Monday, October 22, 2012

ചില നേരങ്ങളിൽ ആദമിന്റെ സംഭ്രമങ്ങൾ

ചില നേരങ്ങളിൽ
ഹവ്വ
ശലഭമാണ്
ചിലപ്പോൾ
ഭാവിയെപറ്റി ചിലയ്ക്കുന്നഗൗളിയും
മുഖം വിർപ്പിച്ചു കണ്ണുരുട്ടുന്ന
ദുശ്ശകുനം പോലൊരു മൂങ്ങയും

ശരിക്കും
അവളാരെന്നറിയുവാൻ
പ്രാചീനയവനകഥകളിലെ
നാവിക വേഷമണിഞ്ഞ്
അനേക സഞ്ചാരങ്ങൾ
നടത്തിയിട്ടുണ്ട്
ജിജ്ഞാസുവായ ആദം...

ചിതലുകളെപ്പോലെ
അവൾക്കു വേണ്ടി
കാലവുമായി
ചില ഭയങ്കര യുദ്ധങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടയാൾ
എപ്പോഴും തോൽക്കാറുള്ള കഥകളിലെ
കുറുക്കനെപ്പോലെ
ചില ചൂതാട്ടങ്ങളിൽ പങ്കെടുത്ത്
ദേശം തന്നെ പണയപ്പെടുത്തിയിട്ടുമുണ്ട്.
ഫ്രോയ്ഡ്, ലക്കാൻ, ഡെസ്മണ്ട് മോറിസ്,
മാസ്റ്റേഴ്സ് ആൻഡ് ജോൺസൻ
ഓഷോ
ജ്ഞാനപ്പഴം , സർപ്പലതകൾ
മുതലായ
ഭയാനക ദ്വീപുകളിൽ അലഞ്ഞുതിരിഞ്ഞിട്ടുണ്ട്

സ്വന്തം ഭൂഖണ്ഡത്തിലേക്കു മടങ്ങാനുള്ള
കപ്പൽ കാണാതെ
ഭീകരമായ തീരങ്ങളിൽ
തനിച്ചു നിന്നിട്ടുണ്ട്

ഏറ്റവും ഗാഢമതിഗൂഢം
ഒരു മൊണാലിസാ സ്മിതമല്ലാതെ
അവൾ അവളെപറ്റി
ഒന്നും പറഞ്ഞിട്ടില്ലിതേ വരെ.
ഒരു  ചിരിയുടെ ഇരുണ്ട ഗുഹയിൽ
ലിപികളില്ലാത്ത ഭാഷയിൽ
അവൾ
എപ്പോഴുമവൾക്കു തന്നെ
അഭയം കൊടുത്തിരുന്നു
രഹസ്യപ്പോലീസുകാരോ ചാരനോ
പോലുമറിയാതെ

ആദമിനി ഇവിടെ നിൽക്കൂ
ഈ പൂമുഖത്ത്.
ഞാനാരാണെന്ന്
ഞാനൊന്നന്വേഷിച്ചു വരട്ടെയെന്ന്
വിളക്കണച്ചു.
വാതിൽ വലിയ ശബ്ദത്തോടെ വലിച്ചടച്ച്തെരുവിലേക്കിറങ്ങിപ്പോയി.


തെരുവ് അവളെ
അമൂർത്തതയിലേക്ക് മാറ്റിയെഴുതുന്ന നവീന ചിത്രകല
അയാളും കാണുന്നുണ്ടായിരുന്നു
പലതരം ജ്യാമിതീയരൂപങ്ങളിലേക്ക്,
ചായക്കൂട്ടുകളിലേയ്ക്ക്
അയാൾക്കപരിചിതമായ
ദ്രവ്യരൂപങ്ങളിലേക്ക്
മ്യൂസിക് നോട്ടുകളിലേക്ക്
ലിഫ്റ്റിൽ വെച്ച് തീവണ്ടിയിൽ വെച്ച് നഗരത്തിരക്കിൽ വെച്ച്
പാരീസിലേക്കും ബാങ്കോക്കിലേക്കുമുള്ള
ജെറ്റിൽ വെച്ച്,
വന്യമായ ഗന്ധങ്ങൾ മിശ്രണം ചെയ്ത മാതിരി
ഉടലുവിട്ടുടലു മാറുന്നത്.

ഹവ്വ ഇപ്പോൾ
ആരുടെയോ കണ്ണിൽ തറച്ച
സൂചി പോലൊരു നഗരത്തിലാണ്

പൂർവരൂപങ്ങളിലേക്ക്
ഇനിയൊരിക്കലും മടങ്ങിവരില്ലെന്ന്
ധൃതിയിൽ ആകാശത്ത് എഴുതിക്കാണിച്ച് മറയുന്ന
നീല വിസ്മയം

സ്ഥലകാലങ്ങളുടെ
കുറ്റിയിൽ നിന്ന്
സ്വതന്ത്രമായ ആദ്യത്തെ മദോന്മത്ത പ്രപഞ്ചം

ആദം
നിൽക്കയാണിപ്പൊഴും
ഭ്രമണനേർവഴി വിട്ട സംഭ്രമം  വിയർത്ത് 
ദൈവത്തിന്റെ
കുഞ്ഞുകാലടികളുള്ള ഒരു സ്വപ്നത്തിൽ നിന്നു തുടങ്ങിയ

തന്റെ യാത്രകളെത്തന്നെയും മറന്ന്
ഏദനിൽ നിന്നുള്ള വാർത്തകളൊന്നുമറിയാതെ
ഏകാകിയായി...

Saturday, October 20, 2012

പക

കഴിഞ്ഞ
ജന്മത്തിലെ
ഏകാധിപതികളായ
രാജാക്കന്മാരാണ്
വാലൻ പുഴുകളായി*
വീണ്ടും ജനിക്കുന്നത്;
പുസ്തകങ്ങളെ
കാർന്നു കാർന്നു നശിപ്പിക്കുന്നത്

ഇനിയും
തേഞ്ഞുമാഞ്ഞിട്ടില്ലാത്ത
നീണ്ട കൊമ്പുകളും
ശരീരത്തിൽ
ഫറോവമാരുടേതു പോലെ
അതിപ്രാചീനങ്ങളായ
അലങ്കാരമുദ്രകളുമുണ്ട്.

കല്ലേപ്പിളർക്കുന്ന
കല്പനകളിട്ടു  ശീലിച്ച
അവരുടെ നാവിൽ നിന്ന്
രാകി മിനുക്കിയെടുത്ത മൂർച്ചയിലുണ്ട്,
പുസ്തകങ്ങളാണ്
തങ്ങളെ
വെറും പുഴുക്കളാക്കിയതെന്ന
നിശിതമായ പക.

---------------------------------------
*പുസ്തകപ്പുഴു- (book worm)

Sunday, October 14, 2012

കാറ്റും മഴയും കളിച്ച നാടകങ്ങളിൽ ഞങ്ങളും ചില കഥാപാത്രങ്ങളായിരുന്നു

ചെറുപ്പകാലത്ത്
മരക്കൊമ്പത്തിരുന്നു
നോക്കുമ്പോൾ
മഴയെ കൈപിടിച്ച് നടത്തുന്നതുകാണാം
വെളുത്ത താടിയുള്ള മുത്തശ്ശൻ കാറ്റ്
ആകാശത്തിലൂടെ.

മലകൾക്ക് മുകളിലേക്കാണ് കൊണ്ടു പോകുന്നത്
അപ്പുറത്ത് കടലുണ്ടെന്ന്
നമുണ്ടെന്ന്
വിസ്മയ ശലഭ ലോകങ്ങളുണ്ടെന്ന്
ചൂണ്ടിക്കാണിക്കുവാനാവണം

മേഘക്കൊമ്പുകളിൽ നിന്ന്
താഴേയ്ക്ക് ചാടിയാൽ
കൈപിടിക്കാമെന്നൊരേട്ടനായി
രുത്തുള്ള കൈത്തണ്ട നീട്ടി
പിന്നാലെ കൂടും
ചുറുചുറുക്കുള്ള
മലങ്കാറ്റ്

അതു കേട്ട്
വിശ്വസിച്ച്
താഴേയ്ക്ക് ചാടിയാലോ,
തടം തല്ലിവീണുകരയുന്ന മഴയെ നോക്കി
കൈകൊട്ടിച്ചിരിക്കും
ഇലകൾക്കിടയിലിരുന്ന്
കുലുങ്ങിക്കുലുങ്ങി
അശ്രീകരം

ചെറിയ തമ്പേറുമായി വന്ന്
മരങ്ങൾക്കു മീതെ ധിമി ധിമിയെന്ന് മഴയെ
ഉടലാട്ടം പഠിപ്പിക്കുന്ന
ഡാൻസ് മാസ്റ്ററാവും
ചില നേരങ്ങളിൽ 
ലാസ്യഭാവമുള്ള വേറൊരു കാറ്റ്.

ഉടൽ വഴക്കങ്ങളിൽ
അലർമേൽ വല്ലിയെപ്പോലെ
വള്ളിച്ചെടിയാകുമായിരുന്നു
മതിമറന്ന്
ആടിയുലഞ്ഞ്
മഴ

ശവങ്ങൾ തോണിയിറക്കുന്ന
പുഴയുടെ മീതെ
കാറ്റിനോടൊപ്പം
കരഞ്ഞു കരഞ്ഞു തളരുന്നതും
കണ്ടിട്ടുണ്ട്

വിശക്കുമ്പോൾ
മറ്റൊരു വീട്ടിലും
കേറ്റാത്ത മഴ, 
കുഞ്ഞുങ്ങളേയെന്നാർത്ത്
എന്റെ വീട്ടിലേക്കോടിയെത്തും

കണ്ടിട്ടുണ്ട് ഞങ്ങൾ
ഭയപ്പെട്ട്,
ഓലനീക്കി
അടുക്കളയിലേക്ക്
ചാടിയിറങ്ങുന്നത്
അരണ്ടവെട്ടത്ത് കള്ളനെപ്പോലെ
കലത്തിൽ നിന്ന് 
ആർത്തിയോടെ
തണുത്ത കഞ്ഞി
കോരിയൊഴിച്ച് കുടിക്കുന്നത്

പിന്നെ
ഞങ്ങൾ 
കുഞ്ഞുങ്ങൾ
വിശന്ന് കരയുന്നത് ഒരാളും കേട്ടിട്ടുണ്ടാവില്ല.

കാറ്റും മഴയും 
ഒരുമിച്ച് കളിക്കുന്ന നാടകങ്ങളിൽ
ഞങ്ങളും
ചില കഥാപാത്രങ്ങളായിരുന്നുവെന്ന്
അന്ന്
അവർക്കാർക്കും
അറിയില്ലായിരുന്നു...

Wednesday, October 10, 2012

പൂച്ച

ഊണിനു
സമയമായെന്ന്
അതെപ്പോഴും
ഒരലാറമായി
മേശയ്ക്കടിയിൽ പ്രത്യക്ഷപ്പെടും

വല്ലതുമുണ്ടോ അമ്മേയെന്ന്
മുൻ കാല് നീട്ടിപ്പിടിച്ച്
ദയനീയമായ
ഒരിരിപ്പുണ്ടതിന്.
ഹൃദയമലിയിപ്പിക്കുന്ന
നോട്ടവും

വയറു നിറഞ്ഞുകഴിഞ്ഞാൽ
പിന്നെ
അതിനെ
കാണില്ലൊരിടത്തും

അക്കാലത്ത്
പൂച്ച
മകനെപ്പറ്റി
എപ്പോഴും
ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുമായിരുന്നു
അമ്മയെ

ഗോമാതാ


പശു
പുല്ലു തിന്നുന്ന
ഒരു സാധു മൃഗമാണ്

പണ്ട്
മിക്കവീടുകളിലുമുണ്ടായിരുന്നു,
ആയുഷ്ക്കാലം മുഴുവൻ
പെറ്റു പോറ്റിയിരുന്നു,
വീട്ടിലെല്ലാം
നറുപാൽ മണം പരത്തിയിരുന്നു
ചാണകം കൊണ്ട്
തൊടികളെ
തടിച്ചു കൊഴുപ്പിച്ചിരുന്നു.

പുല്ലുതിന്നാനെങ്ങാനും
തൊടിയിലേക്കിറങ്ങിയാൽ
വാഴയും ചേനയും
ചേമ്പും
പടവലവും മത്തനും കയ്പവല്ലിയും
കടപ്പാടുകൊണ്ട്
ശിരസു നമിച്ചിരുന്നു


പേറ് നിന്ന്
കറവ വറ്റി
ആറവുശാലയിലേക്ക്
നടന്നു പോകുമ്പോൾ പോലും
വാൽസല്യത്തോടെ
ഞങ്ങളെ നോക്കി
ചെവിയാട്ടിയിരുന്നു


പാർട്ടി വിട്ട്
ബി ജെ പിയിൽ ചേർന്ന ശ്രീധരേട്ടൻ
വീട്ടിൽ വന്നപ്പോൾ
പശു  അമ്മയാണെന്നു പറയുന്നതു കേട്ട്
വിറ്റുപോയ പശുവിനെ ഓർത്തിട്ടാവണം
അമ്മ കരയുന്നത്
ഞാൻ കണ്ടിട്ടുണ്ട്.

അന്ന്
ഞാൻ
മണ്ടനെന്ന്
എല്ലാവരും വിളിച്ചിരുന്ന
തീരെച്ചെറിയൊരു കുട്ടിയായിരുന്നു

Sunday, October 7, 2012

വിറ

രാവിൽ
നക്ഷത്രങ്ങൾ
മിന്നുകയല്ല
വിറയ്ക്കുകയാണ്,
ഭൂമിയിലേക്ക് നോക്കുമ്പോൾ
പേടിച്ച്...!

Friday, October 5, 2012

നരകപൂർണ്ണത

സ്വർഗത്തിനു
അഴുകിപ്പോകുന്ന ഈ ശരീരം വേണ്ടാ
വിശുദ്ധവും അനശ്വരവുമായ
ആത്മാവിനെ മാത്രം മതി

ഭൂമിയ്ക്ക്
അതിന്റെ ആസക്തികളിൽ

ആഴ്ന്നിറങ്ങുന്ന ശരീരം മാത്രം മതി
ആത്മാവിന്റെ, ആർക്കും കടന്നു പോകാവുന്ന
സുതാര്യത
അതിനു വേണ്ടേ വേണ്ടാ

ശരീരം
കത്തിപ്പടരുകയും
ആ നിമിഷങ്ങളിൽ ആത്മാവ് ചുട്ടു പൊള്ളുകയും
ചെയ്യുന്നത്
നരകത്തിലാണ്.
ശരീരം ആത്മാവിനേയും
ആത്മാവ് ശരീരത്തേയും
ശരിക്കുമറിയുന്ന
വിമോചനമസാദ്ധ്യമായ
സമയ ദേശമാണത്

ഞാനെപ്പോഴുമൊരു നരകമാകുന്നത്
എന്തുകൊണ്ടാണെന്ന്
അവൾക്ക് മാത്രം
ഇപ്പോഴും മനസിലായിട്ടില്ല