെടുന്പോഴും ...

    ReplyDelete