Saturday, August 7, 2010

നാനാർത്ഥങ്ങൾ മാത്രമുള്ള പദങ്ങൾ

ആട്ടക്കാരിപ്പുല്ലിന്റെ
മൂർച്ചകളെ ഒഴിഞ്ഞൊഴിഞ്ഞ്,
എങ്കിലും ചിലന്തിവലപോലെ
തലങ്ങും വിലങ്ങും
മുറിവേറ്റ് നീറിനീറി,
വയനാടൻ കാറ്റിനോടൊപ്പം
കുന്നിറങ്ങുകയായിരുന്നു
ഞങ്ങൾ.

പുല്ലിനിടയിൽക്കിടന്ന്
കാറ്റ് ഇക്കിളിപ്പെടുകയും
പുളയുകയും
ചിരിയ്ക്കുകയും
ചെയ്തു കൊണ്ടിരുന്ന
ഒരു വാടിയ
പശ്ചാത്തലത്തലത്തിലാണ്‌
അവൾ
നിഗൂഢതകളൊന്നുമില്ലാതെ
പറഞ്ഞത്

ഞാൻ
പലരേയാണ്‌ സ്നേഹിക്കുന്നത്,
ആരെല്ലാം
എന്നെ സ്നേഹിക്കുന്നുണ്ടോ
അവരെയെല്ലാം,
സത്യം പറയാമല്ലോ
എന്റെ സ്നേഹം നിനക്കോ
നിന്നെപ്പോലെ
മറ്റൊരാൾക്കോ വേണ്ടി മാത്രം
കരുതിവെയ്ക്കാനുള്ള
പുളിപ്പില്ലാത്ത അപ്പമോ
വാട്ടമേൽക്കാത്ത റോസാപ്പുഷ്പമോ
മരണംവരെ സൂക്ഷിക്കേണ്ട
ഒരേയൊരു പ്രാണനോ
ലംഘിക്കപ്പെടരുതാത്ത
വാഗ്ദാനമോ ഒന്നുമല്ല

വളരെ
സുനിശ്ചിതമായ
ഒരു കാര്യം പറയാം:
നിന്നോടൊപ്പം നിൽക്കുമ്പോൾ
നിന്നെമാത്രം,
നിന്നോടൊപ്പം ശയിക്കുമ്പോഴും
കൈകൾ കോർത്തുപിടിച്ചിങ്ങനെ
കുന്നിറങ്ങുമ്പോഴും
ഞാൻ നിന്നെമാത്രം
സ്നേഹിക്കുന്നു.

എനിയ്ക്കു നിശ്ചയമില്ലാത്ത
മറ്റ് നേരങ്ങളിൽ
നീ ആരെയാണ്‌
സ്നേഹിക്കുന്നതെന്ന്
നിനക്കു മാത്രമല്ലേ അറിയൂ

ആ നേരങ്ങളിൽ
ഞാൻ ആരെയാണ്‌
സ്നേഹിക്കുന്നതെന്നും
ആരോടൊപ്പമാണ്‌ നിമിഷങ്ങളെ
അലിയിച്ചു കൊണ്ടിരിക്കുന്നതെന്നും
നിനക്കുമറിയില്ലല്ലോ

അതുകൊണ്ട്
ഒരു നിശ്ചയമില്ലാത്ത
ഒരു നേരത്ത്
ഒരാൾക്ക്
മറ്റൊരാളെ
സ്നേഹിയ്ക്കുവാനാവില്ലെന്ന്
സന്ധ്യ കണ്ണടച്ചപ്പോൾ
ഞങ്ങൾ കുന്നിറങ്ങി
കൈയ്യിതളുകൾ
വിടർത്തി യാത്ര പറഞ്ഞു.

ഞാൻ
കൈ വീശിക്കാണിച്ചപ്പോൾ
അവളും
കൈവീശിക്കാണിച്ചു.

പിന്നെ
ഒരു നിശ്ചയവുമില്ലാത്ത
സമയത്തിനുള്ളിലേയ്ക്ക്
രണ്ടു പേരും
അപ്രത്യക്ഷമാകുകയും ചെയ്തു,
പുസ്തകം മടക്കി വെയ്ക്കുമ്പോൾ
മുഴുവൻ വാക്കുകളും
അർത്ഥങ്ങളും
പെട്ടെന്നില്ലാതാകുന്നതു പോലെ

8 comments:

  1. ..
    :)
    ചിരി മാത്രമേ ഉള്ളു, ആകെ ഒരു പിടികിട്ടായ്മ, അല്ല അത് ഞാന്‍ മണ്ടനായതോണ്ടാണ് ട്ടൊ..

    ആശംസകള്‍
    ..

    ReplyDelete
  2. ഒരു നിശ്ചയവുമില്ലെങ്കിലും
    എല്ലാം നിശ്ചയിച്ചുറപ്പിച്ച
    ജീവിതത്തിന്റെ അനിശ്ചിതത്വം പോലെ,
    നിന്നെ ഞാന്‍,
    എന്നെ മാത്രം നീ...
    എന്നാലും മനസ്സെ , നിന്നെ മാത്രം
    നീയും ഞാനമറിയുന്നില്ലല്ലൊ,
    നമ്മള്‍ പരസ്പരം ഇത്ര അറിഞ്ഞിട്ടും
    ഒട്ടുമറിയാത്തവരായ പോലെ.

    നന്നായി..:)

    ReplyDelete
  3. കവിത വായിച്ചു താള്‍ മറിക്കുമ്പോള്‍ അര്‍ത്ഥങ്ങള്‍ മുന്‍പില്‍ തെളിയുന്നപോലെ..നല്ല വരികള്‍ക്കു നന്ദി.

    ReplyDelete
  4. ചില പുസ്തകങ്ങള്‍ വാക്കുകള്‍ കൊണ്ട് പൊതിഞ്ഞിരിക്കും. പൊതിയഴിച്ചാല്‍ നഗ്നമേനിയില്‍ ഇക്കിളി പൂണ്ടില്ലാതാവും പുസ്തകം തന്നെ!

    ReplyDelete
  5. നല്ല കവിത. ഇഷ്ടമായി.

    ReplyDelete
  6. വേദനിപ്പിക്കുന്ന പരമാര്ഥങ്ങള്‍

    ReplyDelete